ലണ്ടന്‍: വിഎച്ച്എംസിഎസ് കമ്പനിയുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന വെബ്ബ്‌സൈറ്റുകള്‍ക്ക് ബില്ലിംഗ് സഹായം നല്‍കുന്ന കമ്പനിയാണ് വിഎച്ച്എംസിഎസ്. അണ്ടര്‍ഗ്രൗണ്ട് നാസി എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് സംഭവത്തിന് പിന്നില്‍.
വിഎച്ച്എംസിഎസിന്റെ വെബ്ബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലം ഹാക്ക് ചെയ്ത് അഡ്മിന്‍ ഡാറ്റ കളക്ട് ചെയ്യുകയായിരുന്നു. പിന്നീട് കമ്പനിയുടെ അഡ്മിനില്‍ കയറിയ ഇവര്‍ ബില്ലിംഗ് ഡാറ്റ കളക്ട് ചെയ്ത ശേഷം മുഴുവന്‍ ഫയലുകളും ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് വിഎച്ചഎംസിഎസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്ത ശേഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പാസ് വേര്‍ഡും ഈമെയില്‍ വിവരങ്ങളും മാറ്റാന്‍ കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ യുജിനാസി തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചു. പല വെബ്ബ്‌സൈറ്റുകളും വിഎച്ച്എംസിഎസ് ഉപയോഗിക്കുന്നത് അഴിമതിക്ക് വേണ്ടിയാണ്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതിനാലാണ് സൈറ്റ് ഹാക്ക് ചെയ്യുന്നത്. ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.. വീണ്ടും നിരീക്ഷിച്ചുകൊണ്ടേ ഇരിക്കും – വിഎച്ച്എംസിഎസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു.
സൈറ്റിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഇതുവരെ വിഎച്ചഎംസിഎസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ട്വിറ്റര്‍ അക്കൗണ്ടിന്റെ നിയന്ത്രണം തിരികെ ലഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തിന് മാപ്പ് ചോദിക്കുന്നുവെന്നും ഉടന്‍ തന്നെ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് പരിഹാരം കാണുമെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല