കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കുക എന്ന് കേട്ടിട്ടില്ലേ ഏതാണ്ട് ഇതേ അവസ്ഥയുണ്ട് നമ്മുടെ കേരളാ പോലീസിലും, ഇക്കാര്യം നാട്ടുകാര്‍ക്കും കോടതിക്കും നന്നായി അറിയുകയും ചെയ്യാം. പൊലീസിലെ ക്രിമനല്‍വത്കരണത്തിനെതിരേ ഹൈക്കോടതി ഇടയ്ക്കിടെ തിരിയാറുണ്ട്, ചിലപ്പോള്‍ ഉപദേശിക്കും എന്നാല്‍ എത്ര ഉപദേശിച്ചിട്ടും നന്നാവാതെ വന്നപ്പോള്‍ ദേ ഇപ്പോള്‍ കോടതി വടിയെടുത്തിരിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടു വിചാരണ നേരിടുന്നവരുടെ കുറ്റം തെളിയിക്കപ്പെട്ടാല്‍ നോട്ടീസ് പോലും നല്‍കാതെ അവരെ ജോലിയില്‍ നിന്നു പിരിച്ചുവിടാമെന്നാണു കോടതിയുടെ നിര്‍ദേശം. ആദ്യമായല്ല ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വന്ന കേസുകളുടെയെല്ലാം വിചാരണവേളകളില്‍ സമാനമായ പരാമര്‍ശങ്ങള്‍ കോടതികള്‍ മുന്‍പും നടത്തിയിട്ടുണ്ട്. എന്നാല്‍ പുതുതായി നടക്കുന്ന നിയമനങ്ങളില്‍പ്പോലും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കടന്നു കൂടുന്നു എന്നതാണു വസ്തുത.
പൊലീസ് സേനയിലേക്കു തെരഞ്ഞെടുക്കപ്പെട്ട 38 ട്രെയ്നി കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരേ വകുപ്പുതല നടപടി സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് ഇന്നലെ ഹൈക്കോടതി പൊലീസിലെ അച്ചടക്കത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയത്. നിയമനത്തിനു മുന്‍പ് നടക്കുന്ന പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണു ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് അഡ്വൈസ് ലഭിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ പൊലീസ് ഇന്‍റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കുന്നു. എന്തായാലും വേലി തന്നെ വിളവ് തിന്നുന്നത് അത്ര നല്ല കാര്യം അല്ലാത്തതിനാല്‍ കോടതി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.
സ്വഭാവശുദ്ധിയിലും ബുദ്ധിശക്തിയിലും രാജ്യത്തു തന്നെ മുന്‍നിരയിലായിലായിരുന്നു ഒരു കാലത്തു കേരള പൊലീസ്. കുറ്റാന്വേഷണത്തില്‍ മാത്രമല്ല, ജനസേവനത്തിലും ദുരന്ത നിവാരണത്തിലുമെല്ലാം മികവു പുലര്‍ത്തിയ പാരമ്പര്യമാണു നമ്മുടെ പൊലീസിന് ഉണ്ടായിരുന്നത്. സേനയിലെ ബഹുഭൂരിപക്ഷവും ഇന്നും അക്കൂട്ടത്തില്‍പ്പെടുന്നവരാണ്. എന്നാല്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അഴിമതിയും കുറ്റവാസനയും വളരുകയാണ് പൊലീസില്‍ എന്നതിന് സമീപ കാലത്ത് നിരവധി അനവധി ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താനാകും. സേനയിലെ എണ്ണൂറില്‍പ്പരം പൊലീസുകാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ഏകദേശ കണക്ക്. പലപ്പോഴായി 587 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നു എന്നു നിയമസഭയില്‍ത്തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
മണല്‍, മദ്യം, വനവിഭവങ്ങള്‍ എന്നിവയുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ട്. ഗൂണ്ടാ-ക്വട്ടേഷന്‍ സംഘങ്ങളുമായി അവര്‍ക്കുള്ള ബന്ധവും എത്രയോ തവണ പുറത്തു വന്നിരിക്കുന്നു. മലപ്പുറം വിഷമദ്യക്കേസ്, മലബാര്‍ സിമന്‍റ്സ് അഴിമതി, കൊല്ലത്തു മാധ്യമ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവം, പാലക്കാട് ഷീല വധക്കേസ് പ്രതി സമ്പത്തിന്‍റെ കസ്റ്റഡി മരണം, ഈ കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ തുടങ്ങി എത്രയെത്ര കേസുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാണ്. മികച്ച സേവനം പൂര്‍ത്തിയാക്കിയ ഡിവൈഎസ്പി റാങ്കിലുള്ള പതിനഞ്ചു പേര്‍ക്ക് ഐപിഎസ് റാങ്കിനു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ശുപാര്‍ശ സമര്‍പ്പിച്ചു. എന്നാല്‍ ഇവരില്‍ പതിനൊന്നു പേരുടെയും സര്‍വീസ് പശ്ചാത്തലം മോശമാണെന്ന കാരണത്താല്‍ ഉന്നത നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.
ഏറ്റവുമൊടുവില്‍, നാടിനെ നടുക്കിയ ഇ മെയ്ല്‍ ചോര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും ഒരു പൊലീസ് ഓഫിസറാണെന്ന കണ്ടെത്തല്‍ സംസ്ഥാന രാഷ്ട്രീയത്തെത്തന്നെ ഇളക്കിമറിച്ചു. വിവിധ മതസ്ഥര്‍ ഏകോദര സഹോദരങ്ങളായി കഴിയുന്ന കേരളത്തില്‍ വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്നതിനും ജനങ്ങളുടെ സ്വൈരജീവിതം അട്ടിമറിക്കുന്നതിനും ഇടയാക്കുമായിരുന്ന വലിയ നീക്കത്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ചുക്കാന്‍ പിടിച്ചു എന്നത് ആരെയാണു ഞെട്ടിക്കാത്തത്? തീവ്രവാദികളും രാജ്യാന്തര കുറ്റവാളികളുമായി ബന്ധമുള്ളവരും വരെ പൊലീസില്‍ ഉണ്ടെന്നു പല കേസുകളുടെയും അന്വേഷണങ്ങളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ്.
എന്നാല്‍ ആരുടെയെങ്കിലുമൊക്കെ സംരക്ഷണയില്‍ ഇവരെല്ലാം രക്ഷപെട്ടുപോവുകയാണു പതിവ്. പുതുതായി സര്‍വീസില്‍ ചേരാനെത്തുന്നവരും ദീര്‍ഘകാലമായി സര്‍വീസില്‍ തുടരുന്നവരും കുറ്റവാളികളുടെ പട്ടികയില്‍ ഉണ്ടാകുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇവര്‍ക്കെല്ലാം വലിയ തോതില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തല സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. സാധാരണ കേസുകളില്‍ കുറ്റവാളികള്‍ക്കു സംരക്ഷണം നല്‍കുന്നവര്‍ നിയമനടപടികള്‍ക്കു വിധേയരാകാറുണ്ട്. എന്നാല്‍ പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുന്നത് ഒരുതരം സ്റ്റാറ്റസ് സിംബലായിപ്പോലും കരുതുന്നവരാണ് അധികാരത്തിന്‍റെ ഉന്നതങ്ങളില്‍ വിരാജിക്കുന്നവരില്‍ ചിലരെങ്കിലും.
അവര്‍ക്കു കൂടിയുള്ള മുന്നറിയിപ്പായി വേണം ഇന്നലെയുണ്ടായ കോടതി വിധിയെ കാണാന്‍. സുതാര്യവും സത്യസന്ധവും കാര്യക്ഷമവും പവിത്രവുമായിരിക്കണം പൊലീസ് സേന. യാതൊരു വിവേചനവുമില്ലാതെ, നിയമപാലനം ഉറപ്പു വരുത്തേണ്ടവര്‍, സ്വയം ക്രിമിനലുകളാകുന്നതു വേലിതന്നെ വിളവു തിന്നുന്നതിനു തുല്യമാണ്. ജനങ്ങളുടെ സംരക്ഷകര്‍, നാടിന്‍റെ കാവല്‍ക്കാര്‍, എന്നൊക്കെ മതിക്കപ്പെടേണ്ടവരെ യൂനിഫോം അണിഞ്ഞ ക്രിമിനലുകളായി കാണാന്‍ ഇടവരരുത്. എല്ലാ തലത്തിലും കര്‍ശനമായ പരിശോധനകള്‍ നടപ്പിലാക്കിത്തന്നെ വേണം കാക്കിയണിയാന്‍ യോഗ്യത തികഞ്ഞവരെ കണ്ടെത്തേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല