ജോണ്‍ മേരിയെന്ന പേര് കേള്‍ക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് എന്താകും തോന്നുക. ജോണ്‍ മേരിയെന്ന പേര് കേട്ടിട്ട് ഒന്നും തോന്നിയില്ലെങ്കില്‍ കാമറൂണിനോട് ലോറ അഡ്ഷെഡ് എന്ന പേരിനെക്കുറിച്ച് ചോദിച്ച് നോക്കിയാലോ..? ഇങ്ങനെ പറഞ്ഞ് കാടുകയറുന്നതിലും നല്ലത് കാര്യം പറയുന്നതാണെന്ന് നന്നായിട്ടറിയാം. എന്നാല്‍ കാര്യമങ്ങ് പറയാം. ഡേവിഡ് കാമറൂണിന് ഒരു കാമുകിയുണ്ടായിരുന്നു. പേര് ലോറ അഡ്ഷെഡ്. ഈ ലോറയുടെ ഇപ്പോഴത്തെ പേര് ജോണ്‍ മേരി. ബെനഡിക്ട്യന് കന്യാസ്ത്രീ സമൂഹത്തിലെ ഒരംഗമാണ് കാമറൂണിന്റെ മുന്കാമുകിയിപ്പോള്.
തൊണ്ണൂറുകളിലാണ് സംഭവം നടന്നത്. ലോറയും ഡേവിഡ് കാമറൂണും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികള്‍. 1990 മുതല്‍ 1991 വരെ ലോറ ഡേവിഡ് കാമറൂണുമായി ഡേറ്റിംങ്ങിലായിരുന്നു. കടുത്ത പ്രേമമെന്ന് തന്നെ പറയാം. എന്തായാലും ഡേറ്റിംങ്ങ് കഴിഞ്ഞ് ലോറ നേരെ പോയത് പ്രധാനമന്ത്രി ജോണ്‍ മേജറിന്റെ കറസ്പോന്ഡന്സായിട്ടാണ്. അങ്ങനെ കുറച്ചുകാലം ഡേവിഡുമായുള്ള ബന്ധത്തില്‍ ചെറിയൊരു അകലമുണ്ടായി. യുവത്വത്തിന്റെ എല്ലാ ആഘോഷങ്ങളുമായി നടന്ന ഇരുവരും വിവാഹം കഴിക്കണമെന്നുവരെ വിചാരിച്ചിരുന്നതാണ്.
ഡേവിഡ് കാമറൂണ്‍ പഠനത്തിനുശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ലോറ ഫിലാഡല്ഫിയായില് ഉപരിപഠനത്തിനു ചേരുകയും ചെയ്തു. പിന്നീട് ലോറ പതുക്കെ കന്യാസ്ത്രീ ജീവിതത്തിനോട് താല്പര്യം തോന്നുകയും ബെനഡിക്ട്യന് സന്യാസി സമൂഹത്തില്‍ ചേരുകയും ചെയ്തു. “എന്നെങ്കിലും ഒരിക്കല്‍ ഒരാളെ കാണും. പ്രണയിക്കും. വിവാഹം കഴിക്കും എന്നിങ്ങനെയാണ് കരുതിയിരുന്നത്. എന്നാല്‍ ഒരിക്കലും കന്യാസ്ത്രീ ആകുമെന്ന് കരുതിയിരുന്നില്ല”- ലോറ അല്ല ജോണ്‍ മേരി പറഞ്ഞു.
നന്നായി മദ്യപിക്കുകയും ജീവിതം ആഘോഷിക്കുകയും ചെയ്തിരുന്ന ലോറ പിന്നീട് മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തുകയും സന്യാസജീവിതം തിരഞ്ഞെടുക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല