പ്രേതങ്ങള്‍ ഇടിഞ്ഞു പൊളിഞ്ഞ ആള്‍പ്പര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ ആണ് ഉണ്ടാകുക എന്നാണ് പൊതുവേ പറയപ്പെടുന്നത്, എന്നാല്‍ പുതിയ കാലത്ത് പ്രേതങ്ങള്‍ ഇ-മെയിലുകളും അയക്കാന്‍ തുടങ്ങിയത്രേ! യുഎസിലെ പെന്‍സില്‍വാനിയയിലെ ഡണ്‍മോറിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ ജാക്ക് ഫ്രോസെയുടെ അപ്രതീക്ഷിത മരണം കൂട്ടുകാര്‍ക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു. എന്നാല്‍, ജാക്കിന്റെ മരണശേഷം ആറ് മാസത്തോളം കഴിഞ്ഞ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് ലഭിച്ച ഇ-മെയില്‍ അവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു!
ജാക്കിന്റെ അടുത്ത സുഹൃത്തുക്കളായ ടിം ഹാര്‍ട്ടിനും ജിമ്മി മക്‌ഗ്രോയ്‌ക്കുമാണ് ഇത്തരത്തിലുളള സന്ദേശം ലഭിച്ചത്. ജാക്ക് 2011 ജൂണിലാണ് മരിച്ചത്. മരണം സംഭവിച്ച് ആറ് മാസത്തോളം കഴിഞ്ഞ് നവംബറിലാണ് കൂട്ടുകാര്‍ക്ക് ഇ-മെയില്‍ ലഭിച്ചത്. സുഹൃത്തുക്കളുമായി അവസാന കാലത്ത് സംസാരിച്ചതിന്റെ തുടര്‍ച്ചയാണ് മെയിലിലെ പ്രതിപാദ്യം എന്നതാണ് ഏറ്റവും കൂടുതല്‍ അത്ഭുതം പകരുന്നത്!
‘ഞാന്‍ നിരീക്ഷിക്കുകയാണ്’ എന്ന ശീര്‍ഷകത്തിലാണ് ഹാര്‍ട്ടിനുളള മെയില്‍. ‘ഞാന്‍ നിന്റെ വീട്ടിലുണ്ട്. മുകള്‍ നിലയിലെ നിന്റെ മുറി വൃത്തിയാക്കൂ’, എന്നാണ് മെയിലിലെ ഉളളടക്കം. ജാക്ക് മരിക്കുന്നതിനു മുമ്പ് മുറി കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നതിനെ കുറിച്ച് തന്നെ കളിയാക്കിയിരുന്നു എന്ന് ഹാര്‍ട്ട് വെളിപ്പെടുത്തുന്നു. അതേസമയം, ജിമ്മിക്ക് ലഭിച്ച മെയിലില്‍ അയാളുടെ കണങ്കാലിന് പരുക്കു പറ്റും എന്ന മുന്നറിയിപ്പാണുളളത്.
എന്തായാലും മെയില്‍ വായിച്ച് താന്‍ പ്രേതത്തെ പോലെ വിളറിപ്പോയി എന്നാണ് ഹാര്‍ട്ട് പറയുന്നത്. തനിക്ക് ലഭിച്ച മെയിലിന് മറുപടി അയച്ച് നോക്കിയെങ്കിലും പ്രതികരണം ഒന്നും ലഭിച്ചില്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം, മരിച്ച ആള്‍ എങ്ങനെ മെയില്‍ അയച്ചു എന്നത് ഇപ്പോള്‍ എല്ലാവരെയും കുഴക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല