പ്രശസ്ത ബോളിവുഡ് നടന്‍ ദേവാനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കാണു ലണ്ടനിലെത്തിയത്. അതിനിടെയാണു ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തതെന്നു ദേശീയവാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
1923 സെപ്റ്റംബര്‍ 26നു പഞ്ചാബിലായിരുന്നു ദേവാനന്ദിന്‍റെ ജനനം. കുട്ടിയായിരിക്കുമ്പോള്‍ തന്നെ കലാ സാംസ്കാരിക രംഗത്തു സജീവമായിരുന്നു. കോളെജ് വിദ്യാഭ്യാസ കാലത്തു നിരവധി നാടകങ്ങളിലും അഭിനയിച്ചു. ഇതിന്‍റെ ചുവടുപിടിച്ചുകൊണ്ടായിരുന്നു അഭ്രപാളിയിലേക്കുളള അരങ്ങേറ്റം.
1946 ല്‍ “ഹം ഏക് ഹെ’ എന്ന ചിത്രത്തിലൂടെയാണു ദേവാനന്ദ് ആദ്യമായി സിനിമാ ലോകത്തെത്തുന്നത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1948ല്‍ പുറത്തിറങ്ങിയ വിദ്യാ, ജീത്ത് എന്നീ ചിത്രങ്ങള്‍ ബോക്സ്ഓഫിസില്‍ വന്‍ഹിറ്റുകളായി. 1951ല്‍ പുറത്തിറങ്ങിയ സനം എന്ന ചിത്രവും അതുവരെയുളള ബോക്സ്ഓഫിസ് ചിത്രങ്ങളെ തകര്‍ക്കുന്നതായിരുന്നു.
അശോക് കുമാര്‍ എന്ന ബോളിവുഡ് സംവിധായകനുമായുളള കൂട്ടുകെട്ടാണു ദേവാനന്ദ് എന്ന നടനെ വളര്‍ത്തിയത്. 1951ലെ ബാസി എന്ന ചിത്രം അദ്ദേഹത്തിന്‍റെ കരിയറില്‍ സുപ്രധാന വഴിത്തിരിവായി. അതിനുശേഷമാണു 1960കളോടെ ബോളിവുഡിന്‍റെ നിത്യഹരിത നായകന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
ജുവല്‍ തീഫ്, സിഐഡി, ജോണി മേരാ നാം, അമിര്‍ ഗരീബ്, വോറന്‍റ്, ഹരേ റാം ഹരേ കൃഷ്ണ, ദേസ് പര്‍ദേസ്, ഗെയ്ഡ്, കാലാപാനി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റുകള്‍ ദേവാനന്ദ് ബോളിവുഡിനു സമ്മാനിച്ചു.
ഇന്ത്യന്‍ സിനിമയ്ക്കു ദേവാനന്ദ് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ടു 2002ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നല്‍കി ആദരിച്ചു. 2001ല്‍ പത്മഭൂഷനും നല്‍കി. മികച്ച നടനുളള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നിരവധി തവണ തേടിയെത്തിയിട്ടുണ്ട്. 1955, 58, 66, 91 വര്‍ഷങ്ങളിലെല്ലാം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
2007ല്‍ അദ്ദേഹത്തിന്‍റെ ആത്മകഥ പുറത്തിറങ്ങി. “റൊമാന്‍സ് സിങ് വിത്ത് ലൗ’ എന്ന പേരിലുളള ആത്മകഥ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണു പ്രകാശനം ചെയ്തത്. ദേവാനന്ദിന്‍റെ 1961ല്‍ പുറത്തിറങ്ങിയ ഹം ദേനോ ഏക് എന്ന ചിത്രം 2011ല്‍ വീണ്ടും കളര്‍ സിനിമയായി തിരശീലയ്ക്കു മുന്നിലെത്തി. 35ഓളം സിനിമകളും നിര്‍മിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല