1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2023

സ്വന്തം ലേഖകൻ: വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരോട് ഇടപെടുന്ന രീതി ആവർത്തിച്ചുറപ്പിച്ചും മറ്റു ഉത്തരവാദിത്തങ്ങളും ഉൾപ്പെടുത്തി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തിങ്കളാഴ്ച (ഏപ്രിൽ 10) വിമാനക്കമ്പനികൾക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ രണ്ട് ജീവനക്കാരെ ഒരു യാത്രക്കാരൻ മർദ്ദിച്ചുവെന്നാരാപിച്ച് ഡൽഹിയിൽ തിരിച്ചിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർദേശങ്ങൾ നൽകിയത്.

വിമാനത്തിൽ യാത്രക്കാർ മോശമായി പെരുമാറുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ നിർദേശങ്ങൾ വരുന്നത്. ഇത്തരം സംഭവങ്ങൾ സുരക്ഷാവീഴ്ചയ്ക്ക് കാരണമായേക്കാമെന്ന് റെഗുലേറ്റർ കരുതുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, വിമാനത്തിൽ, മദ്യപിച്ച് അപമര്യാദയായി പെരുമാറിയ പല കേസുകൾ ഉണ്ടായിട്ടുണ്ട്. വിമാനം പറന്നുയർന്ന (മിഡ് എയർ) ശേഷം യാത്രക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ, ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നേരെയുള്ള ശാരീരിക ആക്രമണം, വിമാനത്തിൽ പുകവലി തുടങ്ങിയ സംഭവങ്ങൾക്ക് പുറമേയാണിത്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതെയും വസ്തുതകൾ മറച്ചുവെയ്ക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയ വിമാനക്കമ്പനികൾക്കും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പിഴയും ചുമത്തിയിരുന്നു. എയർലൈനുകൾക്ക് നൽകിയ സന്ദേശമിങ്ങനെ: മാനദണ്ഡങ്ങൾ പാലിക്കുക, ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുക.

അടുത്ത കാലത്തായി, വിമാനങ്ങളിൽ പുകവലിക്കുന്ന സംഭവങ്ങൾ, മദ്യപിച്ചശേഷം അപമര്യദയായി പെരുമാറുക, യാത്രക്കാർ തമ്മിലുള്ള വാക്കേറ്റം, അനുചിതമായി സ്പർശിക്കുകയോ ലൈംഗികമായി ഉപദ്രവിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ എന്നിങ്ങനെയുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിസിഎ പറഞ്ഞു. എന്നാൽ ഇത്തരം സംഭവങ്ങളിൽ, പോസ്‌റ്റ് ഹോൾഡർമാർ, പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നിവർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു.

എയർലൈനുകൾ അവയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പൈലറ്റുമാരും ക്യാബിൻ ക്രൂവും ഉൾപ്പെടെയുള്ളവർക്കുള്ള ഉത്തരവാദിത്തങ്ങൾ 1937ലെ എയർക്രാഫ്റ്റ് റൂൾസ്,ഡിജിസിഎ റെഗുലേഷൻസ്, ഡിജിസിഎ അംഗീകരിച്ചതോ ആയ അനുവദിച്ചിട്ടുള്ളതോ ആയ എയർലൈനുകളുടെ സർക്കുലറുകൾ, മാനുവലുകൾ എന്നിവയുടെ വിവിധ വ്യവസ്ഥകൾ എന്നിവയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് പാലിക്കേണ്ടതാണെന്നും റെഗുലേറ്റർ പറഞ്ഞു.

അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൈലറ്റുമാർ, ക്യാബിൻ ക്രൂ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ ബോധവത്കരിക്കാൻ എല്ലാ എയർലൈനുകളുടെയും ഓപ്പറേഷൻ മേധാവികളോട് ഡിജിസിഎ നിർദേശിച്ചു.

“ഫലപ്രദമായ നിരീക്ഷണം, വിമാനത്തിനുള്ളിൽ ചിട്ടയും അച്ചടക്കവും നിലനിർത്തുക, അങ്ങനെ വിമാന പ്രവർത്തനങ്ങളുടെ സുരക്ഷ ഒരു തരത്തിലും അപകടത്തിലാകാതിരിക്കാൻ” ഉള്ള മുൻകരുതലുകളെ കുറിച്ചും വ്യക്തമാക്കി. പരിശീലന പരിപാടികൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയാണ് ഇത് നടപ്പാക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.