ആണ്‍കുട്ടിക്കു വേണ്ടിയുള്ള അവകാശവാദത്തില്‍ “അനാഥയായ’ പെണ്‍കുഞ്ഞിനു ഡിഎന്‍എ ടെസ്റ്റിലൂടെ മാതാപിതാക്കളെ തിരിച്ചുകിട്ടി. ജോധ്പുര്‍ ആശുപത്രിയില്‍ ദിവസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെയാണ് ഇന്നലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ മാതപിതാക്കളായ ചെയ്ന്‍ സിങ്ങിനും പൂനം കന്‍വാറിനും കൈമാറിയത്. ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടിയാണു ഡിഎന്‍എ ടെസ്റ്റിന് ആവശ്യപ്പെട്ടതെന്നു മാതാപിതാക്കള്‍.
കഴിഞ്ഞ 25ന് ആശുപത്രി അധികൃതര്‍ക്കു പറ്റിയ പിഴവിലാണു നാടകീയ സംഭവങ്ങള്‍ക്കു തുടക്കം. പൂനം കന്‍വാറിനു ജനിച്ചത് ആണ്‍കുട്ടിയെന്നു പറഞ്ഞു കുട്ടിയെ അമ്മയ്ക്കൊപ്പം കിടത്തിയ നഴ്സ് കുറച്ചു സമയത്തിനുശേഷം ശിശുവിനെ എടുത്തുകൊണ്ടുപോയി പെണ്‍കുഞ്ഞിനെ നല്‍കിയതാണ് അവകാശത്തര്‍ക്കത്തിനും ഡിഎന്‍എ ടെസ്റ്റിനും വഴിയൊരുക്കിയത്.
പൂനത്തിനൊപ്പം പ്രസവിച്ച രശ്മി ദേവിക്കാണ് ആണ്‍കുട്ടി പിറന്നതെന്നും തെറ്റുപറ്റിയെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച പൂനവും ഭര്‍ത്താവ് ചെയ്ന്‍ സിങ്ങും പെണ്‍കുഞ്ഞിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ആണ്‍കുട്ടിയുമായി രശ്മിയും ഭര്‍ത്താവ് സാഗര്‍ റാമും ആശുപത്രി വിട്ടു. പെണ്‍കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ പോലും ആരുമില്ലാതായി.
ഒടുവില്‍ മാനുഷിക പരിഗണന വച്ചു താന്‍ മുലപ്പാല്‍ കൊടുക്കാമെന്നു പൂനം പറഞ്ഞെങ്കിലും ഡിഎന്‍എ പരിശോധന വരെ കാത്തിരിക്കാന്‍ തീരുമാനിച്ച ആശുപത്രി അധികൃതര്‍ കുഞ്ഞിനെ നഴ്സുമാരുടെ പരിചരണത്തിലേക്കു മാറ്റി. കഴിഞ്ഞ രണ്ടിന് കോടതി നിര്‍ദേശ പ്രകാരം പൂനം മുലപ്പാല്‍ കൊടുക്കും വരെ ഭൂമിയിലെ തന്‍റെ ആദ്യ അവകാശവും നഷ്ടമായി കുട്ടിക്ക്. നാല്‍പ്പതു ദിവസം വരെ നീളുന്ന ഡിഎന്‍എ പരിശോധന നേരത്തേ പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടതോടെയാണു രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല