സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായി.
ഇന്നു മുതല്‍രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അര മണിക്കൂറും വൈകുന്നേരം ആറിനും രാത്രി 10നും ഇടയില്‍ അര മണിക്കൂറും ലോഡ്‌ഷെഡിങ്ങാണ് ഉദ്ദേശിക്കുന്നത്. വ്യവസായ മേഖലയില്‍ 30 ശതമാനം നിയന്ത്രണമാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്തതെങ്കിലും 25 ശതമാനം മതിയെന്നാണ് ഉന്നതതല യോഗത്തിലെ ധാരണ
.
ഇതിനിടെ നിലവിലെ നിരക്കിലുളള വീടുകളിലെ വൈദ്യുതി ഉപഭോഗം 200 യൂണിറ്റായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചു . വ്യവസായങ്ങള്‍ക്ക് നിലവിലെ വിലക്ക് നല്‍കാനാകുന്നത് 75 ശതമാനം വൈദ്യുതി മാത്രം അല്ലെങ്കില്‍ 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ബോര്‍ഡ്, റഗുലേറ്ററി കമ്മീഷനു മുന്നില്‍ വെച്ചിട്ടുണ്ട് . അല്ലാത്തപക്ഷം വിപണി വില വേണമെന്നാണ് ബോര്‍ഡിന്റെ നിലപാട് .
സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനാണ് ബോര്‍ഡ് വൈദ്യുതി നിയന്ത്രണത്തിന് ആവശ്യപ്പെടുന്നത്. ചാര്‍ജ് വര്‍ധന ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വൈദ്യുതിയുടെ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് മാത്രമല്ല, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15% ഉപഭോഗം കൂടിയതായും വൈദ്യുതി ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, മാസം 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 10 രൂപ നല്‍കണമെന്ന ബോര്‍ഡിന്റെ നിര്‍ദേശം യോഗം അംഗീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ അരമണിക്കൂര്‍ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം മാസങ്ങളായി ചെയര്‍മാനില്ലാത്തതുകാരണം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ബോര്‍ഡിന് പുതിയ ചെയര്‍മാനെയും മന്ത്രിസഭ തീരുമാനിച്ചേക്കും.
വൈദ്യുതി വകുപ്പിന്‍റെ ആസൂത്രണത്തില്‍ വന്ന പിഴവാണ് ഒരു മണിക്കൂര്‍ വൈദ്യുത നിയന്ത്രണഏര്‍പ്പെടുത്തേണ്ട സ്ഥിതിയില്‍ എത്തിച്ചതെന്ന് മുന്‍വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ കുറ്റപ്പെടുത്തി. ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ മുറിച്ചുകടന്നിട്ടുണ്ടെന്നും എ.കെ.ബാലന്‍ കൂട്ടിച്ചേര്‍ത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല