ഇന്ന് രാവിലെ അന്തരിച്ച സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹം നാളെ രാവിലെ 11 മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്കരിക്കും. സംസ്കാരം തൃശൂരില്‍ നടത്തണമെന്ന് സുഹൃത്തുക്കളും കണ്ണൂരില്‍ വേണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി ഇരുകൂട്ടരുമായും നടത്തിയ ചര്‍ച്ചയിലാണ് സംസ്കാരം കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത്. തൃശൂരില്‍ അഴീക്കോടിന് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തൃശൂരിലെ ജനങ്ങളുമായി പിന്നീട് ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തൃശൂരിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം രണ്ട് മണിയോടെ കണ്ണൂരിലേക്ക് കൊണ്ടുപോയി.
അഴീക്കോട് ചിറക്കല്‍ രാജാസ്കൂളില്‍ അദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗലാപുരം സെന്‍റ് അലോഷ്യസ് കോളെജ്, കോഴിക്കോട് സെന്‍റ് ജോസഫ് കോളെജ് എന്നിവിടങ്ങളില്‍ ലക്ചറര്‍. മൂത്തകുന്നം എസ്എന്‍എം ട്രെയ്നിങ് കോളെജില്‍ പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാളവിഭാഗം മേധാവി, പ്രൊ വൈസ് ചാന്‍സലര്‍, ആക്റ്റിങ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുറച്ചു കാലം വര്‍ത്തമാനം ദിനപത്രത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂത്തൂരിനടുത്ത് ഇരവി മംഗലത്ത് താമസിച്ചു വരികയാണ്. അവിവാഹിതനാണ്.
അദ്ദേഹത്തിന്‍റെ തത്ത്വമസി എന്ന കൃതിക്കു കേന്ദ്ര-കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ തര്‍ജിമ ചെയ്യപ്പെട്ടവ ഉള്‍പ്പെടെ മുപ്പത്തഞ്ചിലേറെ കൃതികള്‍ രചിച്ചു. മലയാള സാഹിത്യ വിമര്‍ശനം, അഴീക്കോടിന്‍റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, മഹാത്മാവിന്‍റെ മാര്‍ഗം, രമണനും മലയാള കവിതയും, അഴീക്കോടിന്‍റെ ആത്മകഥ, ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, ഭാരതീയത, ആശാന്‍റെ സീതാകാവ്യം, പുരോഗമനസാഹിത്യവും മറ്റും, വായനയുടെ സ്വര്‍ഗത്തില്‍, മലയാള സാഹിത്യ പഠനങ്ങള്‍, തത്വവും മനുഷ്യനും, അഴീക്കോടിന്‍റെ ഫലിതങ്ങള്‍, ഗുരുവിന്‍റെ ദുഖം, മഹാകവി ഉള്ളൂര്‍ എന്നിവ പ്രധാന കൃതികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല