ഇന്തോനേഷ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്കെയില്‍ 8.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ചലനം അനുഭവപ്പെട്ടു. 28 രാജ്യങ്ങളിലും കേരളത്തിലെ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്തോനേഷ്യയിലെ വന്‍ ഭൂകമ്പത്തില്‍ കേരളവും വിറച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് നേരിയ ഭൂചലനമനുഭവപ്പെട്ടത്. എറണാകുളം, കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ അഞ്ചുസെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്.
ആളുകള്‍ ഓഫീസുകളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഓടിയിറങ്ങി. പനമ്പള്ളി നഗര്‍, കലൂര്‍ എന്നീ ഭാഗങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. കോട്ടയത്ത് ഒരു മിനിറ്റലധികം സമയം ഇടവിട്ട് ഭൂചലനം അനുഭവപ്പെട്ടു.വടക്കന്‍ സുമാത്രയിലുണ്ടായ വന്‍ ഭൂചലനത്തിന്റെ തുടര്‍ച്ചയായാണ് കേരളത്തിലും ചലനം അനുഭവപ്പെട്ടതെന്ന് വിദഗ്ധര്‍ അറിയിച്ചു.
ചെന്നൈയിലും ആസാമിലെ ഗോഹട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. ചെന്നൈയില്‍ പത്തുസെക്കന്‍ഡ് സമയം നീണ്ടുനിന്ന ചലനമാണ് അനുഭവപ്പെട്ടത്. ഐടി നഗരമായ ബാംഗ്ലൂരിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
സംസ്ഥാനത്ത് എന്തെങ്കിലും നാശനഷ്ടമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. സിംഗപ്പൂര്‍, തായ്ലാന്ഡ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല