1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2011

പനി പിടിച്ച്‌ വിറയ്‌ക്കുന്ന കേരളത്തിന്‌ ആവശ്യം പ്രഖ്യാപനങ്ങളാണെങ്കില്‍ അതിന്‌ യാതൊരു പഞ്ഞവുമില്ലെന്നതിനു പ്രത്യേക തെളിവൊന്നും വേണ്ട. വി എസ്‌ സര്‍ക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്ന പി കെ ശ്രീമതി ടീച്ചര്‍ എത്രയോ ഭേദമായിരുന്നുവെന്ന്‌ മനസിലാക്കണമെങ്കില്‍ അടൂര്‍ പ്രകാശ്‌ എന്ന ആരോഗ്യ മന്ത്രി എത്ര മോശമാണെന്ന്‌ മനസിലാക്കണം. താരതമ്യത്തിലെന്തു കാര്യം എന്നു ചോദിക്കരുത്‌. കാര്യമുണ്ട്‌. പകര്‍ച്ചപ്പനി മൂലം ദിനംപ്രതി മരണത്തിനും പ്രഖ്യാപനങ്ങള്‍ക്കും മാത്രം ഒരു കുറവുമില്ല എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി.

മാരിയമ്മയുടെ വിളയാട്ടമാണ്‌ വസൂരിയായി മനുഷ്യനു മേല്‍ പതിക്കുന്നതെന്നൊരു വിശ്വാസമുണ്ടായിരുന്നു,പണ്ട്‌. അതുപോലെ മന്ത്രി വിളയാടിയിട്ടാണ്‌ എലിപ്പനിയും കോളറയും മഞ്ഞപ്പിത്തവും പടരുന്നതെന്ന്‌ ആരും വിചാരിക്കുന്നില്ല. പക്ഷേ, ശ്രീമതി ടീച്ചര്‍ ഓടിയെത്തുമായിരുന്നു ആശുപത്രികളില്‍ ഈ മന്ത്രിയുടെ ഓട്ടം ചാനല്‍ സ്‌റ്റുഡിയോയിലേക്കാണ്‌. അവിടിരുന്നു വാചകമടിക്കുന്ന ഒമ്പതുമണിക്കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസങ്ങളിലെ വിരുന്ന്‌. ഇതൊന്നും പോരാഞ്ഞിട്ട്‌ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ധനമന്ത്രിയുമൊക്കെ ഡല്‍ഹിക്കു പോകാന്‍ ഒരുങ്ങിയപ്പോള്‍ പ്രകാശനും കുപ്പായമെടുത്തിട്ടെന്നാണ്‌ തലസ്ഥാനത്തെ കഥ. ഞാനും വരുന്നൂ എന്ന്‌ അഛനോടോ ചേട്ടനോടോ ചിണുങ്ങുന്ന കുട്ടിയെപ്പോലെ പ്രകാശന്‍ മന്ത്രി ഒരു അറ്റംപ്‌റ്റ്‌ നടത്തി നോക്കി. എന്നാലോ. മര്യാദയ്‌ക്ക്‌ കോഴിക്കോട്ട്‌ പോയി വിവരങ്ങള്‍ അന്വേഷിക്ക്‌, അല്ലെങ്കില്‍ വെള്ളാപ്പള്ളി നടേശണ്ണന്‍ വിളിച്ചാലും നിന്നെ രക്ഷിക്കാന്‍ കഴിയില്ല എന്ന്‌ ഉള്ളകാര്യം ഉള്ളതുപോലെ ഉമ്മന്‍ ചാണ്ടി മുഖത്തുനോക്കി പറഞ്ഞത്രേ.

അങ്ങനെയാണ്‌ മിനിഞ്ഞാന്ന് അദ്ദേഹം കോഴിക്കോട്ട്‌ പോയത്‌. ഉന്നതതല യോഗം വിളിക്കുകയും ചെയ്‌തു. അതാകുമ്പോഴൊരു സൗകര്യമുണ്ട്‌. ഉദ്യോഗസ്ഥരും പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി , കോര്‍പറേഷന്‍ മെമ്പര്‍മാരുമൊക്കെ ചുറ്റിനുമിരിക്കുന്ന വട്ടമേശ സമ്മേളനത്തില്‍ റാന്‍, റാന്‍ എന്ന മൂളല്‌ കേള്‍ക്കാം. വിഡ്ഡിത്തം പറഞ്ഞാലും ആരും പരിഹസിക്കില്ല. ചിലപ്പോ ചില ഉദ്യോഗസ്ഥര്‍ ചിരിക്കും. അത്‌ പ്രോല്‍സാഹനമാണെന്നു വിചാരിച്ച്‌ പിന്നേം പറയാം, വലിയ വലിയ കാര്യങ്ങള്‍.

പച്ച വെള്ളം കുടിച്ചാല്‍ പോലും എലിപ്പനി പിടിക്കുന്ന കേരളത്തിലെ, സര്‍ക്കാരാശുപത്രിയിലെ മൂത്രപ്പുരയില്‍ പോയി ഒരു മിനിറ്റ്‌ നിന്നിട്ടു തിരിച്ചുവന്നാല്‍ പനി മഹാവ്യാധിയാകും. കാരണമെന്താണെന്നു പറയണോ. അത്രയ്‌ക്കു മോശമാണു സ്ഥിതി. അത്‌ പണ്ടും അങ്ങനെയായിരുന്നല്ലോ എന്നാണെങ്കില്‍ അങ്ങനെതന്നെ. പണ്ടും അങ്ങനെതന്നെയായിരുന്നു. പക്ഷേ, ഇടയ്‌ക്ക്‌ കുറേക്കാലം അങ്ങനെയല്ലായിരുന്നു. പലതരം പനികള്‍ കേരളത്തില്‍ സ്ഥിര താമസമാക്കാനാണ്‌ ഉദ്ദേശമെന്നു മനസിലായപ്പോള്‍ ശ്രീമതി ടീച്ചര്‍ നടത്തിയ ഒരൊറ്റ യജ്ഞത്തിന്റെ റിസള്‍ട്ട്‌ തന്നെ അത്‌. സാരീം കേറ്റിക്കുത്തി ചൂലും വെള്ളവുമെടുത്ത്‌ ടീച്ചര്‍ ഇറങ്ങുകയല്ല ചെയ്‌തത്‌. പണി ചെയ്യേണ്ടവരെക്കൊണ്ട്‌ ചെയ്യിച്ചു. ഇല്ലെങ്കില്‍ പണി കിട്ടുമെന്നു മനസിലായപ്പോള്‍ സര്‍ക്കാരാശുപത്രികളിലെ തടികള്‍ അനങ്ങി. ദുര്‍ഗന്ധം മാറി, മാലിന്യങ്ങള്‍ മര്യാദയ്‌ക്ക്‌ ഇന്‍സിനറേറ്ററുകളില്‍ കിടന്നു കത്തി.

കാലം മാറിയപ്പോള്‍ കാര്യങ്ങള്‍ വീണ്ടും തഥൈവ. അതുകൊണ്ടെന്താ. ജലദോഷവുമായി പോകുന്ന പലരുടെയും തിരിച്ചുവരവ്‌ മൂക്കില്‍ പഞ്ഞിവെച്ചായി. മന്ത്രിയദ്യേം മുണ്ടും മടക്കിക്കുത്തി ചൂലുമെടുത്ത്‌ ഇറങ്ങണമെന്നില്ല. പണികൊടുത്താല്‍മതി , പണിയെടുക്കാത്തവര്‍ക്ക്‌. ഒരു കണക്കിന്‌ ഈ മന്ത്രിയെത്ര ഭാഗ്യവാനാണെന്നോ. ശ്രീമതി ടീച്ചര്‍ നിയമസഭയില്‍ പറയുന്നതിനും എതിരു പറഞ്ഞ്‌ വഷളാക്കുന്ന ശീലമുണ്ടായിരുന്നു ടീച്ചറിന്റെ മുഖ്യമന്ത്രിക്ക്‌. ചേര്‍ത്തലയിലെ മരണം എലിപ്പനി മൂലമല്ലെന്ന്‌ ടീച്ചര്‍ പുറത്തു പറഞ്ഞപ്പോള്‍, മുഖ്യന്‍ സഭയ്‌ക്കകത്ത്‌ പറഞ്ഞു നേരേ തിരിച്ചാണല്ലോ. അത്‌ പനി പിടിച്ചുള്ള മരണമാണ്‌, ആണ്‌, .ആണേ…പാവം ടീച്ചറാകെ ചമ്മി നാശമായി.

ഇവിടിപ്പോ, പ്രകാശ്‌ മന്ത്രി പറയുന്നതിനും ചെയ്യുന്നതിനും പരസ്യമായി തിരുത്തല്‍ വരുത്താന്‍ അച്ചുമ്മാനല്ലല്ലോ കുഞ്ഞൂഞ്ഞ്‌. അതുകൊണ്ട്‌ മോനേ പ്രകാശാ, വല്ലതുമൊക്കെ ചെയ്‌ത്‌ നല്ല പേരെടുക്കാന്‍ നോക്ക്‌. ഇല്ലെങ്കിലേ, കുഞ്ഞൂഞ്ഞ്‌ മന്ത്രിസഭ പുനസംഘടിപ്പിച്ചു കളയുമേ. ആരോടും മിണ്ടാതെ ആന്റണി രാജിവച്ചപ്പോള്‍ ഒറ്റരാത്രി കൊണ്ട്‌ മന്ത്രിയല്ലാതായ ഹസന്‍ കരഞ്ഞതുപോലെ പിന്നെ കരഞ്ഞിട്ടും മൂക്കു ചീറ്റിയിട്ടും കാര്യോമില്ല. മന്ത്രിയാകാന്‍ ക്യൂവില്‍ എത്രയാളുണ്ടെന്ന്‌ തിരിഞ്ഞൊന്നു നോക്കൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.