1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

എഡിറ്റോറിയല്‍

മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിന് എല്ലാക്കാലവും ശ്രമിക്കുകയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത എന്‍ആര്‍ഐ മലയാളിയും മലയാളി വിഷനും ഇനി മുതല്‍ ഒരൊറ്റ ശരീരവും ഒരേ മനസുമാകുന്നു. ഓണത്തിനു ഞങ്ങള്‍ എത്തുകയാണ്, ഒരേ മനസും ഒരേ ചിന്തയുമായി നിങ്ങള്‍ക്കു മുന്നില്‍. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ എല്ലാം മലയാളികളെ ചിന്തിപ്പിക്കുകയും നെല്ലും പതിരും തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നതില്‍ ഞങ്ങള്‍ക്കു സംശയമില്ല. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ ലോകമെമ്പാടുമുള്ള വായനക്കാര്‍ ഞങ്ങള്‍ക്കു നല്‍കിയ പിന്തുണയും പ്രോത്സാഹനവുമായിരുന്നു ഞങ്ങളുടെ ജീവശ്വാസം.

ചില കാര്യങ്ങള്‍ ലോകത്തോടു ഉറക്കെ വിളിച്ചു പറയേണ്ടതുണ്ടെന്ന തിരിച്ചറിവായണ് ഞങ്ങളെ നയിക്കുന്നത്. വിപണി മൂല്യം നിശ്ചയിക്കാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ കാട്ടിയ ചങ്കൂറ്റം, വായനക്കാര്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ഇനിയുള്ള യാത്രയില്‍ ഞങ്ങള്‍ ഒന്നാകുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലും ഞങ്ങള്‍ നിങ്ങള്‍ക്കു മുന്നിലെത്തും. നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തനം ദുഷ്‌കരമായ ഇക്കാലത്ത് വാര്‍ത്തകളെ മനുഷ്യ ചരിത്രത്തിന്റെ അതിജീവനത്തിനുള്ള കരുത്തായാണ് ഞങ്ങള്‍ കാണുന്നത്. മാധ്യമങ്ങള്‍ ഉണര്‍ന്നിരുന്നാലെ സമൂഹത്തിന്റെ മനസു തുറക്കാനാകൂ.

കുത്തകമുതലാളിമാരുടെയും മതരാഷ്ട്രീയ കക്ഷികളുടെയും മുക്കലിനും മൂളലിനും വരെ ഓശാന പാടുന്ന തലത്തിലേയ്ക്കു ഇന്നത്തെ മാധ്യമപ്രവര്‍ത്തനം വഴിതെറ്റിപ്പോയിരിക്കുന്നു. വാര്‍ത്തകളെ വെറും വിപണി അടിസ്ഥാനത്തില്‍ വിറ്റു കാശാക്കുകയാണ് അവര്‍. വിപണിയാണ് വാര്‍ത്തകളെ സ്വീകരിക്കുന്നതിനും തിരസ്‌കരിക്കുന്നതിനും അടിസ്ഥാനമാകുന്നത്. ലോകത്തെ കമ്പോളങ്ങള്‍ വാര്‍ത്തകള്‍ക്കു വിലയിട്ടപ്പോള്‍ ധാര്‍മികത നഷ്ടപ്പെട്ട വെറും അക്ഷരക്കൂട്ടങ്ങള്‍ മാത്രമായി ബാക്കി. എന്നാല്‍ ഏതു ചാരത്തിനുമടിയില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു കനല്‍ കാണും. അതിനെ ജ്വലിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. പൂര്‍ണമായും കച്ചവട സാധ്യതകള്‍ മാത്രം വാര്‍ത്തകളെ നിശ്ചയിക്കുന്ന ഈ കാലത്ത് ചെറുതെങ്കിലും വേറിട്ട ഉറച്ചശബ്ദമാകാനാണ് എന്‍ആര്‍ഐ മലയാളി -മലയാളിവിഷന്‍ സഖ്യത്തിന്റെ കൂട്ടായശ്രമം.

നേരിന്റെ നേര്‍ക്കാഴ്ചയിലേക്കുള്ള യാത്രയില്‍ സമൂഹത്തില്‍ നിറഞ്ഞാടുന്ന അധാര്‍മികശക്തികള്‍ക്കെതിരേ തളരാതെ പോരാടാന്‍, അനീതിക്കെതിരെ വര്‍ധിതവീര്യത്തോടെ പ്രതികരിക്കാന്‍ ഇതുവഴി മലയാളികള്‍ക്ക് ഒരു വേദി രൂപപ്പെടുകയാണ്. എത്രവലിയ പ്രതിബന്ധങ്ങളും നീതിബോധത്തോടെയുള്ള പത്രപ്രവര്‍ത്തനത്തിന് തടസമല്ല എന്ന് ഈയവസരത്തില്‍ വായനക്കാരെയും അഭ്യുദയകാംക്ഷികളേയും ഞങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. തെറ്റ് തെറ്റാണെന്നും നന്മയെ അങ്ങനെ തന്നെയും മുന്‍വിധികളില്ലാതെ ഞങ്ങള്‍ തുറന്നുകാട്ടും. അപ്പോഴാണ് ഞങ്ങള്‍ ജനപക്ഷത്തുനില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൂടിയാകുന്നത്.

ഈ സംയുക്തസംരംഭം പ്രവാസിപത്രലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നാളുകള്‍ക്കായി നമുക്ക് കാത്തിരിക്കാം. മുന്നിലെത്തുന്ന സകല പ്രതിബന്ധങ്ങളെയും നെഞ്ചുവിരിച്ച് നേരിടാന്‍ ഞങ്ങള്‍ ഒരുക്കമാണ്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ പുതിയ യാത്ര തുടങ്ങുകയാണ്. നേരിനൊപ്പം….

വയല്‍ വരമ്പുകളിലും, വേലി പടര്‍പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു… എല്ലാ മാന്യവായനക്കാര്‍ക്കും എന്‍ആര്‍ഐ മലയാളി -മലയാളിവിഷന്‍ സഖ്യത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.