1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2012

തിരുവനന്തപുരം : പ്രതീക്ഷിച്ച കാലവര്‍ഷം ലഭിക്കാത്ത സാഹചര്യത്തില്‍ വൈദ്യുത നിരക്കുകളില്‍ വര്‍ദ്ധനവ് ഏര്‍്‌പ്പെടുത്താന്‍ ആലോചിക്കുന്നതായി വൈദ്യുത ബോര്‍ഡ്. വ്യവസായ – വാണിജ്യ ഉപഭോക്താക്കള്‍ക്ക് മുപ്പത് ശതമാനം വരെ പവര്‍കട്ട് ഏര്‍പ്പെടുത്താനും മാസം 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന വില ഈടാക്കണമെന്നും വൈദ്യുത റെഗുലേറ്ററി കമ്മറ്റിയോട് ശുപാര്‍ശ ചെയ്യാന്‍ വൈദ്യുത ബോര്‍ഡിന്റെ ഉന്നതതല സമിതി തീരുമാനിച്ചു. കടുത്ത സാമ്പത്തിക ബാധ്യത നേരിടാന്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് നേരത്തെ നല്‍കിയ ശുപാര്‍ശയില്‍ വര്‍ദ്ധന അനുവദിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് രണ്ട് ദിവസത്തിനുളളില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. മുപ്പത് ശതമാനം വരെ നിരക്ക് വര്‍ദ്ധന വരുത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഒപ്പം എല്ലാ ഉപഭോക്താക്കളില്‍ നിന്നും ഫിക്‌സഡ് ചാര്‍ജ്ജും ഈടാക്കും.
കാലവര്‍ഷം 55 ദിവസം പിന്നിട്ടിട്ടും ബോര്‍ഡിന്റെ ജലസംഭരണികളില്‍ പ്രതിക്ഷിച്ചത്ര നീരൊഴുക്ക് കിട്ടാഞ്ഞതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. പ്രതീക്ഷിച്ചതിന്റെ നാല്പ്പത്തിയെട്ട് ശതമാനം നീരൊഴുക്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്. കേരളത്തിന്റെ പ്രതിദിന വൈദ്യുത ഉപയോഗം 55 ദശലക്ഷം യൂണിറ്റാണ്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പോലും 43 ദിവസത്തെ ഉപയോഗത്തിനുളള വെളളം മാത്രമാണ് സംഭരണികളിലുളളത്. ആകെ സംഭരണശേഷിയുടെ 18.59 ശതമാനം വെളളം മാത്രമാണ് എല്ലാ ജലസംഭരണികളിലുമായി ഇപ്പോഴുളളത്.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ശരാശരി വില യൂണിറ്റിന് 4.64 രൂപയാണ്. ഇതില്‍ 43 ശതമാനമാണ് ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ വന്‍തോതിലുളള നിരക്ക് വര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കാതെ ബോര്‍ഡിന്റെ കമ്മി ഒരു പരിധിവരെ നികത്താനുളള നിരക്ക് വര്‍ദ്ധനവാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂട്ടുന്നത്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അടുത്ത വേനല്‍കാലത്തോടെ കേരളം പൂര്‍ണ്ണമായും ഇരുട്ടിലാകുമെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ലോഡ് ഷെഡിങ്ങ് കൊണ്ട് കാര്യമായ ലാഭം ഇല്ലാത്ത സാഹചര്യത്തിലാണ് പവര്‍ കട്ടിങ്ങിനെ കുറിച്ച് ബോര്‍ഡ് ആലോചിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ എഴുപത് ശതമാനം വാണിജ്യ വ്യവസായ ഉപഭോക്താക്കള്‍ക്ക് നല്‍കും. 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് താപ വൈദ്യുതിയുടെ വില നല്‍കേണ്ടി വരും. വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച ശേഷം റഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കും. കമ്മീഷന്റെ അനുമതിയോടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനാവുകയുളളു.
വൈദ്യുതി നിയന്ത്രണം ആവശ്യമായ സാഹചര്യത്തില്‍ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യമെങ്കില്‍ ഉടന്‍ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വര്‍ഷപാതത്തില്‍ 50 ശതമാനമെങ്കിലും കുറവുണ്ടന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം, വൈദ്യുതി നില അവലോകനം ചെയ്യാന്‍ 28 ന് കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് യൂണിറ്റില്‍ ഉന്നത തല യോഗം ചേര്‍ന്നതിന് ശേഷമാകും വൈദ്യുത നിയന്ത്രണം നിശ്ചയി്ക്കപ്പെടുന്നതെന്നും കായംകുളം എല്‍എന്‍ജി പദ്ധതി വന്നില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമെന്നും ആര്യാടന്‍ പറഞ്ഞു. പദ്ധതിയോടുളള എതിര്‍പ്പ് മറികടക്കുന്നതിന് സര്‍വ്വകക്ഷിയോഗത്തില്‍ ശ്രമി്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.