1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2012

കമ്പ്യൂട്ടര്‍ യുഗത്തില്‍ അത്രപെട്ടൊന്നൊന്നും വിവാദങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. തെളിവുകള്‍ എത്ര മായ്ചാലും മായാതെ അവിടെ തന്നെ നില്‍ക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം അത് അയച്ച വ്യക്തിയേയോ കിട്ടിയ വ്യക്തിയേയോ വേട്ടയാടാന്‍ പാകത്തിന് അത് അങ്ങനെ ഒളിച്ച് കിടക്കും. ഇ മെയിലുകള്‍ അങ്ങനെയാണ്. മായ്ചാലും മായാത്ത തെളിവായി അത് അവിടെ തന്നെ കിടക്കും. ഏറ്റവും പുതിയ വിവാദമായ ബാര്‍ക്ലേസ് സ്‌കാന്‍ഡലിലും ഇമെയില്‍ തന്നെയാണ് വില്ലന്‍. ലിബോര്‍ റേറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിമറി താന്‍ അറിഞ്ഞില്ലെന്നാണ് സിഇഒ ആയിരുന്ന ബോബ് ഡയമണ്ട് വ്യക്തമാക്കിയിരുന്നത്. തിരിമറി നടന്ന കാലയളവില്‍ തനിക്ക് ശാരീരികമായി സുഖമില്ലായിരുന്നുവെന്നും അതിനാല്‍ തനിക്ക് ഇമെയിലുകള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. യാഥാര്‍ത്ഥ്യം എന്തുമായികൊളളട്ടേ പെരുപ്പിച്ച കണക്കുകള്‍ കാട്ടി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനയച്ച മെയിലുകള്‍ തെളിവുകളായി തന്നെ നിലനില്‍ക്കുന്നു.

ഈ യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇലക്ട്രോണിക്കലായി എന്തെങ്കിലും എഴുതുന്നത് ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല. എത്ര ആത്മവിശ്വാസത്തോടെ എഴുതിയാലും പിന്നീട് ഒരു തെളിവായി അത് അങ്ങനെതന്നെ അവശേഷിക്കും. ബാര്‍ക്ലേസ് വിവാദം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇലക്ട്രോണിക്കലായി നിങ്ങളെഴുതുന്ന വിവരങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും മോഷ്ടിക്കാം, സൂക്ഷിച്ച് വെക്കാം. ഇമെയില്‍, ട്വിറ്റര്‍ തുടങ്ങിയ ആശയ വിനിമയ ഉപാധികള്‍ വെറും ക്ഷണികമാണന്ന് നമുക്ക് തോന്നാം എന്നാല്‍ നമ്മള്‍ ടൈപ്പ് ചെയ്ത ആശയം സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോഴേക്കും എന്നന്നേക്കുമായി സൂക്ഷിച്ച് വെക്കുകയാണ് ചെയ്യുന്നതെന്ന് ബ്രട്ടീഷ് സിഗ്നല്‍സ് ഇന്റലിജന്‍സ് ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനായ ജോണ്‍ ബസ്സത് പറയുന്നു.

ഒരു മികച്ച കമ്പ്യൂട്ടര്‍ പ്രൊഫഷണലിന്റെ ബുദ്ധിയാണ് ലോകത്തിന്റെ തന്നെ രഹസ്യങ്ങള്‍ വിക്കിലീക്‌സിന്റെ കൈയ്യിലെത്തിച്ച് കൊടുത്തത്. പല കമ്പനികളിലും ഉദ്യോഗസ്ഥരുടെ ലാന്‍ഡ്‌ലൈന്‍ കോളുകള്‍ റിക്കോര്‍ഡ് ചെയ്യാറുണ്ട്. മൊബൈല്‍ കുറച്ചുകൂടി സുരക്ഷിതമാണങ്കിലും സംശയം തോന്നിയാല്‍ വിളിച്ച നമ്പരുകള്‍ പരിശോധിക്കാനുളള സംവിധാനമുണ്ട്. അപ്പോഴും ഇമെയില്‍ പോലുളള സന്ദേശ വിനിമയ മാര്‍ഗ്ഗങ്ങള്‍ കുറച്ചുകൂടി സുരക്ഷിതമാണന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. പല കമ്പനികളും നിയമം വിട്ടുളള കാര്യങ്ങള്‍ ഇമെയില്‍ വഴി അയക്കാറില്ല. അവ വീണ്ടെടുത്ത് തെളിവായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നത് തന്നെ കാരണം.

ഇപ്പോള്‍ രഹസ്യങ്ങള്‍ കൈമാറാന്‍ നേരിട്ട് കാണുന്നതാണ് പലരും ഉപയോഗിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൗസിന് തൊട്ടടുത്തായി കാരിബോ കോഫി എന്നപേരില്‍ ഒരു കോഫിഷോപ്പുണ്ട്. വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥര്‍ ലോബിയിസ്റ്റുകളുമായി കൂടികാഴ്ച നടത്തുന്നത് ഇവിടെയാണന്നത് പരസ്യമായ രഹസ്യമാണ്. ഇമെയില്‍ വീണ്ടെടുക്കാന്‍ സാധിക്കുന്നതാണന്ന് പലര്‍ക്കും അറിയാം. അതിനാലാണ് നേരിട്ടുളള കൂടികാഴ്ചക്ക് ക്ഷണിക്കുന്നത്.

നിലവില്‍ പല കമ്പനികളും തങ്ങളുടെ സ്റ്റാഫിന് അവരുടെ മെസേജ് ചോര്‍ത്താറില്ലന്ന് വാഗ്ദാനം നല്‍കാറുണ്ട്. ഇമെയിലുകള്‍ ഒരിക്കലും നശിച്ച് പോകാറില്ല. ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞാലും അവ വീണ്ടെടുക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഒരുപാട് കാലങ്ങള്‍ക്ക് ശേഷം വീണ്ടും മെയിലുകള്‍ വായിക്കുമ്പോള്‍ രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹിക സാഹചര്യങ്ങളും ഏറെ മാറിയിട്ടുണ്ടാകും. അതിനാല്‍ അപ്പോള്‍ അതിന് മുന്‍പ് ഉദ്ദേശിച്ച അര്‍ത്ഥമേ ആയിരിക്കില്ല പുതിയ തലമുറ കല്‍പ്പിക്കുന്നത്. ബാര്‍ക്ലേസിന്റെ കാര്യത്തില്‍ ലിബോര്‍ റേറ്റില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് 450 മില്യണ്‍ പൗണ്ട് പിഴശിക്ഷയാണ് ലഭിച്ചത്. മാത്രമല്ല ഓഹരികളുടെ വില കഴിഞ്ഞമാസത്തേതിനേക്കാള്‍ അഞ്ചിലൊന്നായി താഴ്ന്നു. കമ്പനിയുടെ നടപടി മൂലം പണം നഷ്ടമായവര്‍ ബാങ്കിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോകുന്നു. ഫോണ്‍ ഹാക്ക് ചെയ്ത കേസില്‍ ന്യൂസ് ഇന്റര്‍നാഷണലിന്റെ സീനിയര്‍ മാനേജര്‍മാര്‍്‌ക്കെതിരേയുളള പ്രധാന തെളിവ് അവരയച്ച ഇമെയിലുകളാണ്. ന്യൂസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റെബേക്ക ബ്രൂ്ക്‌സ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനയച്ച മെസേജുകള്‍ പ്രധാനമന്ത്രിയുടെ ഇമേജിനെ വരെ ബാധിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഡേറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുന്നതുകൊണ്ട് ഗുണങ്ങളും ഇല്ലാതില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ തീവ്രവാദികളുടെ കൈകളില്‍ എത്തിയിട്ടുണ്ടോ എന്നറിയാനും തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും ഇത്തരം ഡാറ്റാ വീണ്ടെടുക്കലുകള്‍ സഹായിക്കും. ഏതെങ്കിലും കമ്പനികള്‍ക്ക് തങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അ്ത് വീണ്ടെടുക്കാനും പുതിയ ടെക്‌നോളജികള്‍ സഹായിക്കും. എന്നാല്‍ വ്യക്തിപരവും തൊഴില്‍പരവുമായ രഹസ്യങ്ങള്‍ ഇലക്ട്രോണിക്കലായി കൈമാറുന്നത് നിങ്ങള്‍ക്കെതിരേയുളള ഒരു തെളിവായി കാലം സൂക്ഷിച്ച് വെയ്ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.