മുസ്ലീം മതസ്ഥരായ 258 കേരളീയരുടെ ഇമെയിലുകള്‍ രഹസ്യമായി ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുടെ മുസ്ലിങ്ങളുടെ ഇമെയില്‍ വിവരങ്ങളാണ് യുഡിഎഫ് സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗം ചോര്‍ത്തുന്നതെന്ന് പ്രമുഖ മലയാളം വാരികയായ മാധ്യമം ആരോപിയ്ക്കുന്നു.
യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ എംപി പിവി അബ്ദുള്‍ വഹാബിന്റേത് ഉള്‍പ്പെടെ സാധാരണ രാഷ്ട്രീയക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയുമെല്ലാം ഇമെയിലുകള്‍ ഇങ്ങനെ ചോര്‍ത്തുന്നുണ്ടെന്ന് വാരികയെ ഉദ്ധിച്ച് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു പെറ്റിക്കേസില്‍ പോലും അകപ്പെടാത്തവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിലൂടെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ കടയ്ക്കല്‍ സര്‍ക്കാര്‍ കത്തിവയ്ക്കുന്നതെന്നും പത്രം ചൂണ്ടിക്കാണിയ്ക്കുന്നു.
നവംബര്‍ മൂന്നിന് അഡീഷണല്‍ ഡിജിപി എ ഹേമചന്ദ്രന് വേണ്ടി സൂപ്രണ്ട് കെകെ ജയമോഹന്‍ നല്‍കിയ കത്തിലാണ് ഇമെയില്‍ ചോര്‍ത്തപ്പെടേണ്ടവരുടെ പട്ടിക നല്‍കിയിരിക്കുന്നത്. പട്ടികയിലുള്ള വ്യക്തികളുടെ ഇമെയില്‍ ഐഡികള്‍ പരിശോധിയ്ക്കുക, അവരുടെ ലോഗ് ഇന്‍ വിവരങ്ങള്‍ ബന്ധപ്പെട്ട മെയില്‍ സര്‍വീസ് പ്രോവൈഡര്‍ കമ്പനികളില്‍ നിന്ന് സംഘടിപ്പിയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കത്തിലുള്ളതെന്ന് മാധ്യമത്തിന്റെ സ്‌ക്കൂപ്പിലുണ്ട്.
ഇക്കാര്യങ്ങള്‍ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വേണ്ടത്ര സാങ്കേതികത്വമില്ലാത്തതിനാല്‍ പൊലീസ് ആസ്ഥാനത്തുള്ള ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലാണ് ഇത് ഏറ്റെടുത്തിരിയ്ക്കുന്നത്. സെല്ലിന്റെ അസിസ്റ്റന്റ് കമാന്‍ഡര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നതത്രേ.
ഡിജിപിയുടെ നല്‍കിയ കത്തിലെ പട്ടികയിലുള്ളവരുടെ വിശദവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതുപ്രകാരം ജിമെയില്‍ ഉപയോഗിക്കുന്ന 159 പേര്‍ പട്ടികയിലുണ്ട്. യാഹൂമെയില്‍ ഉപയോഗിക്കുന്ന 63 പേരുടെയും ഹോട്ട്‌മെയില്‍ ഉപയോക്താക്കളായ 23പേരുടെയും വിവരങ്ങള്‍ ഇങ്ങനെ ചോര്‍ത്തപ്പെടുന്നുണ്ട്. വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്ന 268പേരില്‍ 258 പേരും മുസ്ലീംകളാണ്. അതില്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ കുറ്റവിമുക്തനായ പ്രൊഫസര്‍ എസ്എആര്‍ ഗീലാനി മാത്രമാണ് കേരളത്തിന് പുറത്തു നിന്നുള്ള ഒരേയൊരാളെന്ന് പത്രം പറയുന്നു.
മൂന്ന് കൊല്ലം മുമ്പ് പാര്‍ലമെന്റ് പാസാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഭേദഗതി ) ചട്ടം2008ന്റെ ചുവടുപിടിച്ചാണ് ഇമെയില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നത്. ഈ നിയമത്തിന്റെ അറുപത്തിയൊമ്പതാം വകുപ്പു പ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ ഏതുപൗരന്റെയും മൊബൈല്‍ ഓണ്‍ലൈന്‍ ആശയവിനിമയങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ചോര്‍ത്താന്‍ കഴിയും.
മുസ്ലീംകളെ ലക്ഷ്യമിട്ടുള്ള ഈ ചാരപ്പണിയ്ക്ക് മറ്റുചില ലക്ഷ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിയ്ക്കുന്നുണ്ട്. വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വേണമെങ്കില്‍ ഒരാളെ കുറ്റവാളിയാക്കാനും ഇതിലൂടെ കഴിയുമെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ഇമെയില്‍ ലോഗിന്‍ ഐഡിയും പാസ് വേഡും ലഭിച്ചാല്‍ അയാളറിയാതെ ഇമെയില്‍ അയച്ച് കേസില്‍ കുടുക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നാണ് വാദം. ഈ തെളിവുകള്‍ കോടതികള്‍ അംഗീകരിയ്ക്കുന്നതിനാല്‍ ഇങ്ങനെ കേസുകളില്‍ പ്രതിയാക്കപ്പെടുന്നവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല