1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

കൊച്ചി:കേരളത്തിന്റെ സമഗ്രവികസനം ഉറപ്പാക്കി കൊച്ചിയില്‍ തുടരുന്ന എമേര്‍ജിംഗ് കേരളയെക്കുറിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ് വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കെ.ബാബു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഏവരും സമ്മതിക്കുന്നു. പരിപാടിയെ ഒരു പെണ്ണുകാണല്‍ ചടങ്ങായി കരുതിയാല്‍ മതിയെന്നായിരുന്നു പച്ചമലയാളത്തില്‍ മന്ത്രി പറഞ്ഞത്. പെണ്ണു കാണല്‍ ചടങ്ങിനു ശേഷം എത്രയോ ഘട്ടങ്ങള്‍ കഴിഞ്ഞാണു വിവാഹം. ഒറ്റക്കാഴ്ച കൊണ്ട് ഒരു കല്യാണവും നടക്കില്ല. അതുപോലെതന്നെ എമേര്‍ജിങ് കേരള ആദ്യഘട്ടം മാത്രമാണ്. അതിനു ശേഷം എത്രയോ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ പദ്ധതികള്‍ നടപ്പാക്കാനാകൂ. വിവരാവകാശ നിയമം വന്നതോടെ കാര്യങ്ങള്‍ സുതാര്യമായെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകസംഗമത്തിലെ ഉദ്ഘാടനദിന പരിപാടികളിലൂടെ കടന്നുപോയാല്‍ മന്ത്രിയുടെ വാക്കിന്റെ വില വ്യക്തമാകും.

പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരുടെ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ കടന്നുപോയ ആദ്യദിനത്തില്‍ നിരവധി പദ്ധതി നിര്‍ദേശങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.ഇന്ത്യയിലെ മെട്രോ പ്രോജക്ടുകളില്‍ താത്പര്യം പ്രകടിപ്പിച്ച് യു.കെ. കമ്പനിയായ ട്രാന്‍സ് ഡാറ്റാ മാനേജ്‌മെന്റ് രംഗത്തുവന്നത് യു.കെ മലയാളികളും താത്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള മെട്രോ പദ്ധതികളില്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിന് തങ്ങള്‍ സജ്ജമാണെന്ന് കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ക്‌ളൈവ് ബ്രൂം എമേര്‍ജിംഗ് കേരള സംഘമത്തിലെ പ്രതിനിധികളോടു പറഞ്ഞു. ടെലികോം മേഖല അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സൊലൂഷന്‍സ് കമ്പനിയാണ് ഇത്. എമര്‍ജന്‍സി ടെലിഫോണ്‍, സി.സി. ടി.വി. ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാനുള്ള പദ്ധതികളാണ് കമ്പനിക്കുള്ളത്. റെയില്‍വേക്ക് പുറമെ വിമാനത്താവളങ്ങള്‍, റോഡ് മേഖലകളിലും സുരക്ഷാപദ്ധതികള്‍ ഉണ്ട്. മറ്റ് ചില രാജ്യങ്ങളില്‍ മെട്രോ പദ്ധതികളില്‍ കമ്പനി സുരക്ഷാ സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് ക്‌ളൈവ് പറഞ്ഞു.

അമേരിക്കയില്‍ നിന്നുള്ള നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നതാണ് പദ്ധതിയുടെ മറ്റൊരു ശുഭവാര്‍ത്ത. ‘അമേരിക്കയുമായി ബിസിനസ് ചെയ്യുമ്പോള്‍’ എന്ന സെഷനില്‍ യുഎസ് പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഓഫീസര്‍ (സൗത്ത് ഇന്ത്യ) ജെയിംസ് ഗോള്‍സണ്‍ ആയിരുന്നു ഈ നിലപാട് പ്രഖ്യാപിച്ചത്. അമേരിക്കയുമായുള്ള ബിസിനസിലെ നടപടിക്രമങ്ങള്‍, പാലിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. വ്യവസായികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു. അതേസമയം 20 വര്‍ഷമായി കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്തെ കാഴ്ചപ്പാടുകള്‍ ഗുണപരമായി മാറിയെങ്കിലും അത് വിദേശ രാജ്യങ്ങളിലെ വ്യവസായ സംരംഭകര്‍ക്ക് വേണ്ടത്ര ബോധ്യപ്പെട്ടിട്ടില്ലെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നത് സ്വയംവിമര്‍ശനമായി കേരളത്തിലെ കമ്പനികള്‍ കാണേണ്ടതുണ്ട്.

കേരളത്തില്‍ കൂടുതല്‍ വ്യാപാര സാധ്യതകള്‍ ആരായാന്‍ കേരളത്തില്‍ ബ്രിട്ടീഷ് ട്രേഡ് സെന്റര്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ജയിംസ് ബെവന്റെ പ്രഖ്യാപവും എമേര്‍ജിംഗ് കേരളയുടെ നേട്ടംതന്നെ.

നിലവില്‍ ഇന്ത്യയില്‍ ഒന്‍പതു ബ്രിട്ടീഷ് ട്രേഡ് സെന്ററുകളുണ്ട്. കൂടുതല്‍ ഡപ്യൂട്ടി ഹൈക്കിമ്മിഷന്‍ ഓഫിസുകളുമായി ഇന്ത്യയില്‍ വിവിധ തലങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണു ബ്രിട്ടീഷ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തില്‍ സ്ഥിരമായ ബ്രിട്ടീഷ് സാന്നിധ്യം ഉണ്ടാകണമെന്നാണ് ആഗ്രഹം. എമേര്‍ജിങ് കേരള നിക്ഷേപക സംഗമത്തെ പ്രതീക്ഷയോടെയാണു കാണുന്നത്. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ഹരിതോര്‍ജം, തൊഴില്‍ വൈദഗ്ധ്യ വികസനം തുടങ്ങിയ മേഖലകളില്‍ നിക്ഷേപസാധ്യതകള്‍ ആരായുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എമേര്‍ജിം കേരള അതിന്റെ കാര്യത്തിലേക്ക് കടക്കുന്നതേയുള്ളു. അതിനുമുമ്പേ മനക്കോട്ട കെട്ടാനും എഴുതിത്തള്ളാനും മുതിരേണ്ട. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതിയിലെ എത്രനിര്‍ദേശങ്ങള്‍ കേരളത്തിന് പ്രയോജനപ്പെട്ടുവെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ വിദദ്ധര്‍ പറയുന്നത്. അതിനുശേഷം മാത്രമേ പദ്ധതി വിജയമോ, പരാജയമോ എന്ന വിലയിരുത്തലിനും സാധ്യതയുള്ളൂ. അതിനാല്‍ നിക്ഷേപകസംഗമം സുഗമമായി മുന്നോട്ടുപോകട്ടെയെന്നുമാത്രം മലയാളികള്‍ക്ക് ആഗ്രഹിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.