1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2022

അലക്സ് വർഗീസ്: ദുരിതത്തിന്റെ തീരാക്കയങ്ങളിൽ വീണ് ജീവിതം നരകതുല്യമായി തള്ളി നീക്കുന്ന കാസർകോട്ടെ എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാനായി ഒരു കൂട്ടം മനുഷ്യസ്നേഹികൾ മുന്നോട്ട്‌ വരികയാണ്. കാസർകോട്ടെ കൃഷിയിടങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ച എൻഡോസൾഫാൻ എന്ന മാരക കീടനാശിനി സൃഷ്ടിച്ച അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇരയായവർ ഏറെയാണ്. അംഗവൈകല്യങ്ങളോടെ പിറന്ന് വീണ കുഞ്ഞുങ്ങൾ, ഗുരുതരമായ ക്യാൻസർ രോഗബാധിതർ, ശ്വാസകോശ രോഗങ്ങൾ ബാധിച്ചവർ എന്നിങ്ങനെ നൂറുകണക്കിനാളുകൾ തീരാ ദുരിതത്തിൽ ജീവിക്കുകയാണ്.

ഇവർക്കൊരു ചെറിയ സഹായമെങ്കിലും എത്തിക്കുവാനുള്ള ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ മനസ്സിലുദിച്ച ആശയമാണ് “സ്‌പ്രേ ഓഫ് മിസറി” എന്ന് പേരിട്ടിരിക്കുന്ന 50 കിലോമീറ്റർ (32 മൈൽ) മാരത്തൺ നടത്തം. ബ്ളാക്ക്ബേണിനടുത്ത് ക്ളെയ്റ്റൺ ലെ മൂർസിൽ നിന്നും വിഗൺ പിയർ (ലീഡ്സ് – ലിവർപൂൾ കനാൽ) വരെയുള്ള 50 കിലോമീറ്റർ മാരത്തണിലൂടെ ഇവർ ശേഖരിക്കുന്ന പണം എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഒരു ചെറിയ സഹായമാകും എന്ന പ്രതീക്ഷയിലാണ് ഈ മനുഷ്യസ്നേഹികൾ.

ഒക്‌ടോബർ 1 ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന മാരത്തണിൽ ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് കൂടിയായ അനിയൻകുഞ്ഞ് സഖറിയയോടൊപ്പം അജിത് മഠത്തിൽ, മാത്യു അഴകത്ത്, കമലേഷ് സോർ, ഷിബു വർഗ്ഗീസ്സ്, ബൈജു ജോൺ, ലിറ്റോ ടൈറ്റസ്, ജൂലിയസ് ജോസ്, ജിതിൻ തോമസ്‌, റോബർട്ട് മാത്യു, ജിസ്സി സോണി, അമല മാത്യു, കാർത്തിക സജിത്, കൽപന സോർ, ജോംസി ജോണി എന്നിവരാണ് പങ്കെടുക്കുന്നത്. ബോൾട്ടൺ, സാൽഫോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഈ 15 അംഗ സംഘം “സ്‌പ്രേ ഓഫ് മിസറി” മാരത്തണിലൂടെ ഫണ്ട്‌ സമാഹരിക്കുന്നത് ജസ്‌റ്റ് ഗിവിങ് എന്ന ഫണ്ട് കളക്‌ഷൻ പ്ളാറ്റ്ഫോമിലൂടെയാണ്. തിരക്കേറിയ ജീവിതചര്യകൾക്കിടയിൽ അനുകമ്പയുടേയും സഹജീവി സ്നേഹത്തിന്റേയും പുതിയ ചുവടുകളുമായി മുന്നിട്ടിറങ്ങുന്ന ഈ മനുഷ്യസ്നേഹികൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

“സ്പ്രേ ഓഫ് മിസറി” ചാരിറ്റി ഫണ്ട് ശേഖരണവുമായി സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

https://www.justgiving.com/crowdfunding/spray-of-misery

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.