കഴിഞ്ഞ സമ്മര്‍ കലാപത്തെ മാറ്റി നിര്‍ത്തിയാല്‍ പൊതുവേ കാര്യമായ കലാപങ്ങലോ അട്ടിമറികളോ ഭീകര പ്രവര്‍ത്തനങ്ങളോ ഒന്നും തന്നെ നിലവില്‍ ബ്രിട്ടനില്‍ അരങ്ങേറിയിട്ടില്ല. എങ്കിലും വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റം മൂലം ബ്രിട്ടീഷ് പൌരന്മാര്ക്കിടയില് കുടിയേറ്റ വിരുദ്ധ മനോഭാവം അലയടിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാഭാവികമായും തങ്ങളെക്കാള്‍ യോഗ്യതയുള്ള അന്യ രാജ്യത്ത് നിന്നും എത്തിയവര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ജോലികളും മറ്റും കയ്യടക്കുമ്പോള്‍ ഉണ്ടാകാവുന്ന ഒരു കാര്യമാണു ഇത്. പക്ഷെ ഈ വികാരം ഇപ്പോള്‍ തീവ്രമാകുന്നുവോ എന്നതാണു ഇപ്പോഴത്തെ ആശങ്ക.
കഴിഞ്ഞ ദിവസം നടന്നൊരു സംഭവമാണ് ഇത്തരമൊരു സംശയത്തിലേക്ക് നയിക്കുന്നു. ഏഷ്യന്‍ റസ്റ്റോറന്റുകളില്‍ ബോംബ് വയ്ക്കുമെന്നും ഓസ്ലോ രീതിയില്‍ ഏഷ്യാക്കാരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയ സൗത്ത് ഷീല്‍ഡ്സില്‍ നിന്നുള്ള 29കാരനായ കെന്നി ഹോല്ടനെ പോലീസ് അറസ്റ്റ് ചെയ്തതാണ് സംഭവം. ഏഷ്യക്കാരുടെ ഹോട്ടലുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും മുസ്ലിമുകളെ കൊല്ലുമെന്നുമാണ് ഫേസ്ബുക്കില്‍ അയാള്‍ എഴുതിയത്. ഉട്ടോയ ഐലന്‍ഡില്‍ 69പേരെ കൊന്ന ആന്ടേഴ്സ് ബെറിംഗ് ബ്രിവിക് എന്നയാള്‍ തന്റെ ഓസ്ലോ കാറില്‍ ബോംബ് വച്ച് 8പേരെ കൊന്നിരുന്നു. ഈ രീതിയില്‍ കൊല്ല്ലുമെന്നാണ് ഹോല്ടന് പറഞ്ഞത്.
ഹോല്ടനെ അറസ്റ്റ് ചെയ്തതില്‍ വംശീയമായ ഘടകങ്ങള്‍ ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ഈ സംഭവം ഗൌരവത്തോടെ തന്നെ കാണുന്നുണ്ടെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ചീഫ് ഓഫിസര്‍ മൈക്കല്‍ ബാര്ട്ടന് പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഒന്നും തന്നെ ഇല്ലെന്നു അദ്ദേഹം ഉറപ്പു പറഞ്ഞു. അപൂര്‍വം ചില മുസ്ലിം കുടിയേറ്റക്കാര്‍ ബ്രിട്ടനിലെ ചില ഭാഗങ്ങളെ ഷരിയ മേഖലയാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇയാളെ ഇത്തരമൊരു കാര്യത്തിന് പ്രേരിപ്പിക്കുന്നത് എന്ന് അനുബന്ധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നോര്‍ത്ത് ടിന്സൈഡിലെയും കൌണ്ടി ദര്ഹാമിലെയും വീടുകള്‍ കൗണ്ടര്‍ ടെററിസം യൂണിറ്റിലെ ഓഫിസര്‍മാര്‍ വ്യാഴാഴ്ച റെയിഡ് ചെയ്തു. 43കാരനായ ഡാരന്‍ യാറ്റ്ലിയെയും 46കാരന് പോള്‍ ടഫിയെയുംഅവര് ചോദ്യം ചെയ്യാന്‍ കൊണ്ട് പോയി. സംശയിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ ഭാഗമായ നോര്‍ത്ത് വെസ്റ്റ് ഇന്ഫിഡല്സുമായി ബന്ധമുണ്ട്. വീടുകള്‍ പരിശോധിച്ച പോലീസ് മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ് എന്നിവ കണ്ടെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല