1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

ചരിത്രം പരിശോധിച്ചാല്‍ വിദ്യാഭ്യാസരംഗത്ത് ബ്രിട്ടന്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സര്‍വകലാശാലകളില്‍ പലതും ബ്രിട്ടനിലാണ് സ്ഥിതി ചെയ്യുന്നത് താനും. ഇത്തരത്തില്‍ സൌകര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ വായനയില്‍ ചൈനീസ് വിദ്യാര്‍ഥികളേക്കാള്‍ ഒന്നരവര്‍ഷം പുറകിലാണെന്ന് വന്നാലോ? അതിനേക്കാള്‍ വലിയ നാണക്കേടു വേറെ എന്താണല്ലേ. എന്തായിരുന്നാലും ബ്രിട്ടനിലെ കൌമാരക്കാര്‍ ഈയൊരു നാണക്കേടു കൂടി ബ്രിട്ടന് സമ്മാനിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം പുറത്തു വന്നൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇംഗ്ലീഷ് കൌമാരക്കാര്‍ വായനയില്‍ ചൈന,ജപ്പാന്‍ ,കൊറിയ,ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളെക്കാള്‍ ബഹുദൂരം പിന്നിലാണെന്നാണ്.

ഇതോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം അര്‍മേനിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാലയങ്ങളിലെ നിലവാരം പോലും ഉറപ്പുവരുത്താന്‍ ബ്രിട്ടനിലെ സ്കൂളുകള്‍ക്ക് ആകുന്നില്ല എന്നതാണ്. കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ബ്രിട്ടീഷ് വിദ്യാലങ്ങളില്‍ നിലവാരമില്ലയെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഈ രണ്ടു റിപ്പോര്‍ട്ടുകളും അന്താരാഷ്‌ട്ര തലത്തില്‍ വിദ്യാഭ്യാസ രംഗത്ത്‌ ബ്രിട്ടന്‍ പിന്നിലായെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. സ്കൂള്‍ മിനിസ്റ്റര്‍ നിക്ക് ഗിബ്ബിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരില്‍ പലരും ബ്രിട്ടീഷുകാരാണ്, എന്നിട്ടും വായനയില്‍ ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍ പുറകിലായിരിക്കുന്നു!

ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് പുറത്തു വിട്ട പഠനത്തില്‍ പറയുന്നതിങ്ങനെ: ആഗോള റാങ്കിങ്ങില്‍ വായനയില്‍ ഏഴാം സ്ഥാനത്തായിരുന്ന ബ്രിട്ടന്‍ ഇരുപത്തിയഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതെന്തായാലും മറ്റു രാജ്യങ്ങളുടെ വായനാശീലത്തില്‍ വന്ന ഉയര്‍ച്ച കൊണ്ടല്ല മറിച്ച് ബ്രിട്ടനില്‍ വായനാശീലം കുറഞ്ഞത്‌ മൂലമാണെന്ന് വിശ്വസിക്കുന്നവരാണ് വിദ്യാഭ്യാസ മേഖലയിലെ പലരും. അതേസമയം ബ്രിട്ടനിലെ വിദ്യാര്‍ഥികള്‍ ചൈനീസ് വിദ്യാര്‍ഥിയുടെ നിലവാരം പുലര്‍ത്തുന്ന പക്ഷം അവര്‍ക്ക് ജി.സി.എസ്.ഇ വിജയം 22 ശതമാനം ഉയര്ത്താനാകുമാത്രേ!

വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ആറ് വയസുകാരായ കുട്ടികള്‍ക്ക് റീഡിങ്ങ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ ആലോചിക്കുന്നുണ്ട്. കൂട്ടത്തില്‍ സിലബസിലെ സ്പെല്ലിംഗ്, പങ്ക്ച്ച്വല്‍, ഗ്രാമര്‍ തുടങ്ങിയവയും കടുകട്ടിയാക്കിയെക്കും. കണക്കുകളും കാര്യങ്ങളും ഇങ്ങനെയാനെന്നിരിക്കെ നമ്മളെന്തിനു ബ്രിട്ടനില്‍ പഠിക്കണമെന്ന്, അതും ഉയര്‍ന്ന ഫീസ് നല്‍കി ആലോചിക്കേണ്ടിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.