1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2012

ഇംഗ്ലീഷ്‌ ഭാഷ സ്വദേശികളെപ്പോലെ സംസാരിക്കുവാന്‍ അറിയാത്ത കുടിയേറ്റക്കാരുടെ ജോലിക്ക് ഭീഷണിയുണ്ടെന്ന് ക്യാബിനറ്റ്‌ മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കുവാന്‍ അറിയാതെ സ്കൂള്‍ വിടുന്ന കുടിയേറ്റ യുവത്വത്തെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്ന് എറിക് പിക്കിള്‍സ് വിലയിരുത്തി.

സാമൂഹികബന്ധങ്ങളുടെയും ഏകീകരണത്തിന്റെയും വക്താവായ ഇദ്ദേഹം ബ്രിട്ടീഷ്‌ സംസ്കൃതിയോടു കുടിയേറ്റക്കാര്‍ അലിഞ്ഞു ചേരേണ്ട ആവശ്യകതയെപ്പറ്റി സംസാരിച്ചു. ഇതിനു ഇംഗ്ലീഷ്‌ ഭാഷ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ്‌ ഭാഷ ശരിയായി കൈകാര്യം ചെയ്യുവാനറിയാത്ത ഒരു കൂട്ടം ഫലത്തില്‍ ജോലി നഷ്ടപ്പെട്ടവരായി മാറും എന്നതില്‍ സംശയമൊന്നും വേണ്ട.

തദ്ദേശീയരെപ്പോലെ ഇംഗ്ലീഷ്‌ സംസാരിക്കുന്നതിന് ഇന്ന് പലര്‍ക്കും കഴിയുന്നില്ല എന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രതികരണം. പ്രൈമറി സ്കൂളുകളിലെ പതിനേഴു ശതമാനം കുട്ടികളും ഇംഗ്ലീഷ്‌ ഭാഷയില്‍ പ്രാവീണ്യമില്ലാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. മാത്രവുമല്ല സ്റ്റേറ്റ് സെക്കന്‍ഡറികളില്‍ 12 ശതമാനം കുട്ടികളും ഇംഗ്ലീഷ്‌ ആദ്യഭാഷയായി പഠിക്കുന്നില്ല. ആറു വര്ഷം മുന്‍പ് ഈ കണക്കുകള്‍ 12 ശതമാനം,10 ശതമാനം എന്നിവയായിരുന്നു.

കുടിയേറ്റക്കാരെ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിന്റെ ഭാഗമായി പത്തു മില്ല്യന്‍ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്‌. ഇംഗ്ലീഷ്‌ ഭാഷ എന്ന പൊതു ഘടകം കുടിയേറ്റക്കാരെയും ബ്രിട്ടീഷ്‌ ജനതയെയും ഒരുമിപ്പിക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ കരുതുന്നുണ്ട്. വംശീയപരമായ പ്രശ്നങ്ങള്‍ ഇപ്പോഴും ബ്രിട്ടനില്‍ നിലനില്‍ക്കുന്നുണ്ടെന്നതു തള്ളിക്കളയാനാകാത്ത സത്യമാണ്. കഴിഞ്ഞ സര്‍ക്കാര്‍ കുടിയേറ്റക്കാരോടു സ്വീകരിച്ച നിലപാടുകള്‍ വളരെ മോശമായിരുന്നു എന്നും കുടിയേറ്റക്കാര്‍ ജനതയുടെ ഭാഗമല്ല എന്ന രീതിയിലായിരുന്നു പലപ്പോഴും അധികൃതര്‍ നടപടികള്‍ കൈക്കൊണ്ടതെന്നും ഇപ്പോഴത്തെ അധികാരികള്‍ വ്യക്തമാക്കി.

ബഹുസംസ്ക്കാരം എന്ന രാജ്യത്തിന്റെ നിലപാടിലും ഇപ്പോഴത്തെ സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ബ്രിട്ടണിന്റെ സ്വന്തം സംസ്കൃതിയിലേക്ക് മടങ്ങിപ്പോകുവാനായി ഇംഗ്ലീഷും കൃസ്ത്യന്‍ മതവും നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍. ഇംഗ്ലീഷ്‌ അറിയാത്ത കുടിയേറ്റക്കാര്‍ക്ക് ദിനവും ജോലി ലഭിക്കുന്നതും ഇംഗ്ലീഷ്‌ അറിയുന്ന ബ്രിട്ടന്‍ സ്വദേശികള്‍ക്ക് കമ്പനികള്‍ ജോലി കൊടുക്കാതിരിക്കുന്നതും സര്‍ക്കാരിനെ ആശങ്കാകുലരാക്കിയിട്ടുണ്ട് എന്ന് സാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.