യൂറോമില്ല്യണ്‍ ഭാഗ്യജോടികളായ കേസിയും മാറ്റും ഒടുവില്‍ തനി നിറം പുറത്തെടുത്തു. ജാക്ക്പോട്ട് ലഭിച്ചതിനു ശേഷവും തങ്ങളുടെ ലോ ബഡ്ജറ്റ് വിവാഹവേദി മാറ്റുകയില്ല എന്ന് ആണയിട്ടവരാണ് ഇപ്പോള്‍ ത്രീസ്റ്റാര്‍ ആഡംബരത്തിലേക്ക് മാറുന്നത്. നോട്ടിംഗ്‌ഹാമിനു അടുത്തുള്ള ഒരു ത്രീ സ്റ്റാര്‍ ഹോട്ടലിലാണ് ഇപ്പോള്‍ ഇവരുടെ വിവാഹ സങ്കല്‍പം പാറിനടക്കുന്നത്. ഇരുപത്തിരണ്ടുകാരായ ഈ വധൂവരന്മാര്‍ എന്തായാലും തങ്ങള്‍ക്കു വീണു കിട്ടിയ സൌഭാഗ്യത്തെ ആഘോഷിക്കാന്‍ തന്നെയാണ് തീരുമാനം.
ഹോട്ടലില്‍ പ്രവേശിച്ചപ്പോള്‍ കേസിയാണ് തന്റെ സുഹൃത്തിന്റെ മുന്‍പില്‍ വച്ച് മാറ്റ് ടോപ്പ്ഹാമിനോട് ഇവിടെയാണ് തങ്ങളുടെ വിവാഹം നടക്കാന്‍ പോകുന്നത് എന്ന സത്യം വിളിച്ചു പറഞ്ഞത്. സെപ്റ്റംബറില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിവാഹം റിസ്ലീ ഹാള്‍ ഹോട്ടലില്‍ നടക്കും.മുന്‍പ് സാമ്പത്തിക പ്രശ്നങ്ങളാല്‍ വലയുകയായിരുന്ന ഇരുവരും 80 ഓളം കുടുംബങ്ങളെയാണ് വിവാഹത്തിനു ക്ഷണിക്കുവാന്‍ പദ്ധതി ഇട്ടിരുന്നത്.
ടോപ്ഹാമിന്റെ അച്ഛന്‍ ബ്രയാന്‍ ആണ് വെഡിംഗ് കേക്കിനായി പണം മുടക്കുവാന്‍ തയ്യാറായിരുന്നത്. മുന്‍പ് ആഗസ്റ്റില്‍ വിവാഹം നടത്താന്‍ തയാറായ ഇവര്‍ വെറും പതിനാറു കുടുംബങ്ങളെ ക്ഷണിക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പണമില്ലാത്തതിനാല്‍ ഡി.ജെ.ക്ക് പകരമായി ഐപോഡ് ആണ് ഉപയോഗിക്കുവാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറി മറഞ്ഞിരിക്കുകയാണ്. ജാക്ക്പോട്ട് ലഭിച്ച സമയത്ത് തങ്ങളുടെ പഴയ പദ്ധതികളില്‍ മാറ്റം ഉണ്ടാകില്ല എന്ന് മാധ്യമങ്ങളോട് നല്‍കിയ ഉറപ്പാണ് ഇവര്‍ കാറ്റില്‍ പറത്തിയത്.
മധുവിധു വിദേശത്തായിരിക്കും എന്നതിനും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 76 മുറികളുള്ള ഹോട്ടലില്‍ വച്ച് വിവാഹ അസൂത്രകരുമായി ഇവര്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കയാണ്. ജാക്ക്പോട്ടിനു തൊട്ടു മുന്‍പ് കേസിക്ക് പതിനായിരം പൌണ്ടിന്റെ മറ്റൊരു സമ്മാനവും ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ച പണത്തില്‍ നിന്നുമായിരുന്നു കേസി ലോട്ടറി വാങ്ങിയത്. വാങ്ങിയ ആദ്യ ലോട്ടറിയില്‍ തന്നെ കടന്നു വന്നത് നാല്പത്തഞ്ചു മില്ല്യണ്‍ പൌണ്ടാണ്.
മൂന്നര വര്ഷം മുന്‍പാണ് ഈ ജോടികള്‍ ആദ്യമായി കണ്ടു മുട്ടുന്നത്. കുടുംബപരമായ പല പ്രശ്നങ്ങളാല്‍ വലയുകയായിരുന്നു ടോപ്പ്‌ഹാം. അതിനിടയിലാണ് കേസി ആശ്വാസമായി കടന്നു വന്നത്. ആറു വര്ഷം മുന്‍പ് മാറ്റിന്റെ അച്ഛനും അമ്മയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് പിന്നീട് മാറ്റ് അമ്മയോട് സംസാരിക്കുമായിരുന്നില്ല. സ്വന്തമായി ഒരു വീടാണ് വിവാഹ ശേഷം ഈ ഭാഗ്യ ജോടികളുടെ സ്വപ്നം. അത് സത്യമാകാന്‍ ഇനി എന്തായാലും അധികസമയം ഒന്നും വേണ്ടി വരുകയുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല