1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

തട്ടിപ്പുകള്‍ അതിന്റെ ഭാവവും രൂപവും മാറ്റി കൊണ്ടിരിക്കുന്ന കാലമാണിത്. ഉയര്‍ന്ന ശമ്പളവും ജോലിയും മോഹിക്കുന്നവരാന് കേരളത്തില്‍ കൂടുതലും തട്ടിപ്പിന് ഇരയാകുന്നത് ഇത്തരത്തില്‍ വ്യാജവിവാഹം നടത്തി കേരളത്തില്‍ നിന്നു നെടുമ്പാശേരിയില്‍വഴി യൂറോപ്പിലേക്കു നഴ്സുമാരെ കടത്തുന്നതായുള്ള വിവരം പുറത്ത് വന്നിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്കിയാണു നഴ്സുമാരെ കടത്തുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വന്റാക്കറ്റാണ് ഇതിനു പിന്നില്‍ എന്നാണു സൂചന. ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ എത്തുന്നവര്‍ക്കു ലഭിക്കുന്നതാകട്ടെ ഹോട്ടല്‍ ജോലിയും വീട്ടുവേലയും. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍നിന്നുപോയ നിരവധി പെണ്‍കുട്ടികള്‍ ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ജോലിയില്ലാതെ അലയുകയാണ്.

വന്‍തുക മുടക്കി വിദേശരാജ്യങ്ങളില്‍ എത്തിയ യുവതികളുടെയും യുവാക്കളുടെയും അവസ്ഥ വളരെ ദയനീയമാണെന്നു ഇത്തരത്തില്‍ ജോലി തേടി ഇറ്റലിയിലെത്തിയ കോട്ടയം സ്വദേശിനിയായ പേര് വെളിപ്പെടുത്താത്ത ഒരു യുവതി പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നഴ്സിംഗ് പഠനം പൂര്‍ത്തികരിച്ചു ജോലി ചെയ്യുന്നവരെ അവിടെനിന്ന് ഏജന്റുമാര്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്കി കയറ്റി അയക്കുകയാണു ചെയ്യുന്നത്.

വിദേശത്തേക്കു പോകുന്നതിനു വ്യാജമായി വിവാഹം നടത്തിയാണ് ഇവരെ കയറ്റി അയക്കുന്നത്. വിദേശത്തേക്കു പോകുന്നതിനു തയാറായ യുവതിയെയും യുവാവിനെയും ദമ്പതികളായി ചിത്രീകരിച്ചു വ്യാജ സിഡി നിര്‍മിക്കും. ഇതിനുശേഷം സിഡി നല്കി ഓസ്ട്രിയന്‍ എംബസിവഴി യൂറോപ്പില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിന് 15 ദിവസത്തേക്കു ലഭിക്കുന്ന ഷെങ്കന്‍ വിസ കൈക്കലാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന വീസ നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ ഏജന്റുമാരുടെ സഹായത്തോടെ എമിഗ്രേഷന്‍ ക്ളിയറന്‍സ് നടത്തും. ഇതിനാവശ്യമായ രേഖകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റിന് ആദ്യം അഞ്ചു ലക്ഷം രൂപ നല്കണം. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് സമയത്ത് 25,000 രൂപ വീതം വധുവും വരനും നല്കണം. ഓസ്ട്രിയന്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അവിടെയുള്ള മലയാളി ഏന്റുമാര്‍ ഇവരെ സ്വീകരിക്കും.

ഓസ്ട്രിയയില്‍നിന്ന് ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ് പതിവ്. മിലാന്‍, റോം, നേപ്പിള്‍, സിസിലി റെയില്‍വേ സ്റേഷനിലെത്തിക്കും. എന്നാല്‍ ഇവിടെ എത്തുന്നവര്‍ക്കു ആവശ്യമായ സൌകര്യങ്ങളോ ജോലിയോ ഏജന്റുമാര്‍ ചെയ്തു കൊടുക്കാറില്ല. ഇവിടെനിന്നു വധുവരന്മാര്‍ രണ്ടായി പിരിയും. ബന്ധുക്കള്‍ ഉള്ളവരാണെങ്കില്‍ അവരോടൊപ്പം പോകാം. അല്ലാത്തവരുടെ അവസ്ഥ വളരെ ദയനീയമാണ്. യൂറോപ്പില്‍ ജോലി നല്കാമെന്നു പറയുന്നവരുടെ അടുക്കല്‍ എത്തിച്ചശേഷം ഏജന്റമാര്‍ മുങ്ങുകയാണ പതിവ്. ജോലി തേടി അലയുന്നവര്‍ അവസാനം വീട്ടുജോലി സ്വീകരിക്കേണ്ടതായി വരുന്നു. ഇവര്‍ക്കു ലഭിക്കുന്നതാകട്ടെ 600 യൂറോ മത്രം. വീട്ടുജോലി ചെയ്യുന്ന യുവതികള്‍ പീഡനത്തിനുവരെ ഇരയാകുന്നു. ലക്ഷങ്ങള്‍ മുടക്കി വിദേശത്തേക്കു പോകുന്ന നഴ്സുമാര്‍ തിരികെ പോകാന്‍ മടികാണിക്കുന്നതായും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.