1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2012

വ്യാജ വധുവിനെ കാണിച്ച് വിവാഹത്തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെക്കൂടി ചേവായൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു. മുഖ്യപ്രതി കൊയിലാണ്ടി കാവുംവട്ടം ലത്തീഫാണ് (34) നാട്ടില്‍ ഒളിവില്‍ കഴിയവേ ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയലിന്റെ പിടിയിലായത്. വ്യാജ വധുവിനെ കാണിച്ച് 30ല്‍പരം വരന്മാരില്‍നിന്ന് ആഭരണവും പണവും തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരനാണ് ലത്തീഫ്.
ഇതേ കേസില്‍ നരിക്കുനി എരവന്നൂര്‍ പുത്തന്‍വീട്ടില്‍ സിറാജുദ്ദീന്‍ ഹംസ (40), എലത്തൂര്‍ ചെട്ടിക്കുളം വടക്കെ തൈക്കണ്ടി ഹനീഫ അഹമ്മദ് (44), കൊയിലാണ്ടി മുചുകുന്ന് പാലാടി മീത്തല്‍ എ.പി. ഷാജി (34) എന്നിവരെ മേയ് മൂന്നിന് ചേവായൂര്‍ സി.ഐ അറസ്റ്റ്ചെയ്തിരുന്നു.

വിവിധ പത്രങ്ങളില്‍ വരുന്ന ‘വധുവിനെ ആവശ്യമുണ്ട്’ പരസ്യം വായിച്ച് അവരുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തിവന്നത്. കണ്ണൂരിലും നരിക്കുനിയിലുമുള്ള രണ്ട് യുവതികളെ മേയ്ക്കപ്പിട്ട് മാറിമാറി വധുക്കളായി കൊണ്ടുവരുകയും താലിമാലയും മഹറും പൂജിക്കാനെന്ന പേരില്‍ കൈക്കലാക്കി മുങ്ങുകയുമാണ് തട്ടിപ്പിന്റെ രീതി. രണ്ടാം വിവാഹക്കാരും മധ്യവയസ്കരുമാണ് കൂടുതലും തട്ടിപ്പിന് ഇരയായത്.

പത്രത്തില്‍ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിഞ്ഞതിനുശേഷം സഹോദരിയെന്ന വ്യാജേനയാണ് വധുക്കളെ പരിചയപ്പെടുത്തുക. വാചക കസര്‍ത്തില്‍ വരന്‍ വീണാല്‍ കൂടിക്കാഴ്ചക്കുള്ള തീയതി ഉറപ്പിക്കും. തലേദിവസം ഫോണില്‍ വിളിച്ച് വധുവിന്റെ ബന്ധു മരിച്ചതായും പറഞ്ഞ സ്ഥലത്തിനടുത്ത ഏതെങ്കിലും ഹോട്ടലില്‍ എത്തിയാല്‍ വധുവിനെ കാണാമെന്നും അറിയിക്കും.

ബന്ധുമരിച്ചതിന്റെ ദുഃഖത്തിലായതിനാല്‍ വധുവിനോട് സംസാരിക്കാന്‍ കഴിയില്ലെന്നും അറിയിക്കും. ഹിന്ദു വരന്മാരും മുസ്ലിം വരന്മാരും ഒരേപോലെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് കൂടുതലും തട്ടിപ്പിന് ഇരയായത്. നരിക്കുനിയിലും കണ്ണൂരിലുമുള്ള നവവധുക്കള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു. കോടതിയില്‍ ഹാജരാക്കിയ ലത്തീഫിനെ 14 ദിവസം റിമാന്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.