1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2015

കോട്ടയം: ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാടുവാന്‍ കര്‍ഷകരെ കിട്ടില്ലെന്ന് ആവര്‍ത്തിച്ചുപ്രഖ്യാപിച്ചുകൊണ്ട് കോട്ടയം തിരുനക്കര പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ കര്‍ഷക ഐക്യവേദിയായ ദ പീപ്പിളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉപവാസസമരം ചരിത്രസംഭവമായി. പൊള്ളുന്ന വെയിലിലും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കലിനോടൊപ്പം ആയിരക്കണക്കിന് കര്‍ഷകരാണ് മുഴുവന്‍ സമയ ഉപവാസത്തില്‍ പങ്കുചേര്‍ന്നത്. വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ കാര്‍ഷികമേഖല തകര്‍ന്നടിയുമ്പോള്‍ ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ വഴിപാടുസമരങ്ങളും പാഴ്‌വാഗ്ദാനങ്ങളും നടത്തി കര്‍ഷകരെ വഞ്ചിക്കുകയാണെന്നും അടിയന്തര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ വന്‍ ദുരന്തങ്ങളുണ്ടാകുമെന്നും ഉപവാസസമരത്തിലുടനീളം കര്‍ഷകര്‍ വികാരത്തോടെ പങ്കുവച്ചു.

രാവിലെ 10ന് ആരംഭിച്ച ഉപവാസസമരത്തില്‍ സംഘാടകസംഘം കണ്‍വീനര്‍ ഡിജോ കാപ്പന്‍ (മാനേജിംഗ് ട്രസ്റ്റി, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍) ആമുഖപ്രഭാഷണം നടത്തി. പി.സി.ജോസഫ് എക്‌സ് എംഎല്‍എ (ചെയര്‍മാന്‍, സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ് ഗൈഡന്‍സ്&റിസര്‍ച്ച്)സ്വാഗതം ആശംസിച്ചു. വിവിധ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ (ജനറല്‍ കണ്‍വീനര്‍, ഹൈറേഞ്ച് സംരക്ഷണ സമിതി), അഡ്വ.ജോണ്‍ ജോസഫ് (ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബഹു.മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി (രക്ഷാധികാരസമിതിയംഗം ഹൈറേഞ്ച് സംരക്ഷണ സമിതി ), ജോസ് പുത്തേട്ട് (പ്രസിഡന്റ് കര്‍ഷകവേദി), ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ (ദേശീയ ചെയര്‍മാന്‍, ഇന്‍ഫാം കണ്ണൂര്‍), മുതലാംതോട് മണി (ജന.സെക്രട്ടറി ദേശീയ കര്‍ഷകസമാജം പാലക്കാട്), ടി.പീറ്റര്‍ (ജന. സെക്രട്ടറി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ തിരുവനന്തപുരം), ഫാ.തോമസ് പീലിയാനിക്കല്‍ (ഡയക്ടര്‍ കുട്ടനാട് വികസനസമിതി ആലപ്പുഴ), വി.വി.അഗസ്റ്റിന്‍ (കണ്‍വീനര്‍ അഗ്രികള്‍ച്ചറല്‍ ഫോറം എറണാകുളം), ജോസഫ് തോമസ് വെട്ടത്ത് (ജനറല്‍ സെക്രട്ടറി, കര്‍ഷകവേദി), സി.കെ.മോഹനന്‍ (രക്ഷാധികാരസമിതിയംഗം, ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി), ഫാ.ആന്റണി കൊഴുവനാല്‍ (ജന.സെക്രട്ടറി, പശ്ചിമഘട്ട സംരസമിതി കോഴിക്കോട്), ഡോ.എം.സി.ജോര്‍ജ്ജ് (ദേശീയ ട്രസ്റ്റി ഇന്‍ഫാം), ജോസ് മാത്യു (പ്രസിഡന്റ് സനാതനം കര്‍ഷക സംഘം കൊല്ലം), കെ.മൈതീന്‍ ഹാജി (ദേശീയ വൈസ്പ്രസിഡന്റ്, ഇന്‍ഫാം), ജോയി ജോസഫ് (പ്രസിഡന്റ് ഇഎഫ്എല്‍ പീഢിത കൂട്ടായ്മ നിലമ്പൂര്‍), ജിനറ്റ് മാത്യു (പ്രസിഡന്റ്, പരിയാരം കര്‍ഷകസമിതി തൃശൂര്‍), ജോസ് എടപ്പാട്ട് (റീജണല്‍ പ്രസിഡന്റ് ഇന്‍ഫാം മൂവാറ്റുപുഴ), വി.ജെ.ലാലി (കര്‍ഷകവേദി ചങ്ങനാശ്ശേരി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കര്‍ഷക അവകാശ പ്രഖ്യാപന കരടുരേഖ ദ പീപ്പിള്‍ കോര്‍ഡിനേറ്ററര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചു. സമാനമായ പ്രക്ഷോഭങ്ങള്‍ കേരളത്തിലെ ഇതര ജില്ലാകേന്ദ്രങ്ങളിലും വരും നാളുകളില്‍ സംഘടിപ്പിക്കും. വെറും വോട്ടുബാങ്കുകള്‍ മാത്രമായി കര്‍ഷകരെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ചു.

ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാല രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മലങ്കര ക്‌നാനായ ആര്‍ച്ച്ബിഷപ് മാര്‍ സെബീറിയോസ്, വിജയപുരം രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ജസ്റ്റിസ് പി.കെ.ഷംസുദീന്‍, സത്യസായി സമുന്നയുടെ ചെയര്‍മാന്‍ ഡോ.എന്‍.ആര്‍.മേനോന്‍, ആലുവ ഹൈന്ദവസേവാശ്രമം അധിപന്‍ സ്വാമി പുരാനന്ദ, ഡോ.ജോണ്‍ ദാനിയേല്‍, മുന്‍ എംപി തോമസ് കുതിരവട്ടം, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എം.കെ.തോമസ്‌കുട്ടി എന്നിവര്‍ ഉപവാസസമരത്തിന് ഐക്യദാര്‍ഡ്യമേകി സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുന്‍ എംഎല്‍എ പി.എം.മാത്യു, മാണി സി.കാപ്പന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ട്രഷറര്‍ ടി.ഡി.ജോസഫ് തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട ഒട്ടനവധിപേര്‍ രാവിലെ മുതല്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സമരപന്തലിലൂടെ കടന്നുപോയി.

മലങ്കര യാക്കോബായ സിറിയന്‍ മെത്രാപ്പോലീത്താ തോമസ് മാര്‍ തിമോത്തിയോസില്‍ നിന്നും നാരങ്ങാനീരു സ്വീകരിച്ചുകൊണ്ട് മാര്‍ മാത്യു അറയ്ക്കല്‍ ഉപവാസസമരം അവസാനിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.