1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2011

നാടിനെ നടുക്കി കോളജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി. പോലീസിന്റെ വിദഗ്ധമായ ഇടപെടലിലൂടെ മുക്കാല്‍ മണിക്കൂറിനകം കാറും തട്ടിക്കൊണ്ടുപോയവരും കസ്റഡിയിലായി. തട്ടിക്കൊണ്ടുപോകലിന്റെ ചുരുളഴിഞ്ഞപ്പോള്‍ കഥ ഒന്നാംതരം സിനിമാക്കഥ പോലെ. ഇന്നലെ രാവിലെ എട്ടിനു ചിറ്റൂര്‍ അണിക്കോട് ജംഗ്ഷനിലാണു തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. അണിക്കോട് ബസ് കാത്തുനില്ക്കുകയായിരുന്ന കഞ്ചിക്കോട്ടെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയെ കാറിലെത്തിയ സംഘം ബലമായി പിടിച്ചു കാറിനുള്ളിലിട്ടു കടക്കുകയായിരുന്നു. സംഭവം നേരില്‍ക്കണ്ടു നാട്ടുകാരും കടക്കാരും ഓട്ടോ ഡ്രൈവര്‍മാരും പോലീസിനെ വിവരമറിയിച്ചു. പോലീസിന് ആകെ ലഭിച്ചതു കാറിന്റെ നമ്പര്‍.

കൊടുമ്പ് ഭാഗത്തുകൂടി പാലക്കാട്ടേക്കു പോകുകയായിരുന്നു വാഹനം. ഉടന്‍തന്നെ ചിറ്റൂര്‍ സിഐയും എസ്ഐയും ജില്ലാ അധികാരികളുമായി ബന്ധപ്പെട്ടു. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം വാഹനം കടന്നുപോകാവുന്ന വഴികളിലെല്ലാം വലവിരിച്ചു. ട്രാഫിക് പോലീസിന്റെ സേവനം ഫലപ്രദമായി വിനിയോഗിച്ചു പലേടത്തും വാഹനം തടയാനും ശ്രമം നടത്തി. എങ്കിലും പലയിടത്തുനിന്നു രക്ഷപ്പെട്ട കാര്‍ ഒടുവില്‍ കുഴല്‍മന്ദത്തു കുടുങ്ങി. കുഴല്‍മന്ദം ദേശീയപാതയിലും അനുബന്ധ റോഡുകളിലും പോലീസ് അരമണിക്കൂറോളം ഗതാഗതം നിര്‍ത്തിവയ്പിച്ചു. കുഴല്‍മന്ദം സ്റേഷനുമുന്നില്‍ റോഡില്‍ കണ്െടയ്നര്‍ ലോറി തടസമായി നിര്‍ത്തിയിരുന്നു. പോലീസിന്റെ വിദഗ്ധമായ ഇടപെടലിലൂടെ വണ്ടി തടഞ്ഞ് അതിലുണ്ടായിരുന്നവരെ കുഴല്‍മന്ദം സ്റേഷനിലെത്തിച്ചു. അപ്പോഴാണു പോലീസിനെപ്പോലും വേദനിപ്പിച്ച കദനകഥ പുറത്തുവന്നത്.

വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയതു സ്വന്തം പിതാവും പിതൃസഹോദരിയും. പത്തൊമ്പതുകാരിയായ യുവതി ഒരുവര്‍ഷം മുമ്പ് വിളയോടി സ്വദേശിയെ രജിസ്റര്‍ വിവാഹം കഴിച്ചു ഭര്‍ത്താവിനൊപ്പമാണ് താമസം. സ്വന്തം വീട്ടുകാരുമായി പിന്നീടു യുവതിക്കു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പോലീസിന്റെ ചോദ്യംചെയ്യലില്‍ താന്‍തന്നെയാണ് മകളെ തട്ടിക്കൊണ്ടുപോയതെന്നു പിതാവ് സമ്മതിച്ചു. ഭാര്യ കുറച്ചുനാളുകളായി രോഗശയ്യയിലാണെന്നും ഇയാള്‍ പറഞ്ഞു.

അമ്മ മകളെ കാണണമെന്നു നിരന്തരമായി ആവശ്യപ്പെടാറുണ്ടത്രെ. മകളുടെ ഭര്‍തൃവീട്ടുകാരുമായി സംസാരിച്ചെങ്കിലും അവരതു സമ്മതിച്ചില്ല. മകള്‍ക്കും താത്പര്യമില്ലായിരുന്നു. ഗത്യന്തരമില്ലാതെ മകളെ അമ്മയുടെ അടുത്തേക്കു പിതാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്തു കേസെടുക്കുന്നില്ലെന്നു പോലീസ് അധികൃതര്‍ പറഞ്ഞു. എങ്കിലും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനത്തിനെതിരേ കേസെടുത്തിട്ടുണ്ട്. യുവതിയെ പിന്നീടു ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. പുതുനഗരം പോലീസില്‍ പരാതി നല്കുമെന്ന് ഇവരുടെ ഭര്‍ത്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.