1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2011

മക്കളും കൊച്ചുമക്കളും കൊണ്ടുതരുന്ന മരുന്നും ഭക്ഷണവും കഴിച്ച് കട്ടിലില്‍ പുതച്ചുമൂടിക്കിടക്കേണ്ട പ്രായത്തില്‍ ഫൗജ സിങ് ലോക റെക്കോഡിലേക്ക് കുതിക്കുകയാണ്. 100 വയസ്സുള്ള ഫൗജ സിങ് ഞായറാഴ്ച ടൊറന്‍േറാ വാട്ടര്‍ഫ്രന്‍ഡ് മാരത്തണില്‍ പങ്കെടുക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ എന്ന ബഹുമതിക്കര്‍ഹനായി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടും.

പഞ്ചാബിലെ ജലന്ധറില്‍ 1911-ല്‍ ജനിച്ച ഫൗജസിങ് ഭാര്യയും കുട്ടികളും മരിച്ചതോടെ ഇംഗ്ലണ്ടിലേക്ക് കുടിയേറി. 89-ാം വയസ് മുതലാണ് മാരത്തണ്‍ ഓട്ട മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയത്. 2003-ല്‍ അഞ്ച് മണിക്കൂറും 40 മിനിറ്റും നാല് സെക്കന്‍ഡും കൊണ്ട് 26.2 മൈല്‍ ഓടി 90 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ലോകറെക്കോഡും കരസ്ഥമാക്കി.

ദിവസവും 10 മൈലിലേറെ നടക്കുന്ന ഈ ഇംഗ്ലണ്ടുകാരന് ‘തലപ്പാവ് കെട്ടിയ കൊടുങ്കാറ്റ്’ എന്ന വിളിപ്പേരുകൂടി ആരാധകര്‍ നല്‍കിയിട്ടുണ്ട്. ലണ്ടന്‍ മാരത്തണില്‍ 92-ാം വയസ്സില്‍ പങ്കെടുത്തതോടെ ഏറ്റവും കൂടുതല്‍ പ്രായമുള്ള മത്സരാര്‍ഥി എന്ന വിശേഷണവും നേടി. എല്ലാ ദിവസവും ഓടുന്നതാണ് തന്റെ ആയുസ്സിന്റെ രഹസ്യമെന്ന് ഫൗജസിങ് പറയുന്നു. യോഗയും ഇഞ്ചിക്കറിയുമാണ് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ രഹസ്യമെന്ന് സി.എന്‍.എന്‍. ചാനലും പറയുന്നു.

ആതന്‍സ് മാരത്തണില്‍ 1972-ല്‍ തന്റെ 98-ാം വയസ്സില്‍ പങ്കെടുത്ത ദിമിത്രീയോണ്‍ യോര്‍ഡാനിഡിസിന്റെ പേരിലാണ് ഇപ്പോള്‍ ഏറ്റവും പ്രായംകൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ എന്ന ഗിന്നസ് റെക്കോഡ്. എന്നാല്‍ അസോസിയേഷന്‍ ഓഫ് റോഡ് റെയ്‌സിങ് സ്റ്റാറ്റിസ്റ്റീഷ്യന്‍സ് ഫൗജ സിങ്ങിന് പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ എന്ന ബഹുമതി 93-ാം വയസ് മുതല്‍ നല്‍കിപ്പോരുന്നു. എന്തായാലും ഫൗജ സിങ് വളരെ സന്തോഷത്തിലാണെന്നും ഞായറാഴ്ച നടക്കുന്ന മാരത്തണില്‍ പങ്കെടുക്കാനുള്ള ഉറച്ച തീരുമാനത്തിലാണെന്നും കോച്ച് ഹര്‍മിന്ദര്‍ സിങ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.