വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ പ്രതിയാക്കി തൊടുപുഴ പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. മൂന്നു കേസുകളിലാണ് മണിയേയും മറ്റുള്ളവരെയും പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഐ.പി.സി 302,102,109,118 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മണിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഐ.പി.സി 302 കൊലക്കുറ്റമാണ്. 1983ല്‍ നെടുങ്കണ്ടം മേഖലയില്‍ നടന്ന മൂന്ന് കൊലപാതകങ്ങളെക്കുറിച്ചാണ് മണി തന്റെ പ്രസംഗത്തില്‍ പമാര്‍ശിച്ചത്. രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം കൊലപ്പെടുത്തിയതിന്റെ ചരിത്രവും എങ്ങനെ പദ്ധതി തയാറാക്കി എന്നതു സംബന്ധിച്ചുമാണ് മണി വെളിപ്പെടുത്തിയത്. മൂന്നു കൊലപാതകങ്ങളുടെ ഏകദേശ രൂപവും വ്യക്തമാക്കിയിരുന്നു.
പ്രസംഗം വിവാദമായതോടെ മണിക്കെതിരേ കേസെടുക്കാന്‍ സാധിക്കുമോയെന്നു ഡയറക്റ്റര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനോടു സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസെടുക്കാമെന്ന നിയമോപദേശം സര്‍ക്കാരിനു ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ചുള്ള കേസ് ഡയറികള്‍ പരിശോധിക്കാന്‍ ഡിജിപി ഉത്തരവിട്ടു. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം തന്നെ പൊലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആരൊക്കെ ഗൂഢാലോചന നടത്തിയെന്നാകും പ്രധാനമായും അന്വേഷിക്കുക. കേസ് ഡയറികള്‍ പരിശോധിക്കുന്നതു പൊലീസ് വേഗത്തിലാക്കി. തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതകങ്ങള്‍ നടന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റേഷനിലേക്കു കൈമാറും. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല