1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2020

സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയിൽ ഇത്തവണ ആറ്‌ മലയാളികൾ ഇടംപിടിച്ചു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് 480 കോടി ഡോളറിന്റെ (35,500 കോടി രൂപ) ആസ്തിയുമായി മുന്നിലെത്തി. സഹോദരന്മാരുടെ കൂടി സമ്പത്ത് കണക്കിലെടുത്താണ് ഇത്. 

അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ് മുന്നിൽ. 445 കോടി ഡോളറാണ് (32,900 കോടി രൂപ) അദ്ദേഹത്തിന്റെ സമ്പാദ്യം. ലുലുവിന്റെ റീട്ടെയിൽ ശൃംഖലയിൽ അബുദാബി സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ എ.ഡി.ക്യു. 8,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയതിനു പിന്നാലെ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്.) കൂടി ഓഹരിയെടുക്കാൻ ഒരുങ്ങുന്നുണ്ട്. അതിനാൽ, വരും വർഷങ്ങളിൽ യൂസഫലിയുടെ സമ്പത്തിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് പ്രതിസന്ധി മൂലം സ്വർണപ്പണയത്തിന് വൻതോതിൽ ഡിമാൻഡ് ഉയർന്നതുമൂലം ഓഹരി വില ഉയർന്നതാണ് മുത്തൂറ്റ് ഫിനാൻസ് ഉടമകളുടെ സമ്പത്തിൽ വലിയ വളർച്ചയുണ്ടാക്കിയത്.

‘ബൈജൂസ് ലേണിങ് ആപ്പ്’ സ്ഥാപകൻ ബൈജു രവീന്ദ്രൻ (305 കോടി ഡോളർ-22,570 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (260 കോടി ഡോളർ-19,240 കോടി രൂപ), ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി (185 കോടി ഡോളർ-13,700 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ എസ്.ഡി. ഷിബുലാൽ (156 കോടി ഡോളർ-11,550 കോടി രൂപ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.

ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായ 13-ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. 8,870 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏതാണ്ട് 6.56 ലക്ഷം കോടി രൂപ. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 2,520 കോടി ഡോളർ (1.86 ലക്ഷം കോടി രൂപ) ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ആദ്യ 100 ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയിൽ 14 ശതമാനം വർധനയുണ്ടായതായി ഫോബ്‌സ് വിലയിരുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.