നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കേരളത്തില്‍ നിന്നുള്ള 10 അംഗ എംപിമാരുടെ സംഘം ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഒരു മാസത്തിനുള്ളില്‍ ശമ്പളം വര്‍ധിപ്പിക്കാമെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്റ് ഉറപ്പ് നല്‍കി. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് മലയാളികള്‍ ഉള്‍പ്പടെ 300 ഓളം നഴ്സുമാരാണ് സമരം നടത്തിയിരുന്നത്.
ഒരു മാസത്തിനുള്ളില്‍ ശമ്പള വര്‍ധന നടപ്പാക്കുമെന്നും നഴ്സുമാര്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും മാനേജ്മെന്റ് അഭ്യര്‍ഥിച്ചു. മാനേജ്മെന്റിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നഴ്സുമാര്‍ സമരം പിന്‍വലിച്ചിട്ടുള്ളത്. അതേസമയം, രാജ്യത്തെ വിവിധ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടപെടാമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാലിനു ഉറപ്പു നല്‍കി.
നഴ്സുമാരുടെ തൊഴില്‍ സുരക്ഷയും മികച്ച സേവന വേതന വ്യവസ്ഥകളും ഉറപ്പാക്കുന്നതിനു നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തൊഴിലിടങ്ങളില്‍ നഴ്സുമാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്നതു ആശങ്കാ ജനകമാണ്. സംസ്ഥാനങ്ങളില്‍ ഇതിനു ശക്തമായ നിയമങ്ങള്‍ ഇല്ലാത്തതിനാലാണ് ഇത്തരം സാഹചര്യങ്ങള്‍ വഷളാകാന്‍ കാരണമെന്നും ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല