1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2012

മുഴുനീളെ പെണ്‍വേഷം കെട്ടി ജീവിക്കുന്ന ആണുങ്ങളുടെ കഥ പറയുന്ന ചില സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ തിരശീലക്കു പുറത്തും അങ്ങനെ ജീവിക്കുന്നവരുണ്ട്. പക്ഷേ‍, ഇത്തരക്കാരുടെ ഉദ്ദേശം തട്ടിപ്പ് നടത്താനാണെന്ന് മാത്രം. മരണമടഞ്ഞ അമ്മയുടെ വേഷം കെട്ടി ആറ് വര്‍ഷം ബെനഫിറ്റ് തട്ടിയെടുത്ത മധ്യവയസ്കന്‍റെ കള്ളി പൊളിഞ്ഞു. തോമസ് പര്‍കിന്‍ എന്ന അമ്പത്തൊന്നുകാരനാണ് തട്ടിപ്പ് നടത്തിയതിന് പിടിയിലായത്. ഗവണ്‍മെന്‍റിനെ വഞ്ചിച്ചു ഇയാള്‍ ബെനഫിറ്റ് തട്ടിയെടുതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി തോമസിനെ 83 വര്‍ഷം തടവ് ശിക്ഷ വിധിച്ചു ജയിലില്‍ അടച്ചു.

മരണമടഞ്ഞ അമ്മയുടെ ബെനഫിറ്റ് തട്ടിയെടുക്കാന്‍ ഇയാള്‍ അമ്മയുടെ മുടിക്ക് സമാനമായ വിഗ്ഗ് സംഘടിപ്പിച്ച് തലയില്‍ അണിഞ്ഞു, കൂടാതെ വിരല്‍നഖങ്ങളില്‍ ചായം പൂശി, അമ്മയുടെ വസ്ത്രം അണിഞ്ഞു. ബെനഫിറ്റിന് വേണ്ടി പെണ്‍ വേഷത്തിലേക്ക് കൂടുമാറിയ ഇയാള്‍, പുറത്തു സഞ്ചരിച്ചിരുന്നത് വൃദ്ധ മാതാവിന്‍റെ വേഷത്തിലായിരുന്നു. കൂടാതെ “വൃദ്ധയായ” തന്നെ സഹായിക്കാന്‍ എപ്പോഴും ഒരു സഹായിയെ കൂടെ കൊണ്ട് നടക്കുമായിരുന്നു. എന്നാല്‍ തോമസിന്‍റെ വൃദ്ധ മാതാവ് ഐറിന്‍ പ്രുസിക് 2003 ല്‍ തന്നെ മരണമടഞ്ഞിരുന്നു.

തോമസിന്‍റെ മാതാവ് 73 വയസില്‍ മരണമടയുമ്പോള്‍ ലഭ്യമായിരുന്ന സോഷ്യല്‍ സെക്യൂരിറ്റി ബെനഫിറ്റ്, ഭവന വാടക ആനുകൂല്യം എന്നീ ആനുകൂല്യങ്ങളാണ് ഗവണ്‍മെന്‍റിനെ വഞ്ചിച്ചു തോമസ് തട്ടിയെടുത്തത്. 2003 മുതല്‍ 2009 വരെയുള്ള ആറ് വര്‍ഷ കാലയളവിലാണ് ഇയാള്‍ ബെനഫിറ്റ് തട്ടിയെടുത്തത്. ബെനഫിറ്റും, മറ്റ് ആനുകൂല്യങ്ങളുമായി ഇയാള്‍ ആറ് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു 115,00 ഡോളര്‍ തട്ടിയെടുത്തു. അമ്മയുടെ മരണം പുറത്തറിയാതിരിക്കാന്‍ ഇയാള്‍ അമ്മയുടെ വേഷത്തില്‍ പോയി പരേതയുടെ ലൈസന്‍സ് പുതുക്കി. കൂടാതെ ഫ്യൂണറല്‍ ഡയറക്ടറുടെ ഓഫീസില്‍ തെറ്റായ സോഷ്യല്‍ സെക്യൂരിറ്റി നമ്പരും, അമ്മയുടെ ജനനതീയതിയും തെറ്റിച്ച് നല്കി.

2009 ലാണ് തോമസ് അറസ്റ്റിലായത്. മറ്റൊരു കേസില്‍ പരാതി നല്കാന്‍ അമ്മയുടെ വേഷത്തില്‍ എത്തിയ തോമസിന്‍റെ തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്നു അറസ്റ്റിലാവുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇയാള്‍ ബെനഫിറ്റ് തട്ടിയെടുത്ത വിവരം തെളിഞ്ഞത്. മൂന്നു വര്‍ഷം നീണ്ട കോടതി നടപടികള്‍ പൂര്‍ത്തിയായി. പണം അപഹരണം, ആള്‍മാറാട്ടം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ട 11 കുറ്റങ്ങള്‍ കോടതിയില്‍ തെളിഞ്ഞു. തുടര്‍ന്ന്, കോടതി തോമസിന് 83 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തോമസിന്‍റെ സഹായിയായി പ്രവര്‍ത്തിച്ച മ്ഹില്‍ടോണ്‍ റിമോലോയ്ക്കു ഒരു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.