1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2012

ബാങ്കുകളുടേയും ബില്‍ഡിങ്ങ് സൊസൈറ്റികളുടേയും വായ്പാ പദ്ധതികളെ പ്രോത്സാഹിപ്പിക്കാനുളള ഗവണ്‍മെന്റ് പദ്ധതി പൂര്‍ണ്ണമായും നടപ്പിലാകുന്നതോടെ വായ്പകളുടെ പലിശ നിരക്കില്‍ വന്‍ കുറവുണ്ടാകാന്‍ സാധ്യത. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ട്രഷറിയുടേയും സംയുക്ത പദ്ധതിയായ ഫണ്ടിംഗ് ഫോര്‍ ലെന്‍ഡിങ്ങിനായി ഇതിനകം എണ്‍പത് ബില്യണ്‍ ഗവണ്‍മെന്റ് വകയിരുത്തികഴിഞ്ഞു. ഈ ആഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു. യൂറോസോണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ പദ്ധതികള്‍ മരവിപ്പിച്ചിരുന്ന ബാങ്കുകള്‍ക്കും മറ്റും ആശ്വാസമാകുന്ന പദ്ധതിയാണ് ഇത്. ഇതോടെ കൂടുതല്‍ പണം വായ്പകള്‍ക്കായി ചെലവാക്കാനാകുമെന്ന വിശ്വാസത്തിലാണ് ബാങ്കുകള്‍.

നിലവില്‍ വായ്പ എടുത്തിരിക്കുന്നവരുടെ പലിശനിരക്കില്‍ 0.5 ശതമാനം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പല വായ്പാ സ്ഥാപനങ്ങളും അവരുടെ അടിസ്ഥാന പലിശനിരക്കില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. പലിശനിരക്ക് കുറയുന്നതോടെ ആലസ്യത്തിലായിരുന്ന ഭവനവിപണി ഇതോടെ വീണ്ടും ഉഷാറാകുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. നിലവില്‍ എച്ച് എസ് ബി സി, സ്റ്റാന്റാന്‍ഡര്‍, ആര്‍ബിഎസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പുതിയ മോര്‍ട്ട്ഗെജിന് പലിശനിരക്ക് കുറച്ചുകൊണ്ട് ആദ്യം തന്നെ വിപണിയില്‍ കാലുറപ്പിച്ച് കഴിഞ്ഞു. ആഗസ്റ്റ് ഒന്നോടെ കൂടുതല്‍ കമ്പനികള്‍ മികച്ച പദ്ധതികളുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി പ്രകാരം വായ്പകള്‍ക്ക് പതിനഞ്ച് ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

യൂറോസോണ്‍ പ്രതിസന്ധി വായ്പാ പദ്ധതികളെ പ്രതികൂലമായി ബാധിച്ചതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ് ഫണ്ടിംഗ് ഫോര്‍ ലെന്‍ഡിങ്ങ് പദ്ധതി നടപ്പിലാക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ പത്ത് ബില്യണ്‍ പൗണ്ടാണ് മോര്‍ട്ട്ഗേജ് വായ്പയായി അനുവദിച്ചത്. രണ്ടായിരത്തി ഏഴില്‍ ഇത് 107 ബില്യണായിരുന്നു. ബാര്‍ക്ലേസ് ബാങ്ക്, ലോയ്ഡ്‌സ് ഗ്രൂപ്പ്, ആര്‍ബിഎസ് തുടങ്ങി നൂറിലധികം വായ്പാസ്ഥാപനങ്ങള്‍ ഗവണ്‍മെന്റ് ഫണ്ടിന് അര്‍ഹരാണ്. നിലവില്‍ ബാങ്കുകള്‍ വായ്പ നല്‍കിയ തുകയുടെ അഞ്ച് ശതമാനമാണ് ഗവണ്‍മെന്റ് ഫണ്ട് അനുവദിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.