1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2011

ആര്‍ത്തലച്ചെത്തിയ ജനരോഷത്തില്‍ ഒരു ഏകാധിപതിക്കും ജീവിക്കാനാകില്ലയെന്നു തെളിയിക്കുകയാണ് ചരിത്രം വീണ്ടും.. 42 വര്‍ഷക്കാലം ലിബിയന്‍ ജനതയെ അടക്കി ഭരിച്ച കേണല്‍ ഗദ്ദാഫി എന്ന മുവാമര്‍ മുഹമ്മദ് അബു- അല്‍ ഗദ്ദാഫിയെ ഇന്നലെ സ്വന്തം രാജ്യത്തിന്‍റെ വിമത സേന വെടിവച്ചു കൊന്നു. “”എന്നെ വെടിവയ്ക്കരുതേ” എന്ന യാചനയോടെയാണ് ഈ മുന്‍ സൈനികന്‍ വിമതരെ അഭിമുഖീകരിച്ചതെന്നാണു റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ അന്ത്യം എത്ര ഭീതിദമായിരുന്നു എന്ന് ഊഹിക്കാം. ഇറാക്കില്‍ സദ്ദാം ഹുസൈന്‍, ലിബിയയില്‍ കേണല്‍ ഗദ്ദാഫി. സ്വന്തം മണ്ണില്‍ വധിക്കപ്പെടാന്‍ ദുര്യോഗം ലഭിച്ച ഭരണകര്‍ത്താക്കളാണ് ഇവര്‍.

കടും നിറത്തിലുള്ള സഫാരി സ്യൂട്ടും സണ്‍ ഗ്ലാസുമണിഞ്ഞ്; ആഭരണങ്ങളണിഞ്ഞ്, നെയില്‍ പോളിഷിട്ട്, ഹൈഹീല്‍ ചെരുപ്പുമായി വരുന്ന വനിതാ ബോഡി ഗാര്‍ഡുകള്‍ക്കൊപ്പം ലോകം ചുറ്റാനിഷ്ടപ്പെട്ട ഭരണാധികാരി. വേഷത്തിലും ഭാഷയിലും ചെറു ചലനങ്ങളില്‍ പോലും ആഗോള ശ്രദ്ധ പിടിച്ചു പറ്റി. ലോക നോതാക്കള്‍ അണിനിരക്കുന്ന വേദികളിലും മാധ്യമങ്ങളുടെ ഫോക്കസ് ഗദ്ദാഫിയിലേക്കു ചുരുങ്ങിയതിനു പിന്നില്‍ അദ്ദേഹത്തിന്‍റെ വിചിത്രമായ സമീപനങ്ങള്‍ തന്നെ. 2009ല്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ച ഗദ്ദാഫി ആവശ്യപ്പെട്ടത് ജോണ്‍ എഫ്. കെന്നഡിയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെയും വധത്തെക്കുറിച്ചുള്ള പുനരന്വേഷണം. അതോടെ, യുഎസ് നയതന്ത്രജ്ഞര്‍ പുതിയ വിശേഷണം ചാര്‍ത്തിക്കൊടുത്തു- ചപലനും ഉന്മാദിയും.

എന്നാല്‍, കേണല്‍ ഗദ്ദാഫിക്ക് മറ്റുള്ളവരില്‍ നിന്നെല്ലാം ഏറെ വ്യത്യാസങ്ങളുണ്ട്. ലോകം സമീപഭൂതകാലത്തു കണ്ട ആളായിരുന്നില്ല ഒരിക്കല്‍ ഗദ്ദാഫി. എണ്ണസമ്പന്നമായ ആഫ്രിക്കന്‍ രാജ്യമായ ലിബിയ അടക്കിഭരിച്ച ഇദ്രിസ് രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സൈന്യത്തില്‍ ചേര്‍ന്ന യുവാവായിരുന്നു ഗദ്ദാഫി. രാജാവിനെക്കാള്‍ രാഷ്ട്രത്തോടു കൂറുണ്ടായിരുന്ന യുവ സൈനികനെ, രാജാവിന്‍റെ പല ചെയ്തികളും അസ്വസ്ഥനാക്കി. സമ്പത്തു മുഴുവന്‍ കൈവശം വച്ച ഇദ്രിസ് രാജാവിന്‍റെ കാലത്ത് അരാജകത്വവും പട്ടിണിയുമായിരുന്നു ലിബിയയിലെ സാധാരണക്കാര്‍ക്ക്. വരുമാനമുണ്ടായിട്ടും ജനങ്ങള്‍ക്ക് അതിന്‍റെ പ്രയോജനം കിട്ടിയിരുന്നില്ല. രാജാവിനെതിരേ അവസരം നോക്കിയിരുന്ന ഗദ്ദാഫിക്ക് ഒടുവില്‍ അതു ലഭിക്കുകയും ചെയ്തു. രോഗബാധിതനായി ഇദ്രിസ് രാജാവ് വിദേശത്തു ചികിത്സയ്ക്കു പോയ തക്കം നോക്കി ഗദ്ദാഫി ഏതാനും യുവ സൈനികരെയും കൂട്ടി കൊട്ടാരത്തിലേക്കു മാര്‍ച്ച് ചെയ്തു. താത്കാലിക ഭരണം നിര്‍വഹിച്ചിരുന്ന ഇദ്രിസിന്‍റെ മരുമകനെ അട്ടിമറിച്ച് കൊട്ടാരവും ഭരണവും കൈയടക്കി.

ഇനിയൊരിക്കലും രാജഭരണം വരാത്തവിധത്തില്‍ അതിശക്തമായ സൈനിക സന്നാഹങ്ങളോടെ, ലിബിയയെ തന്‍റെ വശത്താക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഇദ്രിസിന്‍റെ ദുര്‍ഭരണത്തില്‍ മനംമടുത്ത ജനങ്ങളായിരുന്നു അന്നു ഗദ്ദാഫിയുടെ കരുത്ത്. 1969 സെപ്റ്റംബര്‍ ഒന്നിന് രക്തരഹിത വിപ്ലവത്തിലൂടെ ലിബിയ പിടിച്ചെടുക്കുമ്പോള്‍ ഗദ്ദാഫിക്കു പ്രായം വെറും 27. തുടക്കത്തില്‍ സാധാരണ ലിബിയക്കാര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു ഗദ്ദാഫി ഭരണം. എന്നാല്‍, അധികം വൈകാതെ ഗദ്ദാഫിയിലെ സ്വേച്ഛാധിപതിയെ ലിബിയക്കാര്‍ കണ്ടു തുടങ്ങി. രാജാക്കന്മാരുടെ രാജാവാണു താനെന്ന് അദ്ദേഹം വിളംബരം ചെയ്തു. രാജ്യത്തിന്‍റെ സമ്പത്തു വളരണമെന്നും വരുമാനം ഉയരണമെന്നും ആഗ്രഹിച്ച അദ്ദേഹം, അതെല്ലാം തന്‍റെ കൈവശം തന്നെ വന്നുചേരണമെന്നും ശഠിച്ചു.

ലോകം കണ്ട ലിബിയയ്ക്കു പകരം ആരും കാണാത്ത മറ്റൊരു ലിബിയ കേണല്‍ ഗദ്ദാഫി ഭൂമിക്കടിയില്‍ നിര്‍മിച്ചു. ഭൂമിയില്‍ കിട്ടാവുന്ന സകല ആഡംബരങ്ങളും ആര്‍ഭാടങ്ങളും ഭൂമിക്കടിയിലൊളിപ്പിച്ച് ആസ്വദിച്ചു. തനിക്കെതിരേ തിരിയുന്ന ആരെയും എന്തിനെയും തച്ചുതകര്‍ത്തു. ഒടുവില്‍ മകനെ കിരീടാവകാശിയാക്കി, പുതിയൊരു രാജവംശത്തിനു തുടക്കം കുറിക്കാനുള്ള ഒരുക്കത്തിനിടെയാണ് രണ്ടു വര്‍ഷം മുന്‍പ് ലിബിയക്കാര്‍ തെരുവിലിറങ്ങിയത്. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ സമരം ചെയ്തവരെ ഗദ്ദാഫി സേന ഒരു ദയയും കാട്ടാതെ വെടിവച്ചു കൊന്നു. സ്ത്രീകളെയും കുട്ടികളെയും പോലും നിഷ്കരുണം വധിച്ചതോടെ, ജനങ്ങള്‍ കൂട്ടംകൂട്ടമായി സര്‍ക്കാര്‍വിരുദ്ധ പോരാട്ടത്തിനിറങ്ങി. ദേശീയ പരിവര്‍ത്തന സമിതി എന്ന പേരില്‍ രൂപം കൊണ്ട ഈ ജനമുന്നേറ്റമാണ് ഇന്നലെ ഗദ്ദാഫിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. നാറ്റോ സേനയുടെ പിന്‍ബലവും അവര്‍ക്കുണ്ടായിരുന്നു.

ഇഷ്ടക്കാരില്‍ സ്വയം സമര്‍പ്പിക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല ലിബിയന്‍ ഏകാധിപതിക്ക്. ആശ്രയത്വത്തില്‍ ഒരുതരം ഒബ്സെഷന്‍തന്നെ പ്രകടിപ്പിച്ചു. സുന്ദരികളായ നാലു നഴ്സുമാരുടെ പരിചരണം ഏതു നേരത്തും ലഭ്യമായിരുന്ന ഗദ്ദാഫിക്ക് ഈ ബന്ധങ്ങള്‍ അനല്‍പ്പമായ ചീത്തപ്പേരും ഉണ്ടാക്കിക്കൊടുത്തു. പാശ്ചാത്യമാധ്യമങ്ങള്‍ ലിബിയയിലെ അന്തഃപുരങ്ങളെക്കുറിച്ച് നിര്‍ലോഭമെഴുതി. ഗദ്ദാഫിയെ തങ്ങള്‍ പപിക (അച്ഛന്‍) എന്നാണു വിശേഷിപ്പിച്ചിരുന്നതെന്നും അദ്ദേഹവുമായി വഴിവിട്ട ബന്ധമില്ലായിരുന്നെന്നും 24 കാരി ഒക്സാന ബലിന്‍സ്കയ എന്ന നഴ്സ് വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ ഏപ്രിലില്‍. ലിബിയന്‍ ഏകാധിപതി എന്നതിനപ്പുറമുള്ള വിശേഷണങ്ങള്‍ മുവാമര്‍ ഗദ്ദാഫിക്കുണ്ട്. മുതലാളിത്തത്തിനെതിരേ ദേശസാത്കരണം ഉള്‍പ്പെടെയുള്ള സാമ്പത്തിക ന യങ്ങളിലൂടെ ശക്തി തെളിയിച്ച ഗദ്ദാഫിക്ക് ലോകത്തെമ്പാടുമുള്ള ബാങ്കുകളില്‍ ആസ്തിയുണ്ട്. ലിബിയന്‍ ഇന്‍വെസ്റ്റ്മെന്‍റ് അഥോറിറ്റിക്ക് ലോകത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ 400 കോടി ഡോളറിന്‍റെ നിക്ഷേപമുണ്ട്.

റോയല്‍ ബാങ്ക് ഒഫ് സ്കോട്ട്ലന്‍ഡ്, ജെപി മോര്‍ഗന്‍ ചെയ്ത്, ബാങ്ക് ഒഫ് ന്യൂയോര്‍ക്ക്, ഗോള്‍ഡ്മാന്‍ സാക്സ് എന്നീ ബാങ്കുകളിലും അക്കൗണ്ടുകളും നിക്ഷേപവുമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് ഗദ്ദാഫിയുടെ എച്ച്എസ്ബിസിയിലെ 10 അക്കൗണ്ടുകള്‍ യുഎന്നും യൂറോപ്യ ന്‍ യൂണിയനും മരവിപ്പിച്ചിരുന്നു. 7000 കോടി ഡോളറിലധികം ആസ്തിയുള്ള ലിബിയന്‍ ഇന്‍വെസ്റ്റ്മെന്‍റ് അഥോറിറ്റി ലോകത്തെ ഏറ്റവും വലിയ 13മാത്തെ വെല്‍ത്ത് ഫണ്ടിങ് കമ്പനിയാണ്.

ഗദ്ദാഫിക്ക് നിക്ഷേപമുള്ള ഏക ഇന്ത്യന്‍ സ്ഥാപനമാണ് ഐസിഐസിഐ ബാങ്ക്. കഴിഞ്ഞ വര്‍ഷം മാത്രം ഗദ്ദാഫിക്ക് ഇതുവഴി ഒരു കോടി വരുമാനമായി ലഭിച്ചുവെന്ന് ഗ്ലോബല്‍ വിറ്റ്നസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഗദ്ദാഫിക്ക് നിയന്ത്രണമുള്ള ലിബിയന്‍ ഇന്‍വെസ്റ്റ്മെന്‍റ് അഥോറിറ്റി 2.96 കോടി ഡോളറാണു ബാങ്കില്‍ നിക്ഷേപിച്ചത്. യുഎസില്‍ ലിസ്റ്റ് ചെയ്ത രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ. 2008ല്‍ ഗദ്ദാഫി സര്‍ക്കാര്‍ 130 കോടി ഡോളര്‍ ഗോള്‍ഡ്മാന്‍ സാച്സ് ഗ്രൂപ്പില്‍ നിക്ഷേപിച്ചതായി വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഈ നിക്ഷേപത്തിന് 98% മൂല്യനഷ്ടമുണ്ടായെന്നും പത്രറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവല്ലാത്ത അറബ് നേതാവാണു ചരിത്രത്തില്‍ കേണല്‍ ഗദ്ദാഫി. സ്വന്തം രാജ്യത്ത് ഏതു വ്യവസ്ഥിതിക്കെതിരേയാണോ അദ്ദേഹം അട്ടിമറി നടത്തിയത്, അതേ വ്യവസ്ഥിതി പുനഃസ്ഥാപിച്ചതിന്‍റെ പേരിലാണ് ജനങ്ങള്‍ അദ്ദേഹത്തിനു വധശിക്ഷ വിധിച്ചത്. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കും ഇതു പാഠമാകേണ്ടതാണ്. ഗദ്ദാഫിയുടെ കാലത്ത് ലിബിയ സാമ്പത്തികമായി വളര്‍ന്നു എന്നു സമ്മതിക്കാം. ഈ വളര്‍ച്ചയുടെ ഗുണഭോക്താക്കളാകാന്‍ ജനങ്ങള്‍ക്കു കഴിഞ്ഞില്ല എന്നതാണ് അതിലും ശ്രദ്ധിക്കപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യങ്ങളെ കൂട്ടിയിണക്കി യുനൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് ആഫ്രിക്ക എന്ന ഐക്യ ആഫ്രിക്ക ഗദ്ദാഫിയുടെ നടക്കാതെപോയ സ്വപ്നമാണ്. അദ്ദേഹത്തിന്‍റെ സ്വേച്ഛാധിപത്യ ശൈലി അറിയാവുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആ വലയില്‍ വീണില്ല എന്നു പറയാം.

വിദേശയാത്രകളില്‍ അദ്ദേഹം ടെന്റില്‍ കഴിഞ്ഞു. ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍, തന്റെ പ്രസംഗം അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ 200 ഇറ്റാലിയന്‍ സുന്ദരികളെ മോഡലിങ് ഏജന്‍സിക്ക് പണം നല്‍കിയാണ് അദ്ദേഹം വരുത്തിയത്. വെള്ളത്തിന് മീതെ പറക്കാനോ എട്ടു മണിക്കൂറിലധികം വിമാനത്തില്‍ യാത്ര ചെയ്യാനോ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ മാത്രമേ അദ്ദേഹം താമസിച്ചിരുന്നുള്ളൂ. 35 പടികളിലധികം കയറിയിരുന്നുമില്ല.
ഭാര്യമാര്‍ രണ്ടുണ്ടായിരുന്നു ഗദ്ദാഫിക്ക്. ഫാത്തിമയും സഫിയയും. ഫാത്തിമയില്‍ ഒരു മകന്‍ മുഹമ്മദ്. ലിബിയ കലുഷിതമായപ്പോള്‍ നാടുവിട്ടു ഇദ്ദേഹം. സഫിയയില്‍ ഏഴ് മക്കള്‍. സയിഫ് അല്‍ ഇസ്‌ലാം, സാദി, മുതാസിം, ഹാനിബാള്‍, സയിഫ് അല്‍-അറബ്, ഖമിസ്, ആയിഷ. സയിഫ് കൊല്ലപ്പെട്ടു. ഹാനിബാളും സാദിയും ആയിഷയും നാടുവിട്ടു. സഫിയയും ലിബിയയിലില്ല. മുതാസിം വിമതസേനയുടെ പിടിയിലാണ്. മിലാദ് എന്ന ഒരു ദത്തുപുത്രനും ഗദ്ദാഫിക്കുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ല.

ഒടുവില്‍ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനവികാരം ഈജിപ്റ്റും കടന്ന് ലിബിയയിലെത്തി ഗദ്ദാഫിയുടെ കിരീടവും തെറിപ്പിച്ചാണു നില്‍ക്കുന്നത്. കേണല്‍ ഗദ്ദാഫി ഇനിയില്ല എന്നു സമ്മതിക്കുമ്പോള്‍ത്തന്നെ, ലിബിയ സുരക്ഷിതമോ എന്ന ചോദ്യം ബാക്കി. അതിസമ്പന്നമായ എണ്ണപ്പാടങ്ങളില്‍ കണ്ണു നട്ട് ലിബിയയില്‍ ചുറ്റിത്തിരിയുന്ന നാറ്റോ സഖ്യത്തിന്‍റെ ഭാവി നടപടികള്‍ എങ്ങനെ എന്നാണു ലോകം ഇനി ശ്രദ്ധിക്കുന്നത്. ദേശീയ പരിവര്‍ത്തന സമിതിയുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷണ വിധേയമാണ്. ഗദ്ദാഫി രൂപം നല്‍കിയ ലിബിയന്‍ അറബ് റിപ്പബ്ലിക്ക് എന്ന സ്വതന്ത്ര പരമാധികാര രാജ്യത്ത് ശക്തമായ ജനാധിപത്യം എപ്പോള്‍? കഷ്ടിച്ച് അറുപതു ലക്ഷത്തോളം വരുന്ന ലിബിയക്കാരുടെ മുന്നിലുള്ള ചോദ്യവും അതു തന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.