1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2012

സൗരയൂഥം ഉള്‍പ്പെടുന്ന നമ്മുടെ ഗ്യാലക്‌സി തൊട്ടടുത്ത ആന്‍ഡ്രോമെഡ എന്ന ഗ്യാലക്‌സിയുമായി കൂട്ടിയിടിയുടെ വക്കിലാണന്ന് നാസ. നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂട്ടിയിടി നടക്കുമെന്നാണ് കരുതുന്നതെന്നും നാസ അറിയിച്ചു. എന്നാല്‍ കൂട്ടിയിടിയുടെ ആഘാതം എത്രയായിരിക്കുമെന്നോ എന്തായിരിക്കും അനന്തഫലമെന്നോ പ്രവചിക്കാന്‍ കഴിയില്ലെന്നും മൂന്ന് മുതല്‍ ആറ് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുളളില്‍ രണ്ട് ഗ്യാലക്‌സികളും കൂട്ടിയിടിക്കുമെന്നുമാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.

നാസയുടെ ഹബ്ബിള്‍ സ്‌പേയ്‌സ് ടെലസ്‌കോപ്പ് ഉപയോഗിച്ച് ആന്‍ഡ്രോമെഡ ഗ്യാലക്‌സിയുടെ സഞ്ചാരപഥം കൃത്യമായി അപ്രഗ്രഥിച്ചാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. സൗരയൂഥം ഉള്‍പ്പെടുന്ന മില്‍ക്കിവേ എന്ന നമ്മുടെ ഗ്യാലക്‌സിയുമായി ആന്‍ഡ്രോമെഡ കൂട്ടിയിടിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ കൂട്ടിയിടിക്കാന്‍ കുറഞ്ഞത് നാല് ബില്യണ്‍ വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. ആദ്യത്തെ കൂട്ടിയിടിക്ക് ശേഷം ഗുരുത്വാകര്‍ഷണ ബലം മൂലം ഒറ്റ ഗ്യാലക്‌സിയായി മാറുമെന്നും അതിന് ചുരുങ്ങിയത് രണ്ട് ബില്യണ്‍ വര്‍ഷം വീണ്ടുമെടുക്കുമെന്നുമാണ് കരുതുന്നത്.

ഓരോ ഗ്യാലക്‌സിയിലേയും നക്ഷത്രങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാത്ത അത്ര അകലത്തിലാണങ്കിലും പുതിയ ഗ്യാലക്‌സി രൂപപ്പെടുന്നതോടെ എല്ലാ നക്ഷത്രങ്ങളുടേയും സഞ്ചാരപഥത്തില്‍ വ്യത്യാസമുണ്ടാകുമെന്നാണ് കരുതുന്നത്. മില്‍ക്കിവേ എന്ന നമ്മുടെ ഗ്യാലക്‌സിക്ക് നേര്‍ക്ക് എം31 എന്ന ആന്‍ഡ്രോമെഡ ഗ്യാലക്‌സി മണിക്കൂറില്‍ രണ്ടര ലക്ഷം മൈല്‍ എന്ന വേഗത്തിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വേഗത്തില്‍ സഞ്ചരിച്ചാല്‍ ഒരു മണിക്കുറിനുളളില്‍ ഭൂമിയില്‍ നിന്ന ചന്ദ്രനിലെത്തും. എന്നാല്‍ കൂട്ടിയിടിയുടെ സ്വാഭാവം ആകാശത്തിലെ ഈ ഗ്യാലക്‌സികളുടെ ചലനത്തെ ആശ്രയിച്ചിരിക്കും. ഇത് വ്യക്തമാകാന്‍ കുറഞ്ഞത് 100 വര്‍ഷത്തെ പഠനമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.

രണ്ട്് ഗ്യാലക്‌സികളുടേയും കൂട്ടിയിടിക്ക് ശേഷം ഇവയുടെ നക്ഷത്രസമൂഹങ്ങള്‍ ഒന്നാവുകയും മില്‍ക്കിവേയ്ക്ക് അതിന്റെ പരന്ന രൂപം നഷ്ടമായി പകരം വൃത്താകൃതിയിലുളള സഞ്ചാരപഥത്തിലേക്ക് മാറേണ്ടി വരുകയും ചെയ്യുമെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ഗര്‍ട്ടിന ബെല്‍സ പറഞ്ഞു. പേര്‍ഷ്യന്‍ ജ്യോതിശാസ്ത്രജ്ഞനായ അബ്ദ് – അല്‍-റഹ്മാന്‍ അല്‍ സൂഫിയാണ് 964ല്‍ ആദ്യമായി ആന്‍ഡ്രോമെഡ ഗ്യാലക്‌സിയെ ഒരു മേഘത്തിന്റെ രൂപത്തില്‍ ആദ്യമായി തിരിച്ചറിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.