കേരള കോണ്‍ഗ്രസ് – ബിയിലെ ഭിന്നിപ്പു പൊട്ടിത്തെറിയിലേക്കു നീങ്ങി. ഇന്നലെ പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള മകനും മന്ത്രിയുമായ ഗണേഷ്കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു. മന്ത്രിസ്ഥാനത്തു തുടരണമെന്നു നിര്‍ബന്ധമില്ലെന്നു പറഞ്ഞ ഗണേഷ്കുമാര്‍, രാജിസന്നദ്ധത മുഖ്യമന്ത്രിയെയും യുഡിഎഫ് കണ്‍വീനറെയും അറിയിച്ചിട്ടുണ്െടന്നു യോഗത്തില്‍ വെളിപ്പെടു ത്തി. തുടര്‍ന്നു യോഗം പാതിവഴിയില്‍ പിരിഞ്ഞു. എന്നാല്‍, ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഉയരങ്ങളിലേക്കു കയറുവാന്‍ ഉപയോഗിക്കുന്ന ഏണി കയറിക്കഴിഞ്ഞ ശേഷം തള്ളിയിടുന്നത് ആരായാലും ശരിയല്ലെന്നു ഗണേഷ്കുമാറിന്റെ പേരെടുത്തു പറയാതെ ബാലകൃഷ്ണപിള്ള പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പാര്‍ട്ടിക്കു മന്ത്രി വേണമോ എന്ന് ആലോചിക്കണമെന്നും പറഞ്ഞു. മന്ത്രിയുടെ പ്രവര്‍ത്തനരീതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്െടന്നും കുറ്റപ്പെടുത്തി. പാനല്‍ അവതരണത്തിനു ശേഷം മന്ത്രി ഗണേഷ്എത്തിച്ചേര്‍ന്നപ്പോഴേക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രസംഗിച്ചു തുടങ്ങിയിരുന്നു.
പാലക്കാടുനിന്നുള്ള പ്രതിനിധിയും ആലപ്പുഴ ജില്ലാ പ്രസിഡന്റും മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിയുള്ളതും ഇല്ലാത്തതും ഒരുപോലെയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. യോഗം ബഹളത്തിലേക്കു നീങ്ങുന്നു എന്നു കണ്ടതോടെ ഇത്തരത്തിലുള്ള ചര്‍ച്ച പിന്നീടാകാമെന്നു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ അഡ്വ.സി.എസ്. സുകുമാരന്‍ നായര്‍ നിര്‍ദേശിച്ചു. തുടര്‍ന്നു ഗണേഷ്കുമാര്‍ മറുപടി പറയാന്‍ എഴുന്നേറ്റു.
മന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴേക്കും പിള്ള വേദിയില്‍നിന്നിറങ്ങിപ്പോയി. തനിക്കു മന്ത്രിയായി തുടരണമെന്നു നിര്‍ബന്ധമില്ലെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാമെന്നും ഗണേഷ് പറഞ്ഞു. പത്തനാപുരത്തു ജയിച്ചതു പാര്‍ട്ടി സഹായം കൊണ്ടല്ലെന്നും സ്വതന്ത്രനായി മത്സരിച്ചാല്‍ ഇനിയും 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു വരുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.ഏതു സാഹചര്യത്തിലും താന്‍ യുഡിഎഫിനൊപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ മന്ത്രിസ്ഥാനം പോയാലും പത്തനാപുരത്തെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് കെ.ബി. ഗണേഷ്‌കുമാര്‍. ചുരുക്കം ചില നേതാക്കളൊഴിച്ചാല്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തന്നോടൊപ്പമാണെന്നും ഗണേഷ്‌കുമാര്‍ കണക്കുകൂട്ടുന്നു. അതിനാല്‍ വേണ്ടിവന്നാല്‍ പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കാനും ഗണേഷ് മടിച്ചേക്കില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം നിവാസിയായ ജില്ലാ സെക്രട്ടറിയെത്തന്നെ രംഗത്തിറക്കി സി.പി.എം. പയറ്റിനോക്കിയിട്ടും ഗണേഷിനെ തൊടാനായില്ല.
തുടക്കംമുതല്‍ ഗണേഷിന്റെ പ്രവര്‍ത്തനശൈലി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി ചെയര്‍മാനായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും അദ്ദേഹംതന്നെ നിയോഗിച്ചിരുന്ന പാര്‍ട്ടി ഭാരവാഹികള്‍ക്കും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗണേഷ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നപ്പോള്‍ അച്ഛനും മകനും തമ്മിലുള്ള ഭിന്നത പലതവണ മറനീക്കി പുറത്തുവരികയും ചെയ്തു.
ഉടന്‍ ഒരു പാര്‍ട്ടി രൂപവത്കരിക്കാന്‍ ഗണേഷ് മുതിരില്ലെന്നാണ് പിള്ളയുടെ കണക്കുകൂട്ടല്‍. എന്‍.എസ്.എസ്സിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കാണെന്ന് യു.ഡി.എഫിനെ ബോധ്യപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് ഇല്ലാതിരുന്നാല്‍ തന്നോടൊപ്പമുള്ള ചെറുപ്പക്കാരായ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഗണേഷിനൊപ്പം പോകുമെന്ന ആശങ്കയും പിള്ളയ്ക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല