1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

നെല്ലിയാമ്പതി തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് യുഡിഎഫ് യോഗത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും ചീഫ് വിപ്പ് പി.സി. ജോര്‍ജും ഏറ്റുമുട്ടി. ഭൂമാഫിയയുടെ ആളായി ചിത്രീകരിക്കാന്‍ മന്ത്രി ശ്രമിക്കുന്നതായി ജോര്‍ജ് പരാതിപ്പെട്ടു. ഗണേഷ്‌കുമാറിന്റെ സ്വഭാവം സംബന്ധിച്ചു ജോര്‍ജ് യു.ഡി.എഫിനു നല്‍കിയ കത്തും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.

ജീവിക്കുന്ന തെളിവുണ്ടെങ്കില്‍ കൊണ്ടുവന്നാല്‍ മതി അതിനെക്കൂടെ താന്‍ കെട്ടിക്കൊളാമെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങളെ ഉദ്ധരിച്ച് ഗണേഷിന്റെ മറുപടി. യോഗത്തിന് മുമ്പുതന്നെ ജോര്‍ജ് നെല്ലിയാമ്പതി തോട്ടങ്ങള്‍ സംബന്ധിച്ച ചില രേഖകള്‍ മന്ത്രി ഗണേഷ്‌കുമാര്‍ ഒഴികെയുള്ളവര്‍ക്കു നല്‍കിയിരുന്നു. യോഗത്തില്‍ നെല്ലിയാമ്പതി വിഷയം വന്നപ്പോള്‍ ഇരുവരും പുറത്തുന്നയിച്ച വാദങ്ങള്‍ ഉയര്‍ത്തി. താന്‍ ചെറുകിടകര്‍ഷകരുടെ പാട്ടഭൂമി സംരക്ഷിക്കാനാണു നിലകൊണ്ടതെന്നു ജോര്‍ജ് പറഞ്ഞു.

അതിനിടെ ജോര്‍ജ് വ്യക്തിപരമായി ആക്ഷേപിച്ചെന്നായി ഗണേഷ്‌കുമാര്‍. പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍ നിയമാനുസൃതം ഏറ്റെടുക്കാനുള്ള നടപടിയാണു സ്വീകരിച്ചത്, അല്ലാതെ ആരെയും സഹായിക്കുകയോ ദ്രോഹിക്കുകയോ അല്ല. തനിക്കെതിരേ ‘ജീവിക്കുന്ന തെളിവു’ണ്ടെന്നാണു പറയുന്നത്. ഹാജരാക്കിയാല്‍ അതിനെക്കൂടെ കെട്ടിക്കോളാം. ചെലവിനുകൊടുക്കാന്‍ തനിക്കു കഴിവുണ്ടെന്നും ഗണേഷ് പറഞ്ഞു.
തര്‍ക്കം വഴിവിടുന്നതു കണ്ട് യു.ഡി.എഫ്. നേതാക്കള്‍ ഇടപെട്ടു. വ്യക്തിപരമായ വിമര്‍ശനങ്ങളോ പരസ്യപ്രസ്താവനയോ പാടില്ലെന്നു നിര്‍ദേശിച്ചു. ഒഴിഞ്ഞുമാറിയ ജോര്‍ജിനെക്കൂടി നെല്ലിയാമ്പതി ഉപസമിതിയില്‍ ഉള്‍പ്പെടുത്തിയതോടെ അദ്ദേഹം നിശബ്ദനാകുകയും ചെയ്തു.

പിള്ളയുമായുള്ള പ്രശ്‌നം താന്‍തന്നെ ചര്‍ച്ചചെയ്തു തീര്‍ക്കാന്‍ സന്നദ്ധനാണെന്നും ഗണേഷ്‌കുമാര്‍ യോഗത്തില്‍ വ്യക്തമാക്കി.മുന്നണിയുമായി ആലോചിക്കാതെ നെല്‍വയല്‍ സംരക്ഷണനിയമത്തില്‍ ഇളവനുവദിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത് പിശകാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ സമ്മതിച്ചു. മുന്നണിയില്‍ ആലോചിക്കാതെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മേലില്‍ ഇത്തരം കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ചചെയ്തശേഷമേ തീരുമാനിക്കാവൂവെന്നും ധാരണയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.