1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2021

സ്വന്തം ലേഖകൻ: ജർമ്മനിയിൽ നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിൽ ഡാം തകർന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നോര്‍ത്ത് റൈന്‍വെസ്ററ്ഫാളിയ സംസ്ഥാനത്തിലെ ഹെന്‍സ്ബര്‍ഗ് ജില്ലയിലെ ഒരു സ്ററൗഡാമാണ് തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും 700 ആളുകളെ ഒഴിപ്പിച്ചു സുരക്ഷാ സങ്കേതങ്ങളിലേയ്ക്കു മാറ്റി പാര്‍പ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മഞ്ഞിടിച്ചിലിലുമായി ഇതുവരെ 141 ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഹൈന്‍സ്ബര്‍ഗ് ജില്ലയില്‍, കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയെയും കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് റൂര്‍ പ്രദേശത്തെ ഡാം തകര്‍ന്നത്.

ഇവിടെ രൂക്ഷമായ വെള്ളപ്പൊക്കത്തെ തടയാന്‍ ആളുകള്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണല്‍നിറച്ച ചാക്കുകള്‍ കൊണ്ട് മതില്‍ കെട്ടി പ്രതിരോധിക്കുകയാണ്. നിവരധി മലയാളി കുടുംബങ്ങൾ താമസിക്കുന്ന ഹൈന്‍സ്ബര്‍ഗ് ജില്ലയില്‍ എല്ലാവരും തന്നെ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. ഹൈന്‍സ്ബര്‍ഗിലാണ് ജര്‍മനിയില്‍ ആദ്യമായി കൊറോണ പൊട്ടിപ്പുറപ്പെട്ട സ്ഥലം.

കൊളോണ്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള വിവരമനുസരിച്ച്, വാസര്‍ബെര്‍ഗിലെ ഒഫോവന്‍ ജില്ലയിൽ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിക്കൽ തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ട്വിറ്റര്‍ വഴിയുള്ള സന്ദേശത്തില്‍ 700 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഡാം പൊട്ടല്‍ മൂലമുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റുമാണ് റൈന്‍ലാന്റ് ഫാര്‍സ്, നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ എന്നി സംസ്ഥാനങ്ങളില്‍ ഉണ്ടായത്. അതിനെതുടര്‍ന്നുള്ള ദുരിതങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി ഉയര്‍ന്നതായി പോലീസ് പറഞ്ഞു. നോര്‍ത്ത് റൈന്‍വെസ്ററ് ഫാലിയയില്‍ 43 പേരും റൈന്‍ലാന്‍ഡ് ഫാല്‍സില്‍ 98 പേരുമാണ് മരിച്ചത്.. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

കൊളോണിനു തെക്ക് എര്‍ഫ്റ്റ്സ്ററാട്ട് ജില്ലയിലും ആര്‍വൈലര്‍ ജില്ലയിലുമാണ് മഴ കൂടുതൽ നാശം വിതച്ചത്. കരകവിഞ്ഞൊഴുകിയ എര്‍ഫ്റ്റ് നദി നിരവധി വീടുകള്‍ തകര്‍ത്തു. മണ്ണിടിച്ചിലും മണ്ണൊലിപ്പും ഉണ്ടായതിനെ തുടര്‍ന്ന് കാണാതായ 1300 ആളുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാത്രിയും തുടരുകയാണ്. നിരവധി പാലങ്ങളും ഈ പ്രദേശത്ത് ഒലിച്ചു പോയിട്ടുണ്ട്.

നിലവില്‍ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും കഴിഞ്ഞ 2 നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ കലിതുള്ളി പെയ്തത്. കനത്ത മഴ നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ, റൈന്‍ലാന്‍ഡ് ഫാല്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെയാണ് കൂടുതലായി ബാധിച്ചത്. മിക്കവരുടെയും വീടുകള്‍ നശിച്ചു. വീടുകളിലെ നിലവറകള്‍ വെള്ളത്തിലാണ്.

ജര്‍മനിയിലെ മിക്ക വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കെല്ലര്‍ അഥവാ നിലവറകള്‍ ഉള്ളതിനാല്‍ വെള്ളപ്പൊക്കുണ്ടാകുന്ന സ്ഥലങ്ങളില്‍ ഈ നിവറകളെയാണ് ആദ്യം ബാധിക്കുക. അഗ്നിശമന സേനക്കാര്‍ വന്ന് വെള്ളം പമ്പുചെയ്തു കളഞ്ഞാലും ഈര്‍പ്പം തങ്ങി നിന്ന് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകും. നിരവധി മലയാളി കുടുംബങ്ങളുടെ കെല്ലറിലും വെള്ളം കയറിയിട്ടുണ്ട്

വെള്ളപ്പൊക്കം അനവധി റോഡുകളും റെയില്‍വേകളും അസാധ്യമാക്കി. ജര്‍മന്‍ റെയില്‍വേ ഡോയ്റ്റ്ഷെ ബാന്റെ ദീര്‍ഘദൂര ട്രാഫിക്കില്‍ നിരവധി ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ആര്‍വൈലര്‍ എര്‍ഫ്സ്ററാഡ്റ്റ്, ഹാഗന്‍ എന്നിവിടങ്ങളില്‍ രണ്ടു ലക്ഷത്തോളം ആളുകള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്.

പ്രകൃതിദത്ത ഗ്യാസ് പൈപ്പ്ലൈന്‍ ആര്‍വൈലര്‍ ജില്ലയില്‍ ഗ്യാസ് വിതരണം പരാജയപ്പെട്ടത് പുനസ്ഥാപിക്കാന്‍ ആഴ്ചകളോളം സമയം വേണ്ടിവരും. മുന്നറിയിപ്പ് സംവിധാനങ്ങളുടെ സഹായത്തോടെ കാലാവസ്ഥാ വിദഗ്ധര്‍ നിലവിലെ സ്ഥിതി വിലയിരുത്തുകയാണ്.

ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റെറയ്ന്‍മയര്‍ ശനിയാഴ്ച ദുരന്ത ബാധിധ പ്രദേശമായ റെയിന്‍ എര്‍ഫ്റ്റ് ജില്ല സന്ദര്‍ശിച്ചു. എന്‍ആര്‍ഡബ്ള്യു മുഖ്യമന്ത്രി അര്‍മിന്‍ ലാഷെറ്റും പ്രസിഡന്റിനൊപ്പം സന്ദര്‍ശനം നടത്തി. ഈ നൂറ്റാണ്ടിലെ വെള്ളപ്പൊക്കം എന്ന് വിളിക്കപ്പെട്ട 2002 ലെ വെള്ളപ്പൊക്കത്തിൽ സാക്സോണി സംസ്ഥാനത്ത് 21 പേരാണ് മരിച്ചത്.

പടിഞ്ഞാറന്‍ ജര്‍മ്മന്‍ പ്രദേശങ്ങളില്‍, തെരുവുകളും വീടുകളും ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയിരിക്കയാണ്, വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ ഒലിച്ചിറങ്ങിയ കാറുകള്‍ തെരുവുകളില്‍ മറിഞ്ഞു. ചില ജില്ലകള്‍ പുറം ലോകത്തില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

വരും ദിവസങ്ങളില്‍ അടിയന്തര സേവനങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് റൈന്‍ലാന്‍ഡ് ഫാല്‍സ് ആഭ്യന്തര മന്ത്രി റോജര്‍ ലെവെന്‍റ്സ് പറഞ്ഞു.നിലവറകള്‍ ശൂന്യമാക്കുമ്പോഴോ നിലവറകള്‍ പമ്പ് ചെയ്യുമ്പോഴോ, ഈ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകളൂറ്റെ മൃതദേഹങ്ങൾ കണ്ടെടുത്തേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

മൂന്നു ദിവസമായി തുടരുന്ന വെള്ളപ്പൊക്ക ദുരന്തത്തില്‍ യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 165 ആയി. അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ 24 പേരാണ് മരിച്ചത്. അതേസമയം ലക്സംബര്‍ഗിനെയും നെതര്‍ലന്‍ഡിനെയും വെള്ളപ്പാച്ചിൽ സാരമായി ബാധിച്ചു, മാസ്ട്രിച്റ്റ് നഗരത്തില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.