ഇതിലും വിലക്കുറവ് മറ്റെവിടെയെങ്കിലും ഉണ്ടെന്ന് കാണിച്ചു തന്നാല്‍ ഞങ്ങള്‍ മുപ്പതു യൂറോ തിരിച്ചു തരാന്‍ തയാറാണ്….ഇത്തരത്തില്‍ ഒരു പരസ്യവാചകത്തില്‍ വലിയ കൗതുകമുണ്ടാവില്ല മലയാളിക്ക്. ഇതിനേക്കാള്‍ വലിയ തിരിച്ചു തരല്‍ അവകാശങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജര്‍മനിയുടെ തലസ്ഥാന നഗരമായ ബെര്‍ലിനില്‍ ഇത്തരത്തില്‍ ഒരു പരസ്യ വാചകത്തിനു തൊട്ടുമുമ്പ് ശവസംസ്കാരം നടത്തിക്കൊടുക്കുന്നതാണ് എന്നുകൂടി എഴുതിയിട്ടുണ്ടെങ്കിലോ…
ലോകത്ത് പരിചിതമായ നിരവധി ബ്രാന്‍ഡുകള്‍ വരുന്നുണ്ട് ജര്‍മനിയില്‍ നിന്ന്. യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്മാരുടെ താവളമാണ് ജര്‍മന്‍ നഗരങ്ങള്‍. മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍, വലിയ ഫ്ളക്സുകള്‍, പരസ്പരം തോല്‍പ്പിക്കാന്‍ പാകത്തിനുള്ള പരസ്യ വാചകങ്ങള്‍ ഇതൊനും അവിടെ പുതുമയല്ല. എന്നാല്‍ ശവസംസ്കാരം കുറഞ്ഞ ചെലവില്‍ നടത്തിക്കൊടുക്കുന്ന ഗ്രൂപ്പുകള്‍ വര്‍ധിച്ചത് അടുത്തിടെയാണ്. അവര്‍ തമ്മില്‍ കോംപറ്റീഷന്‍ കൂടിയപ്പോള്‍ മാര്‍ക്കറ്റിങ് രീതികള്‍ മാറി. ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മികച്ച ഓഫിസുകള്‍ തുറന്നു. ബോര്‍ഡുകള്‍ വച്ചു. വിവിധ വര്‍ണങ്ങളില്‍ ബ്രോഷറുകള്‍ അടിച്ചു.
മനുഷ്യനെ ആറടി മണ്ണിലേക്കു വയ്ക്കാനാണ് ഇതെല്ലാം എന്നോര്‍ക്കണം. 2009 മുതലാണ് പുതിയ പ്രവണതകള്‍ കണ്ടു തുടങ്ങിയത്. വീട്ടില്‍ പ്രായമായവര്‍ മാത്രമാണ് താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇത്തരം ഏജന്‍സികളെ നേരത്തേ തന്നെ വിളിക്കാം. പേര് രജിസ്റ്റര്‍ ചെയ്യാം. അവസാന ശ്വാസവും നിലച്ചു കഴിഞ്ഞാല്‍ ശവസംസ്കാര ഏജന്‍സികള്‍ ഏറ്റെടുക്കും. പിന്നെ എല്ലാം അവരാണ്. 2800 യൂറോ മുതല്‍ 3500 യൂറോ വരെയാണ് സാധാരണ സംസ്കാരങ്ങള്‍ക്കു ചെലവു വരുന്നത്. ഇതില്‍ പല തരത്തില്‍ ഇളവുകള്‍ അവതരിപ്പിച്ചാണ് ഫേമുകള്‍ രംഗത്തുള്ളത്.
ചില കമ്പനികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും സ്വീകരിക്കും. Beastatt ungen.de. എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ വളരെ വിചിത്രമായി തോന്നാം. അതിന്‍റെ ഹോം പേജില്‍ മരണം കാത്തിരിക്കുന്നവരെപ്പോലെ വൃദ്ധദമ്പതികളെ അവതരിപ്പിക്കുന്നു. പിന്നെ നിരവധി ഓപ്ഷനുകളും. ഫ്യൂണറല്‍ എങ്ങനെ വേണം എന്നു തെരഞ്ഞെടുക്കാം. ദഹിപ്പിക്കല്‍, അടക്കല്‍, സമുദ്രത്തില്‍ സംസ്കരിക്കല്‍ അങ്ങനെ പലതും. മരണം: എന്തു ചെയ്യും എന്ന ശീര്‍ഷകത്തിനു താഴെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് എന്തു ചെയ്യണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നു. സംസ്കാരത്തിന്‍റെ വിവിധ സാധ്യതകള്‍ എന്തൊക്കെ, വീട്ടില്‍ പെട്ടെന്ന് ഒരു മരണമുണ്ടായാല്‍ സഹായം എത്തിക്കുന്നതിനെക്കുറിച്ച്, അനുശോചനം എങ്ങനെയൊക്കെയാവും എന്ന്…ഇങ്ങനെ ഒരു മരണത്തിനു ശേഷം കൈകാര്യം ചെയ്യേണ്ട വിവിധ കാര്യങ്ങളില്‍ സഹായം വാഗ്ദാനം ചെയ്യുന്നു Beastatt ungen.de. ഒരു ശവസംസ്കാര ചടങ്ങില്‍ എങ്ങനെ പണം ലാഭിക്കാം എന്ന ഉപദേശങ്ങള്‍ വേറെ.
സംസ്കാരചടങ്ങ് ഏറ്റെടുത്തു നടത്തുന്നതും അതിന് പരസ്യം ചെയ്യുന്നതുമൊക്കെ ഇന്നത്തെ സാഹചര്യത്തില്‍ മനസിലാവും. എന്നാല്‍ പണം ലാഭിക്കാനുള്ള വഴികള്‍ വീട്ടുകാര്‍ക്കു പറഞ്ഞുകൊടുക്കുന്നതും ഡിസ്കൗണ്ട് ഓഫര്‍ ചെയ്യുന്നതുമൊക്കെയാണ് സംശയം ജനിപ്പിക്കുന്നത്. ജര്‍മനിയുടെ സാമൂഹ്യഅവസ്ഥകളുമായി ബന്ധപ്പെടുത്തി വേണം ഇതിനെ കാണാന്‍. ഇരുപത്തിനാലോ ഇരുപത്തഞ്ചോ വയസില്‍ ജോലികിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ ആണായാലും പെണ്ണായാലും വീട്ടില്‍ നിന്നു മാറും. പിന്നെ അവര്‍ക്ക് അവരുടെ ലോകമായി. പിന്നെയും ഒരു ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം കഴിഞ്ഞ് ഇവര്‍ അറിയുന്നു, അച്ഛന്‍ അല്ലെങ്കില്‍ അമ്മ മരിച്ചെന്ന്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇവര്‍ക്കിടയില്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല എന്നോര്‍ക്കണം. പലപ്പോഴും കാണാന്‍ തന്നെ ഇടയില്ല. പല വീടുകളിലും മക്കളുടെ ജീവിത പങ്കാളിയെ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനും അമ്മയുമുണ്ട്. ഇരുപത് ഇരുപത്തഞ്ചു വര്‍ഷമായി കാണാത്തവരുടെ ശവസംസ്കാര ചടങ്ങിന് ഇത്രയും കാശുമുടക്കുന്നത് എന്തിന് എന്നാണ് പലരുടേയും ചിന്ത. സിബിഐ ഡയറിക്കുറിപ്പില്‍ ഡിവൈഎസ്പി വര്‍മ പറയുന്നതു പോലെ, മരിച്ചവരോ മരിച്ചു. ജിവിച്ചിരിക്കുന്നവരെ എന്തിനാ തോമാച്ചാ ബുദ്ധിമുട്ടിക്കുന്നേ…എന്ന രീതി.
അപ്പോഴാണ് അണ്ടര്‍ട്ടേക്കേഴ്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കമ്പനികളുടെ സാധ്യത. അവര്‍ അതു മാക്സിമം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. സാധാരണ ഗതിയില്‍ മൂവായിരം യൂറോ ചെലവു വരുന്ന സംസ്കാര ചടങ്ങ് അഞ്ഞൂറു യൂറോയ്ക്കു വരെ നടത്തിക്കൊടുക്കാംഎന്ന ഓഫര്‍ വരുമ്പോള്‍ പലരും അതു സ്വീകരിക്കുന്നു. എന്നാല്‍ കാശു കുറയുമ്പോള്‍ പരേതനോടുള്ള ബഹുമാനവും കുറയും എന്നു പറയുന്നു ചിലര്‍. ചെയ്യേണ്ട കര്‍മങ്ങള്‍ ഒന്നും ചെയ്യുന്നില്ല, ശരിയായ രീതിയില്‍ അല്ല സംസ്കാരം തുടങ്ങിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടക്കും വിധത്തില്‍ ഫ്യൂണറല്‍ ഫേമുകള്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മെനയുന്നു. സംസ്കാരം നടത്താന്‍ ഉപയോഗിക്കുന്ന പെട്ടികള്‍ വരെ പ്രദര്‍ശിപ്പിക്കുന്നു അവര്‍. കാശുമുടക്കാന്‍ സന്മനസുള്ള മക്കളോ ബന്ധുക്കളോ ഉള്ള പരേതര്‍ക്ക് ജര്‍മനിയില്‍ സമാധാനം എന്നാണ് ഈ ഫ്യൂണറല്‍ രംഗത്തിന്‍റെ അന്ത്യമാം രംഗം..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല