1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2011

ഒരുലക്ഷത്തിലധികം രൂപ ബോണസ്സ്…! ഇത് ഒരാണ്ടുമുഴുവന്‍ എല്ലുമുറിയെ അധ്വാനിച്ച് വിയര്‍പ്പൊഴുക്കിയതിന് ഒരുസംഘം ആളുകള്‍ക്ക് ലഭിച്ച ഓണസമ്മാനം. ഉടയാത്ത വേഷവിധാനവും പദവിയുമായി മെയ്യനങ്ങാതെ ഓണം ബോണസ്സും അലവന്‍സുകളും വാങ്ങിയവരല്ല ഇവര്‍.

ചൂളംവിളിച്ച് പായുന്ന തീവണ്ടിയുടെ ഇരമ്പലിനൊപ്പം പൊടിതിന്ന് ചോരനീരാക്കിയ തൊഴിലാളികളുടെ മധുരിക്കുന്ന കഥയാണിത്. കോട്ടയം റെയില്‍വേ ഗുഡ്‌സ്‌ഷെഡ്ഡിലെ സി.ഐ.ടി.യു. സംഘടനയില്‍പ്പെട്ട തൊഴിലാളികളാണ് വൈറ്റ്‌കോളര്‍ ജോലിക്കാരെയും, എന്തിന് ഐ. ടി. മേഖലയിലുള്ളവരെപ്പോലും അമ്പരിപ്പിക്കുന്ന വന്‍ തുക ഓണത്തിന് സ്വന്തമാക്കിയത്.

ഗുഡ്‌സ് ഷെഡ്ഡിലെ തൊഴിലാളികളുടെ ഓണം ബോണസ്സും മറ്റ് അലവന്‍സുകളും ചേര്‍ത്താണ് ഒരു തൊഴിലാളിക്ക് ഒരുലക്ഷത്തിലധികം രൂപ ബോണസ് ലഭിച്ചത്. ആറുപേര്‍ ചേര്‍ന്ന ഒരുബാച്ചാണ് 10 ടണ്‍ ലോഡുള്ള ഒരുബോഗിയില്‍നിന്ന് ഭാരമിറക്കുന്നത്. തൊഴിലാളികള്‍ക്കെല്ലാം ഒരുലക്ഷം രൂപ വീതം ബോണസ്സായി ലഭിച്ചെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാദിവസവും അവധിയെടുക്കാതെ പണിയെടുത്തവര്‍ക്കാണ് ഇത്രയധികം തുക ബോണസ്സായി ലഭിച്ചത്. 50,000 രൂപയ്ക്ക് മുകളിലാണ് എല്ലാ തൊഴിലാളികള്‍ക്കും ലഭിച്ച തുക. 50,000 മുതല്‍ 1,15,000 രൂപവരെ ലഭിച്ച തൊഴിലാളികളിവിടുണ്ട്.

ഓണത്തിനുപുറമെ ക്രിസ്മസ്, വിഷു, റംസാന്‍, തുടങ്ങിയ മറ്റ് വിശേഷാവസരങ്ങളിലും തൊഴിലാളികള്‍ക്ക് സംഘടനാനേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് അഡ്വാന്‍സ്തുക നല്‍കാറുണ്ട്. എന്നാല്‍ അതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ ബോണസ്തുക അടിച്ചു പൊളിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ തൊഴിലാളി നേതൃത്വം ഓരോ തൊഴിലാളിയുടെയും ബോണസ്സ് തുകയില്‍ നിന്ന് ഒരുനിശ്ചിത തുകമാത്രം ഇവര്‍ക്ക് നല്‍കി. ബാക്കി തുക നേരിട്ട് തൊഴിലാളികളുടെ വീട്ടിലെത്തിച്ച് നല്‍കുകയാണ് ചെയ്തത്. കാശ് കൈയിലിരിക്കാത്ത നോട്ടപ്പുള്ളികളായ തൊഴിലാളികളുടെ മുഴുവന്‍ തുകയും വീട്ടിലെത്തിക്കുകയും ചെയ്തു. വലിയ തുക ലഭിക്കുമ്പോള്‍ വീട്ടില്‍ എന്തെങ്കിലും കാര്യമായി ചെയ്യാന്‍ കഴിയട്ടെ എന്ന സദുദ്യേശ്യത്തോടെയാണ് തുക വീട്ടിലെത്തിച്ചു കൊടുക്കുന്നതെന്ന് തൊഴിലാളി നേതൃത്വം പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.