സര്‍ക്കാരിന്റെ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സംസ്ഥാന സേവനാവകാശ നിയമം നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ച കൂടാതെയാണ് ഈ നിര്‍ണായക നിയമം പാസാക്കിയത്.പൗരന്‍മാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് സേവനാവകാശ നിയമം. സര്‍ക്കാര്‍ വകുപ്പുകളും മേധാവികളും ഇതില്‍ ഉള്‍പ്പെടുത്തേണ്ട സേവനങ്ങളും അവ ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും ആറുമാസത്തിനകം വിജ്ഞാപനം ചെയ്യുന്നതോടെ നിയമം നടപ്പിലാവും.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുനടപ്പാക്കുന്നതിന് കുറ്റമറ്റ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കിട്ടുമെന്ന് ഉറപ്പാക്കുന്നതാണ് സേവനാവകാശ നിയമം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വൈകുന്ന ഓരോ ദിവസവും 250 രൂപ നിരക്കില്‍ പരമാവധി അയ്യായിരം രൂപ പിഴ വിധിക്കാം.
സേവനം ലഭിക്കുന്നതിനു പൗരന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ഉദ്യോഗസ്ഥനെയും സേവനത്തിനായുള്ള നിശ്ചിതസമയപരിധിയും നിശ്ചയിക്കണം. സേവനം എത്രസമയത്തിനകം ലഭ്യമാക്കാം എന്ന് അപേക്ഷകനെ രേഖാമൂലം അറിയിക്കണം. സേവനത്തില്‍ വീഴ്ചവന്നാല്‍ രണ്ട് തട്ടിലുള്ള അധികാരികള്‍ക്ക് അപ്പീല്‍ നല്‍കാം. ഒന്നാം അപ്പീലും രണ്ടാം അപ്പീലുമാണിത്. ഈ അപ്പീല്‍ അധികാരികളെയും വിജ്ഞാപനത്തില്‍ വ്യക്തമാക്കും.
പിഴ ചുമത്താനുള്ള അധികാരം രണ്ടാം അപ്പീല്‍ അധികാരിക്കാണ്. സേവനം നിഷേധിക്കുന്ന ഉദ്യോഗസ്ഥന് 5000 രൂപവരെ പരമാവധി പിഴ വിധിക്കാം. അപ്പീല്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഒന്നാം അപ്പീല്‍ അധികാരിക്കും ഇതേ ശിക്ഷ ലഭിക്കും. ഈ നിയമത്തിലെ വ്യവസ്ഥകള്‍ സിവില്‍കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയും സേവനാവകാശനിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല