ജനറല്‍ പ്രാക്ടീഷണര്‍മാരായ ഡോക്ടര്‍മാര്‍ തങ്ങളുടെ ആറക്ക ശമ്പളത്തില്‍ ഇനിയും വര്‍ദ്ധനവ് ആവശ്യപ്പെട്ട് എന്‍ എച്ച് എസിനെ സമീപിച്ചു. ശമ്പളം കൂടാതെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് മണിക്കൂറിന് 115 പൗണ്ട് ഇവര്‍ക്ക് ഇപ്പോള്‍ തന്നെ അധികമായി ലഭിക്കുന്നുണ്ട്. ഇവരുടെ സമയത്തിനുള്ള വിലയായും യാത്രാബത്തയായുമാണ് ഈ തുക നല്‍കുന്നത്. അതേസമയം ചില സാഹചര്യങ്ങളില്‍ ഇവര്‍ക്ക് പകരം മീറ്റിംഗ് സമയങ്ങളില്‍ ശസ്ത്രക്രിയ നടത്താനും മറ്റുമെത്തുന്ന ഏജന്‍സി ഡോക്ടര്‍മാര്‍ക്ക് ഈ തുക നല്‍കാറുണ്ട്. എന്നാല്‍ ചില സമയം പകരക്കാര്‍ ജോലിക്ക് കയറിയാലും ഇല്ലെങ്കിലും പ്രാധമിക ആരോഗ്യ ട്രസ്റ്റ് ഈ തുക ജി പിമാര്‍ക്ക് തന്നെയാണ് നല്‍കുന്നത്.
പല ജി പി ഡോക്ടര്‍മാര്‍ക്കും ചികിത്സയ്ക്കും യാത്രകള്‍ക്കുമായി അലവന്‍സ് ലഭിക്കുന്നുണ്ട്. ഇതിനിടയിലാണ് വീണ്ടും വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് അവര്‍ എന്‍ എച്ച് എസിനെ സമീപിച്ചിരിക്കുന്നത്. കുടുംബ ഡോക്ടര്‍മാരുടെ ശരാശരി വാര്‍ഷിക ശമ്പളം 105,000 പൗണ്ടാണ്. ആരോഗ്യമേഖലയിലെ വിവാദമായ പരിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടുംബ ഡോക്ടര്‍മാര്‍ക്കായി ക്ലിനിക്കല്‍ കമ്മിഷനിംഗ് ഗ്രൂപ്പ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തങ്ങളുടെ രോഗികള്‍ക്ക് എന്ത് സേവനമാണ് നല്‍കേണ്ടതെന്നും പ്രാദേശിക ബജറ്റിലെ തുക കൈകാര്യം ചെയ്യാനും അവര്‍ ഈ ഗ്രൂപ്പിനെ ഉപയോഗിക്കും. 2013ഓടെയാണ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ സമഗ്ര പരിഷ്കരണത്തിന് തയ്യാറെടുക്കുന്നത്.
വിവിധ മേഖലകളിലായി ചെറു ഓര്ഗനൈസേഷനുകളായാണ് ഈ ഗ്രൂപ്പുകള്‍ സ്ഥാപിക്കുക. ഡോക്ടര്‍മാരുടെ ഈ സംഘടനകള്‍ എന്‍ എച്ച് എസിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുമെന്നും മാനേജ്മെന്റ് തലത്തിന്റെ നിലവാരം കൂടുമെന്നും ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യു ലാന്‍സ്ലി അറിയിച്ചു. അതേസമയം ഈ നീക്കം ആരോഗ്യമേഖലയുടെ നിലവാരം കുറയ്ക്കുമെന്ന അഭിപ്രായമാണ് പലര്‍ക്കും. ഡോക്ടര്‍മാര്‍ പാര്‍ട് ടൈം അക്കൗണ്ടന്മാരായി തീരുന്നുവെന്നാണ് സംഘടന രൂപിക്കുന്നതിനെ വിമര്‍ശകര്‍ വിലയിരുത്തുന്നത്. ഇത് ചികിത്സയുടെ നിലവാരം കുറയ്ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല