1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2012

ഗ്രീക്ക് സമ്പദ് വ്യവസ്ഥ തകര്‍ച്ചയെ നേരിടുന്ന സാഹചര്യത്തില്‍ യൂറോപ്പിന്റെ സാമ്പത്തിക പ്രതിസന്ധി പുതിയ വഴിത്തിരിവിലെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രീസില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് ആതന്‍സ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഗ്രീക്ക് യൂറോയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. പുതിയ സ്ഥിതിയെ നേരിടാന്‍ യൂറോപ്പിലെ നേതാക്കന്‍മാര്‍്ക്ക് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

പൊതു തെരഞ്ഞെടുപ്പില്‍ നിലവിലെ സര്‍ക്കാരിനെതിരേയുളള വികാരം വോട്ടായി പ്രതിഫലിക്കുമോ എന്നാണ് ഇനി അറിയാനുളളത്. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ഗ്രീക്ക് യൂറോയില്‍ നിന്ന് പിന്‍വാങ്ങാനുളള സാധ്യത ഏറെയാണ്. ഇത് യൂറോപ്പില്‍ മൊത്തെം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. തെറ്റായ തീരുമാനം രാജ്യത്തെ തന്നെ തകര്‍ത്തുകളയുമെന്ന് ജര്‍മ്മിനി കഴിഞ്ഞദിവസം ഗ്രീക്കിലെ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കിലാണന്നും ഏതു നിമിഷവും പൂട്ടേണ്ടി വരുമെന്നും ഗ്രീക്ക് പ്രസിഡന്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടി വരും.

ഗ്രീക്ക് മുന്‍പെങ്ങുമില്ലാത്ത വിധം കനത്ത തകര്‍ച്ചയെ നേരിടുകയാണന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഏപ്രില്‍ അവസാനവാരത്തോടെ യൂറോപ്പിലെ ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടായി. യൂറോയ്ക്ക് കനത്ത മൂല്യതകര്‍ച്ചയാണ് ഈ സമയത്ത് ഉണ്ടായത്. തുടര്‍ന്ന് ക്രഡിറ്റ് റേറ്റിങ്ങ് സ്ഥാപനമായ സ്റ്റാന്റേര്‍ഡ് ആന്‍ഡ് പുവര്‍ ഗ്രീസ് സര്‍്ക്കാരിന്റെ ബോണ്ടുകളുടെ വരുമാനം ഊഹകച്ചവട നിലവാരത്തിലേക്ക് താഴ്ത്തുകയുണ്ടായി. അതായത് ഗ്രീക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമല്ല എന്നര്‍ത്ഥം.

ഗ്രീസ് സര്‍ക്കാരിന്റെ അമിതമായ ധനക്കമ്മിയാണ് പ്രതിസന്ധിക്ക് കാരണം. ഗ്രീസിന്റെ ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 12.7 ശതമാനമാണ്. മൊത്തം കടബാധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 113 ശതമാനവും. ഇത് സാമ്പത്തികശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ വച്ച് നോക്കുമ്പോള്‍ രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുകയാണന്നാണ് വ്യക്തമാക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി ഗ്രീക്കില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും ഇത്ര ഗുരുതരമായിരുന്നില്ല.2003 -07 കാലഘട്ടത്തില്‍ ലോക സാമ്പ്തതിക വളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടായപ്പോള്‍ ്അതിന്റെ പ്രതിഫലനം ഗ്രീക്ക് സമ്പദ് വ്യവസ്ഥയിലും പ്രതിഫലിച്ചിരുന്നു. എന്നാല്‍ അത് വരും കാലത്തേക്ക് ഉപയോഗപ്പെടുത്താന്‍ ഗ്രീ്ക്കിന് ആയില്ല.

സാമ്പത്തിക വളര്‍ച്ചാകാലത്തുണ്ടായ മൂലധനത്തിന്റെ ഒഴുക്ക് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഇത് പൊതുമേഖലയ്ക്ക് ശ്ക്തമായ സ്വാധീനമുളള ഗ്രീക്കിലെ തൊഴിലാളികളുടെ ശമ്പളത്തിലും വിലനിലവാരത്തിലും പ്രതിഫലിക്കുകയും ചെയ്തു. എന്നാല്‍ ഈ വര്‍ദ്ധനവ് ഉയര്‍ന്ന ഉത്പാദനക്ഷമതകൊണ്ട് ന്യായീകരിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നതാണ് ഗ്രീസിന് പറ്റിയ തെറ്റ്.

ഈ വര്‍ധനവ് പൊതുകമ്മിയേയും കടബാധ്യതയേയും വഷളാക്കിയെങ്കിലും പ്രതിസന്ധിയെത്തുന്നത് 2008ഓടെയാണ്. ആഗോള സാമ്പത്തിക മാന്ദ്യം ഗ്രീക്കിനേയും പിടികൂടി. മാന്ദ്യത്തെ ചെറുക്കാനുളള നടപടികള്‍ അവസാനിച്ചത് പൊതുചെലവ് വര്‍ദ്ധിപ്പിക്കുന്നതിലാണ്. ഇത് പ്രതിസന്ധി രൂക്ഷമാക്കി. യൂറോ എന്ന പൊതു കറന്‍സി സ്വീകരിച്ചതോടെ ഈ പ്രതിസന്ധി മറികടക്കാനുളള ലളിതമായ പരിഹാരമാര്‍ഗ്ഗവും ഗ്രീസിന് പരീക്ഷിക്കാനായില്ല. സാധാരണ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോള്‍ രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം കുറച്ച് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും അതുവഴി സാമ്പത്തിക വളര്‍ച്ച് കൂട്ടുകയുമാണ് ചെയ്യുക. എന്നാല്‍ യൂറോപ്പിന്റെ പൊതു കറന്‍സിയായ യൂറോ സ്വീകരിച്ചതോടെ ആ വഴിയും ഗ്രീക്കിന് ്‌സ്വീകരിക്കാനായില്ല.

നിലവിലുളള പോംവഴി യൂറോ ഉപേക്ഷിച്ച് സ്വന്തം കറന്‍സി തിരികെ കൊണ്ടുവരിക എന്നതാണ്. എന്നാല്‍ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. യൂറോയില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് ഉറപ്പായാല്‍ ബാങ്കിലുളള യൂറോ നിക്ഷേപങ്ങള്‍ ജനങ്ങള്‍ പിന്‍വലിക്കും. ഇത് രൂക്ഷമായ ബാങ്കിംഗ് പ്രതിസന്ധിയുണ്ടാക്കുകയും പല ബാങ്കുകളും പാപ്പരാവുകയും ചെയ്യും. പെട്ടന്ന് ഒരു നാള്‍ സ്വന്തം കറന്‍സി തിരികെ കൊണ്ടുവരികയെന്ന് പ്രായോഗികമായ കാര്യവുമല്ല. കടം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയാണ് മറ്റൊരു വഴി. 2001-02ല്‍ അര്‍ജന്റീന പ്രതിസന്ധി മറികടക്കാന്‍ ഇത്തരമൊരു വഴി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് അന്തര്‍ദ്ദേശീയ ധനകാര്യമേഖലയുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകും.

നിലവിലുളള ഒരേ ഒരു പരിഹാരമാര്‍ഗ്ഗം യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഐഎംഎഫില്‍ നിന്നും കടമെടുക്കുക എന്നുളളതാണ്. ഇവിടെ നിന്ന് 120 ബില്യണ്‍ ഗ്രീക്ക് കടമെടുത്തു കഴിഞ്ഞു. എന്നാല്‍ ഇതിന് ഈടാക്കുന്ന പലിശ വളരെ ഉയര്‍ന്നതാണ്. മൂന്നു വര്‍ഷത്തിനുളളില്‍ ഗ്രീക്ക് ധനക്കമ്മി ജീഡിപിയുടെ മൂന്ന് ശതമാനമായി വെട്ടിക്കുറച്ചാല്‍ മാത്രമേ രാജ്യത്തിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുളളു. കനത്ത ചെലവു ചുരുക്കല്‍ മാര്‍ഗ്ഗങ്ങളാണ് ഇതിന് സ്വീകരിക്കേണ്ടി വരുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കുക, പെന്‍ഷന്‍ മരവിപ്പിക്കുക, നികുതി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നടപടികളുമായി ജോര്‍ജ്ജ് പാപ്പന്‍ഡ്രിയുവിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇത് മാന്ദ്യത്തിലേക്ക് ഗ്രീക്കിനെ തളളിവിടുമെങ്കിലും ആത്യന്തികമായ തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

അതിനിടയിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ തെരഞ്ഞെടുപ്പ് എത്തുന്നത്. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രതിക്ഷേധം കത്തിപ്പടരുന്ന ഈ അവസ്ഥയില്‍ തെരഞ്ഞെടുപ്പ് ഇരട്ടിപ്രഹരമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരേ നടന്ന വെടിവെയ്പ്പില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. കടുത്ത സാമൂഹ്യ അരക്ഷിതാവസ്ഥയാണ് ഗ്രീക്കില്‍ നിലനില്‍ക്കുന്നത്. ഇതില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.