1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

ഇന്ന് നവംബര്‍ അഞ്ച്. ഇംഗ്ളണ്ടില്‍ പ്രശസ്തമായ ‍ഗൈ ഫ്വോക്സ് ദിനം.

“ഓര്‍മ്മിയ്ക്കുക, ഓര്‍മ്മിയ്ക്കുക,
വെടിമരുന്നിന്റെ നവംബര്‍ അഞ്ച്,
ദേശഭക്തിയും ചതിക്കുഴിയും.
മറക്കാനെനിയ്ക്കൊരു കാരണവും കാണാനില്ല,
വെടിമരുന്നും രാജ്യസ്നേഹവും.”

ആലങ്കാരിക ഈണമുള്ള ഈ ഗാനശകലം പഴയ ഇംഗ്ലീഷുകാരുടെയിടയില്‍ വളരെ പ്രസിദ്ധമാണ്. ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം, ഗൈ ഫ്വോക്സ് എന്ന ഒരെയോരാളാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇത്രയും കാലത്തിനിടയ്ക്ക് ദുരുദ്ദേശത്തോടെ കടന്നിട്ടുള്ളത്. ഇന്ന് നവംബര്‍ അഞ്ച്. ഇംഗ്ളണ്ടില്‍ പ്രശസ്തമായ ‍ഗൈ ഫ്വോക്സ് ദിനം.

വിരോധാഭാസം പോലെ, വെടിക്കെട്ടുകളുടെയും ഇറച്ചി ചുട്ടുതീറ്റകളുടെയും പിന്നെ വിജയസൂചകമായ ആഴികൂട്ടലിന്റെയും ഒക്കെ കോലാഹലങ്ങളുടെയിടയില്‍, ഈ ദേശഭക്തിയും വെടിമരുന്നും വിസ്മൃതിയിലാണ്ടു പോകുന്നു.

അതിശയകരവും വിചിത്രസ്വഭാവമുള്ളതും ഒരുപക്ഷേ അരക്കിറുക്കെന്നു പറയാവുന്നതുമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഉത്സവത്തിമിര്‍പ്പില്‍ അത് വിശേഷാല്‍ ഓര്‍ക്കപ്പെടുന്നതും അറിയപ്പെടുന്നതും ഒരു പരാജിതനായ തീവ്രവാദിയുടെ പേരിലാണെന്നതാണ് ഏറ്റവും രസകരം. ഒരു ധീരരക്തസാക്ഷിയായി കത്തോലിയ്ക്കാ സഭയ്ക്ക് കാണാമായിരിയ്ക്കാം പക്ഷേ, ഇംഗ്ളണ്ട് എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഗൈ ഫ്വോക്സ്, ഇംഗ്ളണ്ടിലെ കത്തോലിക്കാ വിപ്ലവത്തിന് സ്പെയിനില്‍ നിന്ന് സഹായമഭ്യര്‍ത്തിച്ചു വിഫലശ്രമം നടത്തിയ തീവ്രവാദിയാണ്.

ഇംഗ്ളണ്ടിലെ കത്തോലിക്കാ സഭയുടെ പരമാധികാരത്തിന്റെ പിന്തുണയ്ക്കായി ജെയിംസ് ഒന്നാമന്‍ രാജാവിനെ കൊലചെയ്യാന്‍ അവസരത്തിന് അഥവാ പദ്ധതിയ്ക്കായി കാത്തിരുന്ന റോബര്‍ട്ട് കാറ്റെസ്ബിയുമായി ചേര്‍ന്ന് ബ്രിട്ടീഷ് പാര്‍ലമെന്റു തന്നെ കത്തിച്ചു ചമ്പലാക്കിക്കളയാന്‍ ശ്രമിച്ച ചതിയനാണ്. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിന്റെ നിലവറകളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് കാവല്‍ നില്‍ക്കുന്ന ജോലിയേറ്റെടുത്ത കായേനാണ്, ആട്ടിന്‍ തോലിട്ട ചെന്നായാണ് ഗൈ ഫ്വോക്സ്.

വിധിവൈപരീത്യമെന്നു പറയട്ടെ, ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ, ഒരുപക്ഷേ സഹ-കത്തോലിക്കര്‍ക്ക് അന്നേദിവസം രാത്രിയില്‍ സ്ഥലത്ത് നിന്ന് മാറി നില്‍ക്കാനുള്ള മുന്നറിയിപ്പ് കൊടുത്തത് കൊണ്ടാവണം, ആ ചതിയുടെ പദ്ധതി വെളിവാക്കപ്പെട്ടു. ആയിരത്തി അറുനൂറ്റി അഞ്ചാമാണ്ട് നവംബര്‍ മാസം അഞ്ചാം തീയതി ഗൈ ഫ്വോക്സ് പിടികൂടപ്പെട്ടു, ശരിയ്ക്കും ഭേദ്യം ചെയ്യപ്പെടുകയും ചെയ്തു. ശേഷമുള്ള കാലത്തെ ചിത്രവധത്തില്‍ സഹികെട്ട് സഹ-ഉപജാപകരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയെങ്കിലും വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടു. ആയിരത്തി അറുനൂറ്റി ആറാമാണ്ട് ജനുവരി മാസം ആറാം തീയതി തൂക്കുമരത്തില്‍ നിന്ന് ചാടി കഴുത്തൊടിയാനായിരുന്നു ആ വിഫല വിപ്ലവകാരിയുടെ വിധി! നൂറ്റാണ്ടുകളായി നവംബര്‍ അഞ്ചിന് കൊണ്ടാടുന്ന ഗൈ ഫ്വോക്സ് രാത്രിയുടെ കേന്ദ്രം വിജയസൂചകമായി ആഴികൂട്ടി അതില്‍ ഗൈ ഫ്വോക്സിന്റെ കോലം പ്രതീകാത്മകമായി കത്തിയ്ക്കുന്നതാണ്.

സ്വന്തം രാജ്യവും യഥാര്‍ത്ഥ രാജ്യസ്നേഹവും പഴങ്കഥയായി മാറിക്കൊണ്ടിരിയ്ക്കുന്ന, അവനവനില്‍ കേന്ദ്രീകൃതമായ മനുഷ്യന്റെ സുഖവും സന്തോഷവും നിമിഷങ്ങളുടെ തിളക്കവും തേടിയുള്ള പരക്കം പാച്ചിലിന്റെ ഇക്കാലത്ത്, ഇതൊക്കെ നിറപ്പകിട്ടാര്‍ന്ന വെടിക്കെട്ടുകളുടെയും ഇറച്ചിചുടലിന്റെയും ക്ഷണികപ്രഭാവത്തിനു വഴിമാറ്റപ്പെടുമ്പോള്‍ ഗൈ ഫ്വോക്സ് ഒരു സമകാലികനായ “ഉമ്മാക്കി” അഥവാ കുട്ടിച്ചാത്തനായി മാറിപ്പോയി. പൊള്ളയായ രാഷ്ട്രീയത്തിന്റെ വക്താക്കളായ കപട രാഷ്ട്രീയക്കാരെപ്പോലെ തന്നെ!

ജേക്കബ് കോയിപ്പള്ളി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.