1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2011

അഴിമതിക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തിന് ശുഭാന്ത്യം. അഞ്ച് വയസ്സുകാരി സിമ്രാന്‍ നല്‍കിയ നാരാങ്ങാനീര് കുടിച്ചാണ്360 മണിക്കൂറുകള്‍ പിന്നിട്ട ഐതിഹാസിക സമരം ഹസാരെ അവസാനിപ്പിച്ചത്. .
ഹസാരെ മുന്നോട്ടുവെച്ച മൂന്നിന ആവശ്യങ്ങള്‍ക്ക് പാര്‍ലമെന്റ് പിന്തുണ നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ഹസാരെ തീരുമാനിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രിയാണ് ആദ്യം ലോക്‌സഭയും തുടര്‍ന്ന് രാജ്യസഭയും ഹസാരെയുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്. ഭാഗികമായാണെങ്കിലും തന്റെ ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച കാലത്ത് പത്തിന് നിരാഹാരം അവസാനിപ്പിക്കുമെന്ന് ഹസാരെ ശനിയാഴ്ച രാത്രി അറിയിച്ചിരുന്നു.

സഭയുടെ വികാരം ഉള്‍ക്കൊണ്ട് ഫലപ്രദമായ ലോക്പാലിന് രൂപംനല്‍കാന്‍ പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ലമെന്റ് പാസാക്കിയ പ്രമേയം പ്രധാനമന്ത്രിയുടെ കത്തിന്റെ കൂടെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് രാംലീലാ മൈതാനിയിലെ വേദിയിലെത്തി ആള്‍ക്കൂട്ടത്തിനു മുമ്പാകെ വായിച്ചു. സഭയുടെ വികാരം ഉള്‍ക്കൊണ്ട് ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന് കത്തില്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.

ഹസാരെ സംഘം ഉന്നയിച്ച മൂന്ന് ആവശ്യങ്ങളോടാണ് സഭ അനുകൂല വികാരം പ്രകടിപ്പിച്ചത്. പൗരാവകാശ ചാര്‍ട്ടര്‍, സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപവത്കരണം, താഴേക്കിട ഉദ്യോഗസ്ഥരെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരല്‍ എന്നിവയായിരുന്നു ആവശ്യങ്ങള്‍. നിയമ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയാണ് ഫലപ്രദമായ പുതിയ ലോക്പാലിന് ഇനി രൂപം നല്‍കേണ്ടത്.

ഔദ്യോഗികമായി പ്രമേയം പാസാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. എട്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് മറുപടി പറഞ്ഞ ലോക്‌സഭാ നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് കുമാര്‍ മുഖര്‍ജി അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മാണം വേണമെന്ന ജനങ്ങളുടെ ആവശ്യത്തെ പാര്‍ലമെന്റിലെ എല്ലാ കക്ഷികളും പിന്തുണക്കുന്നതായി അറിയിച്ചു. തുടര്‍ന്നാണ് ഹസാരെയുടെ മൂന്ന് ആവശ്യങ്ങള്‍ക്കൊപ്പമാണ് സഭയുടെ വികാരമെന്ന് വ്യക്തമാക്കിയത്. ശബ്ദ വോട്ടോടുകൂടി പ്രമേയം പാസാക്കുന്നതിനു പകരം മുഖര്‍ജിയുടെ മറുപടിപ്രസംഗം കഴിഞ്ഞ ഉടന്‍ സഭപിരിയുന്നതായി സ്‌പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. വോട്ടെടുപ്പോടുകൂടിയ പ്രമേയം വേണമെന്നായിരുന്നു ഹസാരെ സംഘത്തിന്റെ ആവശ്യം. എങ്കിലും ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗിക വിജയം തന്നെയാണിതെന്ന് ഹസാരെ സംഘം അറിയിച്ചു.

തികച്ചും അസാധാരണ സ്വഭാവത്തിലാണ് പാര്‍ലമെന്റ് അവധിദിവസമായിട്ടും ശനിയാഴ്ച മണിക്കൂറുകള്‍ ഹസാരെ വിഷയത്തിനായി നീക്കിവെച്ചത്. രാജ്യംമുഴുക്കെ പടരുന്ന അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളും വ്യക്തമാക്കി. ഹസാരെ സംഘത്തിന്റെ ജനാധിപത്യഭരണഘടനാവിരുദ്ധമായ നിലപാടുകളോട് വിമര്‍ശം ഉന്നയിച്ചവര്‍പോലും അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയം അപ്രധാനമാണെന്ന് പറയുകയുണ്ടായില്ല. അവസാനം വരെയും അനിശ്ചിതത്വം നിലനിന്നിരുന്നു. ലോക്പാല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടിങ്ങും ചര്‍ച്ചയും വേണമെന്ന ആവശ്യം ഹസാരെ സംഘം ശക്തമായി ഉന്നയിച്ചു. ചര്‍ച്ചയുടെ രൂപം സംബന്ധിച്ച് ഭരണപ്രതിപക്ഷ കക്ഷികളുമായി ഹസാരെ പ്രതിനിധികള്‍ പാര്‍ലമെന്റിനു പുറത്ത് ദീര്‍ഘനേരം ചര്‍ച്ച നടത്തി. സഭ ചേരുന്നതിനുമുമ്പ് കേന്ദ്ര സര്‍ക്കാറും ഹസാരെ സംഘവും തമ്മില്‍ പ്രത്യേക ചര്‍ച്ചയും നടന്നു. പ്രശാന്ത് ഭൂഷണ്‍, മേധാ പട്കര്‍ എന്നിവരാണ് നിയമമന്ത്രി സല്‍മാന്‍ ഖുര്‍ശിദുമായി ചര്‍ച്ച നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.