1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2011

പ്രകാശ്‌ ജോസഫ്‌

സമ്പന്ന രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരുന്ന നമ്മുടെ ഇന്ത്യയിന്ന് അഴിമതിയിലും കൈക്കൂലിയിലും സ്വജനപക്ഷപാതത്തിലും പെട്ട് ഉഴലുകയാണ്. ‘കിമ്പളം’ നല്‍‌കിയില്ലെങ്കില്‍ ഫയല്‍ ചുവപ്പുനാടയിട്ട് മേശക്കുള്ളിലേക്ക് തള്ളുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുടുംബത്തിനും ബന്ധുക്കള്‍ക്കും വേണ്ടി എന്ത് ‘തീവെട്ടിക്കൊള്ള’യും ചെയ്യാന്‍ അറപ്പില്ലാത്ത രാഷ്ട്രീയക്കാര്‍, ഇവരുമായി ചേര്‍ന്ന് നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍. വൃത്തികെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളും ഇന്ത്യയും കടന്നുപോകുന്നത്. അഴിമതിയില്ലാത്ത ഇന്ത്യ എന്ന ആശയം നമ്മളൊക്കെ സ്വപ്നം കാണുമ്പോള്‍ ഗാന്ധിയനായ അണ്ണാ ഹസാരെയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ ഒരു ഭാഗത്ത്‌. ഹസാരെയുടെ സമരം ‘അരാഷ്ട്രീയം’ ആണെന്നും ‘അമേരിക്ക’യാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ മറ്റൊരു ഭാഗത്ത്‌.

അണ്ണാ ഹസാരെക്ക് ആര്‍.എസ്.എസുമായുള്ള ബന്ധത്തിന്റെ പിന്‍കഥകള്‍ നമ്മുടെ പക്കലുണ്ടെന്ന് ഓര്‍മിപ്പിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ് രാംലീലയിലെ ഉപവാസത്തിനെതിരെ ആഞ്ഞടിച്ചത് നമ്മളെല്ലാം കഴിഞ്ഞ ദിവസം കണ്ടു, കൊണ്ഗ്രസിനും കേന്ദ്ര സര്‍ക്കാരിനും കഴിയാത്തതാണ് ഒറ്റ ലേഖനത്തിലൂടെ അരുന്ധതിയ്ക്ക് സാധിച്ചത് എന്ന കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ട വസ്തുത തന്നെയാണ്. ജനങ്ങളുടെ ശബ്ദമേറ്റെടുത്ത ഈ പുത്തന്‍ പുണ്യാളന്‍ യാഥാര്‍ഥത്തില്‍ ആരാണെന്ന അരുന്ധതിയുടെ ചോദ്യത്തെ ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. അരുന്ധതിയുടെ ലേഖനത്തിലെ പ്രധാന വസ്തുതകളിലേക്കൊരു എത്തി നോട്ടമാകാം ആദ്യം.

രാജ്താക്കറെയുടെ അപരവിദ്വേഷത്തിന്റെ ‘മറാത്ത മനുസി’നെ പിന്തുണച്ച അണ്ണാ ഹസാരെ മുസ്‌ലിംകള്‍ക്കെതിരെ 2002ല്‍ വംശഹത്യ നടത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വികസന മാതൃകയെ പുകഴ്ത്തുകയും ചെയ്തുവെന്ന് അരുന്ധതി കുറ്റപ്പെടുത്തി. കൊക്കക്കോളയടക്കമുള്ളവരാണ് അണ്ണാ ടീമിലുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത്. അണ്ണാ ടീമിലെ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ചേര്‍ന്ന് നാല് ലക്ഷം ഡോളറാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് കൈപ്പറ്റിയത്. അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ചില കമ്പനികളും ‘അഴിമതിക്കെതിരെ ഇന്ത്യ’ കാമ്പയിനെ പണംനല്‍കി സഹായിക്കുന്നുണ്ട്. അടിയന്തര ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളില്‍ അണ്ണാ ഹസാരെ വല്ലതും പറയുന്നത് അപൂര്‍വമായെങ്കിലും കേട്ടിട്ടില്ല. തന്റെ തൊട്ടയല്‍പക്കത്തെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചോ കുറച്ചപ്പുറത്ത് നടന്ന ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചോ ഇദ്ദേഹം ഒന്നും സംസാരിച്ചിട്ടില്ല. സിംഗൂരിനെക്കുറിച്ചോ നന്ദിഗ്രാമിനെക്കുറിച്ചോ പോസ്‌കോയെക്കുറിച്ചോ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കെതിരായ കര്‍ഷക സമരങ്ങളെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല. അണ്ണാ ഹസാരെ സൃഷ്ടിച്ചെടുത്ത റാലിഗന്‍ സിദ്ധി ഗ്രാമത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി പഞ്ചായത്ത് തെരഞ്ഞെടുപ്പോ കോഓപറേറ്റിവ് സൊസൈറ്റി തെരഞ്ഞെടുപ്പോ ഇല്ല.

പൂര്‍ണമായും വ്യത്യസ്തമായ കാരണങ്ങളാല്‍ മാവോയിസ്റ്റുകളും ജന്‍ലോക്പാല്‍ ബില്ലും ഭരണകൂടത്തെ മറിച്ചിടുന്ന കാര്യത്തില്‍ യോജിക്കുന്നുവെന്ന് അരുന്ധതി റോയ് പറഞ്ഞു. ഒരു കൂട്ടര്‍ താഴെത്തട്ടില്‍നിന്ന് പാവങ്ങളില്‍ പാവങ്ങളായ ആദിവാസികളെ ഉപയോഗിച്ച് സായുധപോരാട്ടം നടത്തുകയാണെങ്കില്‍ മറ്റേ കൂട്ടര്‍ നഗരവാസികളെ ഉപയോഗിച്ച് ഒരു ‘ഗാന്ധിയനെ’ മുന്നില്‍ നിര്‍ത്തി രക്തരഹിത വിപ്ലവത്തിനൊരുങ്ങുകയാണ്. അണ്ണാ ഹസാരെയുടെ മാര്‍ഗം ഗാന്ധിയന്‍ ആണെങ്കിലും അദ്ദേഹം ഉന്നയിക്കുന്നത് ഗാന്ധിയന്‍ ആവശ്യങ്ങളല്ല. അധികാരം വികേന്ദ്രീകരിക്കാനാണ് ഗാന്ധിജി ഉദ്ദേശിച്ചിരുന്നതെങ്കില്‍ കര്‍ക്കശ സ്വഭാവമുള്ള കേന്ദ്രീകൃത അഴിമതി വിരുദ്ധ നിയമമാണ് ജന്‍ലോക്പാല്‍. ആയിരക്കണക്കിന് ജീവനക്കാരുള്ള തെരഞ്ഞെടുക്കപ്പെട്ട ഈ പാനല്‍ പ്രധാനമന്ത്രി മുതല്‍ പൊലീസുകാരന്‍ വരെയുള്ളവരെയും ജുഡീഷ്യറി, എം.പിമാര്‍ തുടങ്ങി താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരടക്കമുള്ളവരെയും ഭരിക്കും. അന്വേഷണത്തിനും നിയമനടപടിക്കും അധികാരമുള്ള സ്വതന്ത്ര അധികാരകേന്ദ്രമായ ലോക്പാലിന് സ്വന്തമായി ജയില്‍ ഇല്ലെന്നേയുള്ളൂ. ഇപ്പോള്‍ തെരുവില്‍ കച്ചവടംചെയ്യാന്‍ പൊലീസുകാരനും മുനിസിപ്പാലിറ്റി ജീവനക്കാരനും മാത്രം കൊടുക്കുന്ന കൈക്കൂലി ഭാവിയില്‍ ലോക്പാല്‍ പ്രതിനിധിക്ക് കൂടി നല്‍കേണ്ടിവരില്ലേ എന്ന് അരുന്ധതി പരിഹസിച്ചു.

അണ്ണാ ഹസാരെയുടെ വിപ്ലവത്തിന്റെ നൃത്തസംവിധാനവും വൈരം നിറഞ്ഞ ദേശീയതയും പതാക പറത്തലുമെല്ലാം കടമെടുത്തിരിക്കുന്നത് സംവരണ വിരുദ്ധ സമരത്തോടും ലോകകപ്പ് വിജയ പരേഡിനോടും ആണവ പരീക്ഷണങ്ങളുടെ വിജയാഘോഷത്തോടുമാണ്. ഹരിജനങ്ങള്‍ അവരുടെ പരമ്പരാഗത തൊഴില്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന അണ്ണാ അങ്ങനെയെങ്കില്‍ മാത്രമേ ഗ്രാമം സ്വയംപര്യാപ്തമാവൂ എന്നാണ് പറഞ്ഞത്. അതിനാല്‍ സംവരണവിരുദ്ധ സമരക്കാര്‍ അവര്‍ക്കൊപ്പം കൂടുന്നതില്‍ അദ്ഭുതമില്ല.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് മറ്റൊന്നുമില്ലെന്ന് 24 മണിക്കൂര്‍ ചാനലുകള്‍ തീരുമാനിച്ചിരിക്കുകയാണ്. വിശക്കുന്നവരെ ഊട്ടാന്‍ യേശുക്രിസ്തു അപ്പവും മത്സ്യവും ഇരട്ടിപ്പിച്ചതുപോലെ പതിനായിരങ്ങളെ ദശലക്ഷങ്ങളായി പര്‍വതീകരിച്ച് കാണിക്കുകയാണ് ടി.വി ചാനലുകള്‍. ‘100 കോടിയുടെ ശബ്ദമാണിതെ’ന്നും ‘ഇന്ത്യയെന്നാല്‍ അണ്ണായാണെ’ന്നും ഈ ചാനലുകള്‍ നമ്മോട് പറയുകയാണ്. അണ്ണായുടെ ഉപവാസത്തെ പിന്തുണച്ചില്ലെങ്കില്‍ നാം ശരിയായ ഇന്ത്യക്കാരല്ലെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. മണിപ്പൂരില്‍ സൈനിക അതിക്രമത്തിനെതിരെ പത്ത് വര്‍ഷമായി ഇറോംശര്‍മിള നടത്തുന്നതും കൂടങ്കുളം ആണവ നിലയത്തിനെതിരെ പതിനായിരം ഗ്രാമീണര്‍ നടത്തുന്നതും ഇവരുടെ കണക്കില്‍ ഉപവാസമല്ല. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ മരണംവരെ നിരാഹാരം കിടക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു 74കാരനെ കാണാന്‍ ഒരുമിച്ചുകൂടുന്നവര്‍ മാത്രമാണ് ഇവര്‍ക്ക് ജനമെന്നും അരുന്ധതി വിമര്‍ശിച്ചു.

അതേസമയം അഴിമതി നിരോധന നിയമത്തിനായി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരെയും മാവോയിസ്റ്റുകളും ഇന്ത്യന്‍ ദേശീയതയുടെ ശത്രുക്കളാണെന്ന അരുന്ധതി റോയിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അംഗീകരിക്കാന്‍ ആവാത്തതും ആണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ നേതാവുമായ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പ്രസ്താവിക്കുകയുമുണ്ടായ്. അരുന്ധതി റോയ്‌ തന്റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഇന്ത്യയെ നശിപ്പിക്കാനാണ് അണ്ണാ ഹസാരെ ശ്രമിക്കുന്നത് എന്ന് അരുന്ധതി റോയ്‌ പറഞ്ഞത്‌ ഖേദകരമാണ്. തനിക്ക്‌ ഈ അഭിപ്രായത്തോട്‌ യോജിക്കാന്‍ ആവില്ല. അണ്ണാ ഹസാരെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരും രാഷ്ട്രത്തെ അഴിമതി എന്ന ശാപത്തില്‍ നിന്നും മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജന കോടികള്‍ക്ക് വേണ്ടത്‌ ഭക്ഷണമാണ്; പുത്തന്‍ സാങ്കേതിക വിദ്യകളും ബോംബുകളുമല്ല എന്നും മേധ പറഞ്ഞു.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ ഭിംഗര്‍ ഗ്രാമത്തില്‍ ജനുവരി 15ന് പാവപ്പെട്ട തൊഴിലാളി കുടുംബത്തിലാണ് കിഷന്‍ ബാപ്പത് ബാബുറാവു ഹസാരെയുടെ ജനനം. അച്ഛന്‍ ബാബു റാവു ഹസാരെക്ക് അഞ്ചേക്കര്‍ കൃഷിഭൂമി ഉണ്ടായിരുന്നെങ്കിലും കൃഷി നഷ്ടമായതോടെ വീട് ദാരിദ്ര്യത്തിന്റെ പിടിയിലായി. ഹസാരെ റാലിഗാന്‍സിദ്ദി ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതനായി. മക്കളില്ലാത്ത ഒരു അമ്മായിയുടെ സഹായത്താല്‍ ഏഴാം ക്ളാസ് വരെ പഠിച്ചു. ധനസ്ഥിതി മോശമായതോടെ തുടര്‍പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഉപജീവനത്തിന് പൂക്കള്‍ വില്‍ക്കാനും മറ്റും ഇറങ്ങി. 1962ലെ ഇന്ത്യ-ചൈന യുദ്ധവേളയില്‍ സേനയില്‍ ചേര്‍ന്നു. അവിടെ ട്രക്ക് ഡ്രൈവറായി. പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. സ്വാമി വിവേകാനന്ദന്റെയും മഹാത്മാ ഗാന്ധിയുടെയും ആചാര്യ വിനോബാഭാവെയുടെയും രചനകള്‍ വായിച്ചു അക്കാലത്ത്. 1965ലെ ഇന്ത്യ-പാക് യുദ്ധ വേളയില്‍ രണ്ടു തവണ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള അപകടങ്ങളില്‍പ്പെട്ടു.

1975 ല്‍ സേനയില്‍ നിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ചു. സ്വന്തം ഗ്രാമമായ റാലിഗാന്‍സിദ്ദിയില്‍ ദാരിദ്ര്യവും വരള്ച്ചയും പരിഹരിക്കാന്‍ ഗ്രാമവാസികളെ സന്നദ്ധ സേവനത്തിനിറക്കുന്നതില്‍ വിജയിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളായിരുന്നു ഉത്തേജനം. സ്വന്തം സമ്പാദ്യമത്രയും ഗ്രാമത്തിലെ വികസന പദ്ധതിയ്ക്കായി വിനിയോഗിച്ചു. കനാലുകളും ബണ്ടുകളും നിർമ്മിക്കുകയും. മഴവെള്ളം ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കുകയും ചെയ്തു. അങ്ങനെ ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ മാത്രമല്ല കൃഷിയ്ക്ക് ജലസേചനം സാദ്ധ്യമാക്കുന്നതിലും വിജയിച്ചു. സൌരോര്‍ജ്ജം ഉപയോഗിച്ച് ഗ്രാമത്തില്‍ വൈദ്യുതി വിതരണം സാദ്ധ്യമാക്കി. പിന്നാക്ക ദരിദ്ര ഗ്രാമമായിരുന്ന റാലിഗാൻസിദ്ദി പുരോഗതിയുടെ പാതയിലായി. ഗ്രാമത്തിലെ ആളുകളെ മദ്യപാന വിപത്തില്‍ നിന്ന് അകറ്റി നിറുത്തുന്നതിലും ഹസാരെ വിജയിച്ചു. സ്കൂള്‍ സ്ഥാപിച്ച് അയിത്തം എന്ന ദുരാചാരം ഇല്ലാതാക്കി. ഗ്രാമീണര്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ ജ്യേഷ്ഠസഹോദരനെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അങ്ങനെ കിഷന്‍ ബാബുറാവു ഹസാരെ അവര്‍ക്ക് ‘അണ്ണാ’ ഹസാരെയായി.

പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന്‌ ശ്രമിച്ച പ്രമുഖരില്‍ ഒരാള്‍ കൂടിയാണ്‌ ഹസാരെ.മഹാരാഷ്ട്ര സര്‍ക്കാരിനെ ശക്തമായ വിവരാവകാശ നിയമം നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതമാക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് അണ്ണാ ഹസാരെയാണ്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ 1991 ല്‍ വിരോധി ജന ആന്ദോളന്‍(അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം) മഹാരാഷ്ട്രയിലുടനീളം വ്യാപിക്കുകയുമുണ്ടായി.

1995-1999 ല്‍ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി മന്ത്രിസഭയില്‍ നിന്ന് അഴിമതിക്കാരായ മൂന്നു പേരെ രാജി വയ്പിക്കുന്നതില്‍ അണ്ണാ ഹസാരെ വിജയിച്ചു. ശശികാന്ത് സുതര്‍, മഹാദേവ് ശിവശങ്കർ, ബബന്‍ ഗോലാപ് എന്നിവരാണ് രാജിവച്ചു പോകേണ്ടി വന്ന മന്ത്രിമാര്‍. 2003 ല്‍ കോണ്ഗ്രസ്-എന്‍സി.പി മന്ത്രിസഭയിലെ സുരേഷ്ദാദ ജയിന്‍ , നവാബ് മാലിക്, വിജയകുമാര്‍ര്‍ ഗവിത്, പദംസിംഗ് പാട്ടീല്‍ എന്നീ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നും അവരെ പുറത്താക്കണമെന്നും പറഞ്ഞ് അണ്ണാ ഹസാരെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. ഇങ്ങനെ അഴിമതിയ്ക്കെതിരെ എക്കാലവും നിലകൊണ്ട ഒരാള്‍ക്കെതിരെയാണ് അരുന്ധതി മുന്നോട്ടു വന്നിരിക്കുന്നത് എന്നത് ശ്രദ്ധിക്കണം.

2008ല്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം പാര്‍ലിമെന്റിലെ അഞ്ഞൂറ്റിനാല്പത് പേരില്‍ ഏകദേശം നാലില്‍ ഒരു ഭാഗം ആളുകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അവരില്‍ തട്ടിക്കൊണ്ട് പോകല്‍, കൈക്കൂലി,ബലാത്സംഗം എന്തിന് കൊലപാതകക്കുറ്റത്തില്‍ വരെ അകപ്പെട്ട ആളുകളുണ്ട്. 2010ല്‍ വന്ന ട്രാന്‍സ്പാരന്റ് ഇന്റര്‍നാഷണല്‍ എന്ന ഒരു സ്വകാര്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന ഒമ്പതാമത്തെ രാജ്യമാണ്. ഇന്ത്യയിലെ അമ്പത്തിനാല് ശതമാനം ആളുകളും ഇന്ന് കാര്യങ്ങള്‍ നടത്താന്‍ കൈക്കൂലി കൊടുക്കുന്നുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, അഴിമതിക്കെതിരെയുള്ള ഈ പോരാട്ടം ഒരു രാഷ്ട്രീയ മുതലെടുപ്പിന് ഇടംകൊടുത്തേക്കാം. ഹസാരെ ചിലപ്പോള്‍ കുറ്റക്കാരനായും വന്നേക്കാം. ബിനായക് സെന്നിനെപ്പോലും കാരാഗൃഹത്തിലേക്കയച്ചവരാണല്ലോ നമ്മള്‍. എന്തുവന്നാലും 121 കോടി വരുന്ന ഇന്ത്യന്‍ ജനത ഹസാരെയ്ക്കൊപ്പമാണ് എന്നുതന്നെ നമുക്ക് വിശ്വസിക്കാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.