ഹൃദയാഘാതമുണ്ടായ ഉടന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരിലേക്ക് വിളിച്ച രോഗിക്ക് തെറ്റായ നിര്‍ദേശം നല്‍കിയ നഴ്‌സ് വിചാരണ നേരിടുന്നു. ജനല്‍ തുറന്ന് പുറത്തേക്ക് നോക്കി പാരസെറ്റമോള്‍ ഗുളിക കഴിക്കാനാണ് ഷാരോണ്‍ ബാഡ്ഡര്‍ലി എന്ന നഴ്‌സ് നിര്‍ദേശിച്ചത്. നാല് മിനിട്ടുനേരത്തെ ഫോണ്‍ കോളിനിടയില്‍ ബാഡ്ഡര്‍ലി നല്‍കിയ നിര്‍ദേശം അനുസരിച്ച രോഗിയായ സ്ത്രീ പിന്നീട് ഗുരുതരാവസ്ഥയിലാകുകയും മരിക്കുകയും ചെയ്തിരുന്നു.
ആശുപത്രിയില്‍ വച്ച് രോഗി നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ചാണ് നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ ബാഡ്ഡര്‍ലിക്കെതിരെ കേസെടുത്തത്. ഇവരുടെ വിചാരണ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍കോളിന്റെ റെക്കോര്‍ഡിലും ഇവര്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഹെല്‍പ്പ്‌ലൈന്‍ ഡസ്‌കിന്റെ മാനേജര്‍ സൂസന്‍ റോസ്‌ബെരോ ഈ റെക്കോര്‍ഡിംഗുകള്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി.
അമ്പതുകാരിയായ ഒരു സ്ത്രീയാണ് ബാഡ്ഡര്‍ലിയോട് സഹായം തേടി ഫോണില്‍ വിളിച്ചത്. അവരുടെ പ്രായം പോലും അന്വേഷിക്കാന്‍ നില്‍ക്കാതെയാണ് നഴ്‌സ് ചികിത്സ നിര്‍ദേശിച്ചതെന്ന് കമ്മിറ്റി വിലയിരുത്തി. ഹെല്‍പ്പ്‌ലൈനിലെത്തുന്ന കോളുകളുടെ ദൈര്‍ഘ്യം ശരാശരി പതിനഞ്ചുമുതല്‍ ഇരുപത് വരെയായിരിക്കണമെന്നിരിക്കെയാണ് ഈ കോളിന് വെറും നാല് മിനിട്ട് മാത്രമെടുത്തത്. 2007 ജൂണ്‍ 22ന് വെളുപ്പിനെയായിരുന്നു ബാഡ്ഡര്‍ലി ഈ രീതിയില്‍ ചികിത്സ നിര്‍ദ്ദേശിച്ചത്.
ഫോണില്‍ സംസാരിച്ച സ്ത്രീക്ക് ശരിയായ രീതിയില്‍ ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ശ്വാസമെടുക്കാന്‍ സാധിക്കുന്നില്ലെന്ന് രോഗി പറഞ്ഞപ്പോഴാണ് ബാഡ്ഡര്‍ലി ജനല്‍ തുറന്നിട്ട് പാരസെറ്റാമോള്‍ കഴിച്ചാല്‍ മതി എന്ന് നിര്‍ദേശിച്ചത്. രോഗിയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ബാഡ്ഡര്‍ലിക്കാണെന്ന് റോസ്‌ബൊറോയും സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
രോഗിയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബാഡ്ഡര്‍ലി തയ്യാറായിരുന്നെങ്കില്‍ അവര്‍ മരണപ്പെടില്ലായിരുന്നുവെന്ന് കൗണ്‍സിലും വിലയിരുത്തുന്നു.
ഏതെങ്കിലും ജീവനക്കാരോട് ഇത്തരം കോളുകള്‍ വേഗം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടോയെന്ന് കൗണ്‍സില്‍ അംഗം റൂത്ത് പൂള്‍ റോസ്‌ബെറോയോട് അന്വേഷിച്ചു. എന്നാല്‍ അത്തരം നിര്‍ദേശങ്ങളൊന്നും ഹെല്‍പ്പ്‌ലൈന്‍ ഡസ്‌കില്‍ ഇല്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം വിചാരണയ്ക്ക് ബാഡ്ഡര്‍ലി എത്തിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല