1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2012

പോള്‍ വെര്‍ഹോവന്‍

യേശു ദൈവപുത്രനല്ലന്നും ഒരു റോമന്‍ പട്ടാളക്കാരന്‍ കന്യാമറിയത്തെ മാനഭംഗപ്പെടുത്തിയത് വഴി ഉണ്ടായ പുത്രനാണന്നും വിശദീകരിച്ചുകൊണ്ട് പുതിയ സിനിമ വരുന്നു. ഹോളിവുഡ് ഡയറക്ടര്‍ പോള്‍ വെര്‍ഹോവനാണ് പുതിയ സിനിമയുടെ സംവിധായകന്‍. ഇതുവരെ സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയിട്ടില്ലെങ്കിലും കണ്‍സെപ്റ്റ് തന്നെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിക്ഷേധത്തിന് കാരണമായി കഴിഞ്ഞു. 2010ല്‍ പുറത്തിറങ്ങിയ വെര്‍ഹോവന്റെ തന്നെ ജീസസ് ഓഫ് നസ്രേത്ത് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങളെ സാധാരണമായി വിലയിരുത്തുന്നതാണ് പുസ്തകം. അക്കാഡമി അവാര്‍ഡ് ലഭിച്ച പള്‍പ്പ് ഫിക്ഷന്റെ സഹ തിരക്കഥാകൃത്ത് റോജര്‍ ആവറി പുസ്തകത്തില്‍ നിന്ന പ്രചോദനം ഉള്‍ക്കൊണ്ട് തിരക്കഥ എഴുതാനമെന്ന് സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ സംവിധായകന്‍ ക്രിസ്തുമതത്തിനെതിരായി നടത്തുന്ന നീക്കമാണിതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഹോളിവുഡ് ക്രിസ്തുമതത്തിന് എതിരല്ലന്നും എന്നാല്‍ സാവധാനം അവിടെ ഒരു ക്രിസ്തുവിരുദ്ധ വികാരം വളര്‍ന്നുവരുന്നുവെന്നത് ശ്രദ്ധിക്കാതിരിക്കാനാകില്ലെന്നും കള്‍ച്ചര്‍ ആന്‍ഡ് മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡാന്‍ ഗെയ്‌നര്‍ പറഞ്ഞു. ഇത് യാഥൃച്ഛികമായി സംഭവിച്ചതല്ല. ദശകങ്ങളായി ഹോളിവുഡ് ഹെഡോണിസ്റ്റുകള്‍ ക്രിസ്തീയവിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരായി നിരന്തരം ആശയപരമായ അക്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. അസാന്മാര്‍ഗ്ഗിക സംസ്‌കാരമുളള ഒരു മതമായി ഇതിനെ മുദ്രകുത്താനുളള സംഘടിതമായ ശ്രമമാണിതെന്ന് കരുതുവാന്‍ കാരണങ്ങളുണ്ടെന്നും ഗെയ്‌നര്‍ പറഞ്ഞു.

ഈമാസം ആദ്യമാണ് വെര്‍ഹോവന്റെ പുതിയ സിനിമയുടെ പ്രഖ്യാപനമുണ്ടായത്. എന്നാല്‍ തിരക്കഥയുടെ പൂര്‍ണ്ണരൂപമായിട്ടില്ലെന്നും കഥാപാത്രങ്ങളെ നിശ്ചയിച്ചിട്ടില്ലന്നും വെര്‍ഹോവന്റെ പ്രതിനിധി പ്രതികരിച്ചു. അതിനാല്‍ തന്നെ ഇത്തരം പ്രതികരണങ്ങള്‍ ബാലിശമാണന്നും അദ്ദേഹം അറിയിച്ചു. 2006 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ബുക്കാണ് വെര്‍ഹോവന്റെ അവസാനചിത്രം. എന്നാല്‍ യേശു എന്തിന് വേണ്ടി നിലകൊളളുന്നുവെന്നതിനെ താന്‍ മാനിക്കുന്നുവെന്ന് വെര്‍ഹോവന്‍ പറഞ്ഞു. ധാര്‍മ്മികതയുടെ കാര്യത്തില്‍ അദ്ദേഹം ലോകത്തിന് തന്നെ മാതൃകയായിരുന്നു. അദ്ദേഹം കാണിച്ച അത്ഭുതങ്ങളുടെ പേരിലല്ല, അതുവരെ ലോകം കൊണ്ടുനടന്നിരുന്ന കപട ധാര്‍മ്മികതകളെ ലംഘിച്ച് ലോകത്തിന് തന്നെ ധാര്‍മ്മികത പഠിപ്പിച്ചുകൊടുത്തയാളെന്ന രീതിയിലാണ് യേശുവിനെ താന്‍ ആരാധിക്കുന്നതെന്നും വെര്‍ഹോവന്‍ പറഞ്ഞു. ഒരു റോമന്‍ മേധാവിത്വ ലോകത്ത് ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച ആളെന്ന നിലയില്‍ യേശു അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ മനുഷ്യന്റെ സ്വഭാവത്തെ സംബന്ധിച്ചിടത്തോളം യേശുവിന്റെ നിലപാടുകള്‍ ഉട്ടോപ്യന്‍ ചിന്താഗതികളാണ്. ഒരു വ്യക്തിക്കെങ്ങനെയാണ് ശാന്തമായ മനസ്സുമായി തന്റെ ശത്രുവിന്റെ ഷൂ തുടച്ചുകൊടുക്കാന്‍ സാധിക്കുന്നത് – വെര്‍ഹോവന്‍ തന്റെ വെബ്ബ്‌സൈറ്റിലെഴുതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.