വീടാണ് നമ്മുടെ കൂട്. ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിക്കുന്നത് വീടുകളിലാണ്. അതും ആയുസ്സിലെ പ്രിയപ്പെട്ട സമയം. അതുകൊണ്ടുതന്നെ വീടും വീട്ടുശീലങ്ങളും ആരോഗ്യകരമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമുക്കുണ്ടാവുന്ന സാധാരണ രോഗങ്ങളില്‍ 65 ശതമാനവും ഭക്ഷണസംബന്ധിയായ അസുഖങ്ങളില്‍ പകുതിയും ലഭിക്കുന്നത് നമ്മുടെ വീടുകളില്‍ നിന്നു തന്നെയാണ്. അടുക്കള മുതല്‍ പിന്നാമ്പുറം വരെയുള്ള വീട്ടിടങ്ങളില്‍ നാം ദിനവും ചെയ്യുന്ന പ്രവൃത്തികള്‍ നമ്മുടെ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മള്‍ അതറിയുന്നില്ലെന്ന് മാത്രം. നമ്മെ രോഗിയാക്കി മാറ്റാവുന്നതും സാധാരണ വീടുകളില്‍ ചെയ്യുന്നതുമായ അഞ്ചു കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
01. വൃത്തിയാക്കാനാണ് സ്‌പോഞ്ച്
വീട്ടില്‍ ഏറ്റവുമധികം വൃത്തി വേണ്ടതും എന്നാല്‍ ഏറ്റവും കുറച്ച് മാത്രം വൃത്തിയുള്ളതുമായ ഇടമായിരിക്കും അടുക്കളകള്‍. മീനും മല്‍സ്യവുമൊക്കെ കൈകാര്യം ചെയ്യുന്ന അടുക്കള ഇ-കോളിയും സാല്‍മൊണല്ലയും പോലുള്ള ബാക്ടീരിയകളുടെയും പലജാതി വൈറസുകളുടെയും കൂടാകാതിരിക്കാന്‍ നിരന്തര ശ്രദ്ധ ആവശ്യമാണ്. അടുക്കളയില്‍ സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് പാത്രം കഴുകാനും ഡൈനിങ് ടേബിളും അടുക്കളത്തട്ടുമൊക്കെ വൃത്തിയാക്കാനും ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍. നേരത്തേ പറഞ്ഞതുപോലുള്ള പലജാതി ബാക്ടീരിയകളുടെയും അണുക്കളുടെയും പ്രധാന ആവാസസ്ഥലമാണ് ഈ സ്‌പോഞ്ചുകള്‍.
വൃത്തിയാക്കാനുദ്ദേശിച്ച് അവ കൊണ്ടു പാത്രങ്ങള്‍ കഴുകുമ്പോഴും മേശയും മറ്റും തുടയ്ക്കുമ്പോഴും കൂടുതല്‍ വൃത്തികേടാകുകയാണ്, അല്ലെങ്കില്‍ രോഗകാരികളായ സൂക്ഷ്മാണുക്കളെ പരത്തുകയാണ് ചെയ്യുന്നതെന്ന് ചുരുക്കം. ഉപയോഗിക്കുന്നതിനുമുമ്പും ശേഷവും ഇത്തരം സ്‌പോഞ്ചുകള്‍ ബ്ലീച്ചും വെള്ളവും ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിച്ചാല്‍ ഇത് ഒരു പരിധിവരെ ഒഴിവാക്കാനാവും. പാത്രവും മറ്റും കഴുകിയ ശേഷം ഡിഷ് വാഷ് ഇട്ടുവെച്ച പാത്രത്തിലെ വെള്ളത്തില്‍ തന്നെ സ്‌പോഞ്ച് ഇട്ടുവെക്കാതെ കഴുകി ഉണക്കി സൂക്ഷിക്കുകയും ചെയ്താല്‍ അണുക്കള്‍ നശിച്ചുപൊയ്‌ക്കൊള്ളും.
02. അടിച്ചുവാരുന്നതിനൊപ്പം തുടയ്ക്കുകയും വേണം
ചൂലോ വാക്വം ക്ലീനറോ ഉപയോഗിച്ചാണ് നാം സാധാരണ വീടിനകം വൃത്തിയാക്കുന്നത്. കടലാസും മണ്ണും പോലുള്ള കാണാന്‍ കഴിയുന്നത്ര വലിപ്പമുള്ള വസ്തുക്കള്‍ ഇവകൊണ്ട് നീക്കാനാവും. എന്നാല്‍ സൂക്ഷ്മമായ പൊടിയും മറ്റു വസ്തുക്കളും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. തറ വൃത്തിയായതായി തോന്നുമെങ്കിലും ഇവ അല്പസമയത്തിനകം വീണ്ടും തറയിലും ഭിത്തിയിലുമൊക്കെ അടിഞ്ഞുകൂടും. ഇത് അലര്‍ജിക്കും ആസ്ത്മയ്ക്കുമൊക്കെ ഇടയാക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഉയര്‍ന്ന ക്ഷമതയുള്ള ഫില്‍റ്ററുകള്‍ പിടിപ്പിച്ച വാക്വം ക്ലീനര്‍ ഉപയോഗിക്കുകയോ തറ നനച്ചുതുടയ്ക്കുന്നത് പതിവാക്കുകയോ ആണ് ഇത് മറികടക്കാനുള്ള പോംവഴി.
03. ടി.വി.ക്ക് പകരം നടത്തം
പലരുടെയും സമയം കൊല്ലാനുള്ള പ്രധാനമാര്‍ഗം ഇന്ന് ടി.വി.യാണ്. ടി.വി.ക്കു മുന്നിലിരിപ്പു മാത്രമല്ല ഒപ്പം കൊറിക്കലും. ചിപ്‌സുകള്‍ വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്ഡുകള്‍, ബിസ്‌കറ്റ്, അണ്ടിപ്പരിപ്പ് അങ്ങനെ പലതും കൊറിച്ചുകൊണ്ടാണ് മണിക്കൂറുകളോളമുള്ള ടി.വി.ക്കുമുന്നിലെ ഈ ഇരിപ്പ്. കൊഴുപ്പും കലോറിയും ധാരാളമുള്ള ഇത്തരം കൊറിക്കലുകള്‍ പൊണ്ണത്തടിയിലേക്കുള്ള വഴിയാണ്. പൊണ്ണത്തടിയോ ഹൃദയാഘാതം, പ്രമേഹം, അമിത കൊളസ്‌ട്രോള്‍, അമിത രക്തസമ്മര്‍ദം, കാന്‍സര്‍, സന്ധിവാതം തുടങ്ങി അനവധി രോഗങ്ങളിലേക്കുള്ള പെരുവഴിയും. ടി. വി. നിറ്റത്തി, ചിപ്‌സ് പാക്കറ്റുകള്‍ മാറ്റിവെച്ച് ദിനവും അല്പനേരം നടന്നുനോക്കൂ, അസ്വസ്ഥതകള്‍ അപ്രത്യക്ഷമാവുന്നത് കാണാം.
04. കനം കൂടിയ കിടക്കകള്‍ വേണ്ട
ശരാശരി ഒരാളുടെ ശരീരത്തില്‍ നിന്ന് ഓരോ മണിക്കൂറിലും 15 ലക്ഷം ചര്‍മകോശങ്ങള്‍ കൊഴിയുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഉറങ്ങുമ്പോള്‍ ബെഡ്ഡിലും തലയിണയിലുമാണിത് വീഴുന്നത്. ബെഡ്ഡും തലയണയും നന്നായി കവര്‍ ചെയ്തിട്ടില്ലെങ്കില്‍ ഇവ അതിലേക്കിറങ്ങും. ഇങ്ങനെ വീഴുന്ന മുടിനാരുകളും ശരീരസ്രവങ്ങളും പൊടിയും താരനും മൃതകോശങ്ങളും രാസവസ്തുക്കളും സൂക്ഷ്മജീവികളും ചത്തതും ചാകാത്തതുമായ കീടങ്ങളും അവയുടെ വിസര്‍ജ്യങ്ങളും ഒക്കെ നിറഞ്ഞ് പത്ത് വര്‍ഷം കഴിയുമ്പോള്‍ ഒരു ബെഡ്ഡിന് ഇരട്ടി ഭാരമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇവയെല്ലാമാണ് ഉറങ്ങുമ്പോള്‍ ശ്വസനത്തിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത്. അങ്ങനെയാണ് അലര്‍ജിയും ആസ്തമയും കൂടപ്പിറപ്പാവുന്നത്. സുതാര്യമായ നല്ല ഉറകള്‍ കിടക്കയെയും തലയണയെയും അണിയിച്ചാല്‍ ഇങ്ങനെ കിടക്കയ്ക്ക് ഭാരംകൂടുന്നതും നമുക്ക് രോഗംവരുന്നതും ഒഴിവാക്കാം. കിടക്കവിരിയും തലയണ ഉറയും ആഴ്ചയിലൊരിക്കല്‍ പുഴുങ്ങി ഉണക്കുകയും വേണം.
05. പാത്രങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുക
നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഇല്ലാത്ത അടുക്കളകള്‍ ഇന്ന് കുറവാണ്. അടുക്കള വിപണിയിലെ താരമായ അവ വീട്ടമ്മമാരുടെ ഉറ്റമിത്രവുമാണ്. അമിത കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളാണ് എണ്ണ ഒഴിവാക്കി പാചകം ചെയ്യാന്‍ സഹായിക്കുന്ന ഇത്തരം പാത്രങ്ങളെ ജനപ്രിയമാക്കിയത്. ഉണ്ടായകാലം മുതല്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ക്കെതിരെ ആരോഗ്യപ്രശ്‌നങ്ങള്‍ ആരോപണങ്ങളായി ഉയര്‍ന്നിട്ടുണ്ട്. എന്തൊക്കെ സുരക്ഷിതത്വം കമ്പനികള്‍ വാഗ്ദാനം ചെയ്താലും സൂക്ഷിച്ചില്ലെങ്കില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ പാരയാകും.
നോണ്‍സ്റ്റിക് കോട്ടിങ് പാത്രത്തില്‍ ഒട്ടിച്ചുചേര്‍ക്കാനുപയോഗിക്കുന്ന പി.എഫ്.ഒ.എ. രാസവസ്തുവിനെതിരെയായിരുന്നു ആദ്യ ആരോപണം. കാന്‍സറിന് കാരണമാവുന്ന ഇവയെക്കുറിച്ചുള്ള പരാതി ഇന്നും തീര്‍ന്നിട്ടില്ല. ഇവയ്ക്ക് പകരക്കാരനെത്തേടിക്കൊണ്ടിരിക്കുകയാണ് കമ്പനികള്‍. അമിതമായി ചൂടാക്കിയാല്‍ കോട്ടിങ്ങിന് നാശം സംഭവിക്കുമെന്ന് ഈയിടെ ടെഫ്ലോണ്‍ നിര്‍മാതാക്കളായ ഡ്യൂപോണ്ട് തന്നെ സമ്മതിക്കുകയുണ്ടായി. ഇതൊക്കെകൊണ്ടുതന്നെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ ആളില്ലാതെ അടുപ്പത്ത് വെച്ച് പോവരുത്.
ചൂട് അമിതമായി പാനില്‍ നിന്ന് വിഷവാതകങ്ങള്‍ ഉണ്ടാവാം. 450 ഡിഗ്രിയില്‍ കൂടുതല്‍ ഒരു കാരണവശാലും ചൂടാക്കരുത്. ലോഹചട്ടുകങ്ങളോ സ്പൂണുകളോ ഉപയോഗിക്കരുത്. ലോഹസ്‌ക്രാപ്പറുകളുപയോഗിച്ച് നോണ്‍സ്റ്റിക് പാനുകള്‍ ഒരിക്കലും കഴുകരുത്, ഒന്നിനുമുകളില്‍ ഒന്നായി നോണ്‍സ്റ്റിക് പാത്രങ്ങള്‍ അടുക്കിവെക്കുകയും ചെയ്യരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല