ഇരുപത്തിയൊന്നു വയസുകാരനായ ഇന്ത്യന്‍ വംശജനും ബ്രിട്ടനിലെ സിക്ക് ചാനല്‍ എക്സിക്യൂട്ടീവുമായ മുന്‍ കാമുകനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനു മുന്‍ കാമുകിക്കും സുഹൃത്തുക്കള്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. സിക്കുകാരനായ ഗഗന്‍ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. മുന്‍കാമുകിയും ഇന്ത്യന്‍ വംശജയുമായ മെഡിക്കല്‍ വിദ്യാര്‍ഥിനി മുന്‍ദില്‍ മഹിലി(20)നാണ് ഈ കൊലപാതകത്തില്‍ മുഖ്യ പ്രതിയായി പോലീസ് കണ്ടെത്തിയത്. കൂടാതെ മുന്‍ദില്‍ മഹിലിന്റെ കാമുകന് എന്ന് സ്വയം വിശേഷിപ്പിച്ച ഇലക്ട്രീഷ്യന് ട്രെയിനി ഹര്‍വിന്ദര്‍ രവി ഷോക്കര്‍(20) വാടകക്കൊലയാളി ഡാരന്‍ പീറ്റേര്‍സ്(20) എന്നിവരാണ് മഹിലിന്റെ ആസൂത്രണ പ്രകാരം കൊലപാതകം നടത്തിയതായി പോലീസ് കണ്ടെത്തിയത്.
ഗഗന്‍ദീപ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നായിരുന്നു മുന്‍ദിലിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം ചെവിക്കൊള്ളാന്‍ വിസമ്മതിച്ച കോടതി ആസൂത്രിതമായ കൊലപാതകത്തിനായി മുന്‍ദിലിനു ആറു വര്‍ഷം കഠിനതടവ് വിധിച്ചു. കൊല നടത്തിയതിന്റെ പേരില്‍ ഹര്വിന്ദറിനു 22 വര്‍ഷത്തെ തടവും വാടകക്കൊലയാളി ഡാരന്‍ പീറ്റേര്സിനു പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ വാസവും വിധിച്ചു. സസക്സ് മെഡിക്കല്‍ സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ മുന്‍ദില്‍ ഹാര്വിന്ദറെയും ഡാരനെയും ഗഗന്‍ദീപിനെ ഉപദ്രവിക്കുക എന്നുള്ള ഉദ്ദേശത്തോടെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
2010 ആഗസ്തിലാണ് ഗഗന്‍ദീപ് മഹിലിനെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതായി പറയുന്നത്. ഇതിനു പ്രതികാരമെന്നോണം ഗഗന്‍ദീപിനെ സമാധാന ചര്‍ച്ച എന്ന പേരില്‍ വിളിച്ചു വരുത്തുകയും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സുഹൃത്തുക്കളെ ഉപയോഗിച്ച് ഗഗന്‍ദീപിനെ അപായപ്പെടുത്തുകയായിരുന്നു. 2011ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ഗഗന്‍ദീപിനെ കൊലപ്പെടുത്തുവാനായി മുന്‍ദില്‍ ആദ്യം ഉദ്ദേശിച്ചിരുന്നില്ല എന്നാല്‍ കൊലപാതകികളുടെ ചെയ്തികള്‍ക്ക് മുന്‍ദിലിന്റെ മൌനസമ്മതം ഉണ്ടായിരുന്നു. പരിശുദ്ധമായ ഒരു പ്രൊഫഷന് കൈകാര്യം ചെയ്യുന്ന മുന്‍ദില്‍ യാതൊരു ദയയും ഗഗനോട് കാട്ടിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല