1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2012

ലണ്ടന്‍ : ഷഫീല അഹമ്മദിന്റെ വധം ബ്രിട്ടനില്‍ നടക്കുന്ന ദുരഭിമാനകൊല എന്ന മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണന്ന് മുതിര്‍ന്ന അഭിഭാഷകന്‍. കണക്കുകള്‍ അനുസരിച്ച് എട്ടു മുതല്‍ പത്ത് വരെ പെണ്‍കുട്ടികളാണ് ഒരു വര്‍ഷം കുടുംബത്തിന്റെ അടിമകളായി കഴിയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനെക്കാളൊക്കെ വലുതാണന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിലെ അഭിഭാഷകനായ നാസര്‍ അഫ്‌സല്‍ പറയുന്നത്. എത്ര കുട്ടികള്‍ കുടുംബത്തിന്റെ തടവില്‍ കഴിയുന്നുണ്ടെന്നോ എത്ര പേര്‍ രാജ്യത്ത് തങ്ങളുടെ കുടുംബത്തിന്റെ കൈയ്യാല്‍ മരിക്കുന്നുണ്ടെന്നതോ സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ ആരുടെ പക്കലും ഇല്ല.

നിരവധി കുട്ടികളെ വിദേശത്തേക്ക് കടത്തികൊണ്ടുപോവുകയും കൊന്നുകളയുകയും ചെയ്യുന്നുണ്ട്. വിദേശത്തേക്ക് പോകുന്ന കുട്ടികള്‍ തിരിച്ച് വരാറേയില്ല. കുട്ടികളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കുമ്പോള്‍ ശരിക്കും അവരെ കാണാതാകുന്നതാണോ എന്ന് അന്വേഷിക്കാത്തതാണ് ഇതിനൊക്കെ പ്രധാനകാരണമെന്നും നാസര്‍ അഫ്‌സല്‍ കുറ്റപ്പെടുത്തുന്നു. ഷഫീലയുടെ കൊലപാതകത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് 25 വര്‍ഷം തടവ് വിധിച്ച കോടതിവിധിയെ കുറിച്ച് സംസാരിക്കവേയാണ് ബ്രിട്ടനില്‍ നടക്കുന്ന ദുരഭിമാന കൊലകളെകുറിച്ച് നാസര്‍ അഫ്‌സല്‍ മുന്നറിയിപ്പ് നല്‍കിയത്.

പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നു എന്നാരോപിച്ചാണ് പതിനേഴുകാരിയായ ഷഫീലയെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. യുകെയില്‍ ഓരോ വര്‍ഷവും 8000ത്തിലധികം നിര്‍ബന്ധിത വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിലോരോ കേസും സൂചിപ്പിക്കുന്നത് അവര്‍ വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ഇതിലും മോശമായതെന്തോ സംഭവിക്കുമെന്നാണ് – അഫ്‌സല്‍ ചൂണ്ടിക്കാട്ടി. വിവാഹത്തിന് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നത് സംബന്ധിച്ച് അദ്ധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് ആന്റി ഫോഴ്‌സ്ഡ് മാര്യേജ് ചാരിറ്റി ഫ്രീഡത്തിന്റെ സ്ഥാപക ആനീറ്റ പ്രേം മുന്നറിയിപ്പ് നല്‍കി. അന്‍പതിലധികം സ്‌കൂളുകളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഓരോ സന്ദര്‍ശനത്തിലും ചുരുങ്ങിയത് ഒരു കുട്ടിയെങ്കിലും താനോ അല്ലെങ്കില്‍ അടുത്ത സുഹൃത്തോ നിര്‍ബന്ധിത വിവാഹത്തിന് വഴങ്ങേണ്ടി വരുമോ എന്ന ഭയം പങ്കുവെയ്ക്കാറുണ്ടെന്നും അനീറ്റ ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത വിവാഹത്തിന് സമ്മതിക്കാത്തത് മൂലം മാതാപിതാക്കളുടെ ക്രൂരത ഏറ്റു വാങ്ങേണ്ടിവന്ന ഒരു ഇരയാണ് ഷഫീലയെന്നും അനീറ്റ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.