1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്എസ്ബിസി പുതിയ മോര്‍ട്ട്ഗേജ് പലിശ നിരക്ക് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇടപാടുകാര്‍ക്ക് ബ്രിട്ടനിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 2.99 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും. എന്നാല്‍ വായ്പ ലഭിക്കുന്നയാള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ നാല്പത് ശതമാനം തുകയെങ്കിലും ഡെപ്പോസിറ്റ് മുടക്കണം . അഞ്ചുവര്‍ഷത്തെ സ്ഥിരനിരക്കായിട്ടാണ് ഈ പലിശനിരക്ക് ഈടാക്കുന്നത്. നിലവില്‍ മറ്റ് ബാങ്കുകള്‍ അഞ്ച് വര്‍ഷത്തേക്ക് ശരാശരി 4.36 ശതമാനമാണ് ഈടാക്കുന്നത്. നിലവിലുളള വായ്പാപദ്ധതികളില്‍ ഏറ്റവും പലിശ കുറഞ്ഞ പദ്ധതിയാണ് ഇതെന്ന് എച്ച്എസ്ബിസിയുടെ വായ്പാ വിഭാഗം തലവന്‍ പീറ്റര്‍ ഡോക്കര്‍ അറിയിച്ചു.

ഭവനവായ്പ എടുത്ത് വന്‍ തുക പലിശയായി നല്‍കികൊണ്ടിരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയാണ് എച്ച്എസ്ബിസിയുടേത്. എന്നാല്‍ പ്രോപ്പര്‍ട്ടി വിലയുടെ നാല്പത് ശതമാനമോ അതില്‍ കൂടുതലോ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമേ വായ്പ അനുവദിക്കുകയുളളുവെന്നാണ് ബാങ്ക് തീരുമാനം. അതായത് 162,000 പൗണ്ടിന്റെ ഒരു ഭവന വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ചുരുങ്ങിയത് 64,800 പൗണ്ടിന്റെ സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് വേണം. ഒപ്പം വായ്പക്ക് അപേക്ഷിക്കാനായി 1,499 പൗണ്ടിന്റെ ബുക്കിംഗ് ഫീസും നല്‍കണം.

പുതിയ വായ്പാ പദ്ധതി വളരെ വ്യത്യസ്ഥമാണന്നും എന്നാല്‍ അത് ഭൂരിപക്ഷം ആളുകള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കാത്തതാണന്നും ലണ്ടനിലെ മോര്‍ട്ട്ഗേജ് ഉപദേശകന്‍ ഡേവിഡ് ഹോളിങ്ങ്‌വര്‍ത്ത് അറിയിച്ചു. ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് ഈ വായ്പക്ക് അപേക്ഷിക്കാനാകില്ല. കാരണം ഇത്രയും ഉയര്‍ന്നൊരു തുക ഡെപ്പോസിറ്റായി നല്‍കാന്‍ അവര്‍ക്ക് ആകില്ലന്നതു തന്നെ കാരണം. നിലവില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 20 ശതമാനം ഡെപ്പോസിറ്റും ഒരു വീട് വിറ്റശേഷം മറ്റൊരു വീട് വാങ്ങുന്നവര്‍ക്ക് 30 ശതമാനവുമാണ് ഡെപ്പോസിറ്റായി നല്‍കേണ്ടത്. ചെറിയ ഡെപ്പോസിറ്റുകള്‍ നല്‍കുന്നവരില്‍ നിന്ന് ബാങ്കുകള്‍ ഉയര്‍ന്ന പലിശനിരക്കാണ് ഈടാക്കുന്നത്. റിസ്്ക് ഉയര്‍ന്നതാണന്നതാണ് ഇതിന് പറയുന്ന കാരണം.

എച്ച്എസ്ബിസിയില്‍ തന്നെ മുപ്പത് ശതമാനം ഡെപ്പോസിറ്റ് നല്‍കി അഞ്ച് വര്‍ഷത്തെ മോര്‍ട്ട്ഗേജ് എടുത്താല്‍ പലിശനിരക്ക് 3.99 ശതമാനമാണ്. അതായത് 150,000 പൗണ്ട് അഞ്ചുവര്‍ഷത്തേക്ക് വായ്പ എടുക്കുന്ന ഒരാള്‍ക്ക് 2.99 ശതമാനം പലിശനിരക്കില്‍ മാസം തിരിച്ചടക്കേണ്ടി വരുന്നത് 711 പൗണ്ടാണ്. എന്നാല്‍ 3.99 ശതമാനം പലിശനിരക്കില്‍ എണ്‍പത് പൗണ്ട് അധികം മാസംതോറും തിരിച്ചടക്കേണ്ടി വരും. 10,000 പൗണ്ട് മുതല്‍ 500,000 പൗണ്ട് വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ എടുക്കാവുന്നതാണ്. ബാങ്കില്‍ നിന്ന് നേരിട്ട് മാത്രമേ ഈ വായ്പ ലഭിക്കുകയുളളു. വായ്പാ ബ്രോക്കര്‍മാര്‍ വഴി ഇത്രയും കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കില്ലന്നും ബാങ്ക് അറിയിച്ചു. സ്ഥിരനിരക്കിലുളള വായ്പകള്‍ക്ക് ആവശ്യക്കാരേറെയാണ്. തങ്ങളുടെ മാസമുളള തിരിച്ചടവിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് വ്യക്തമായി അറിയാവുന്നതാണ് കാരണം. മറ്റ് ബാങ്കുകളും സമാനമായ പദ്ധതികളുമായി രംഗത്ത് വരുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.